പരിമിതികളില്‍ വീര്‍പ്പ് മുട്ടി മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍

Posted on: December 5, 2014 9:15 am | Last updated: December 5, 2014 at 9:15 am

മഞ്ചേരി: വിദ്യാര്‍ഥികളുടെ ആധിക്യം മൂലം മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ വീര്‍പ്പുമുട്ടുന്നു. മതിയായ അധ്യാപകരും ഡിവിഷനുകളും ഇല്ലാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. മിക്ക ക്ലാസുകളിലും എഴുപതിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. എട്ട് ഇ ഡിവിഷനില്‍ 31 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 92 വിദ്യാര്‍ഥികള്‍ തിങ്ങി ഞെരുങ്ങിയാണ് അധ്യയനം നടത്തുന്നത്. അധ്യാപകര്‍ക്ക് ഇത്രയും കുട്ടികള്‍ കേള്‍ക്കത്തക്ക വിധത്തില്‍ ക്ലാസെടുക്കാനാവുന്നില്ല.
ഇക്കാരണത്താല്‍ ഉച്ചഭാഷിണി ഉപയോഗിച്ചാണ് മിക്ക ക്ലാസുകളിലും പഠിപ്പിക്കുന്നത്. അഞ്ച് ഡിവിഷനുകളുള്ള പത്താം ക്ലാസില്‍ 342, അഞ്ച് ഡിവിഷനുകളുള്ള ഒമ്പതില്‍ 430, ആറു ഡിവിഷനുകളുള്ള എട്ടില്‍ 463 വിദ്യാര്‍ഥികളാണുള്ളത്. അധ്യയനം ദുഷ്‌കരമായപ്പോള്‍ പി ടി എ സ്വന്തം നിലയ്ക്ക് നാലു ഡിവിഷനുകള്‍ ആരംഭിക്കുകയും അധ്യാപകരെ നിയമിക്കുകയും ചെയ്തതിന് ശേഷമാണ് ഈ അവസ്ഥ എന്നതും ശ്രദ്ധേയമാണ്. പ്രതിമാസം 35000 രൂപയാണ് പി ടി എ ഇതിനായി ചെലവഴിക്കുന്നത്.
പി ടി എ ഫണ്ട് തീര്‍ന്നതോടെ വിദ്യാര്‍ഥികളില്‍ നിന്നും പിരിവെടുക്കേണ്ട സ്ഥിതിയിലാണ്. 2010 മുതലാണ് ഈ വിദ്യാലയത്തിലേക്ക് കുട്ടികളുടെ ഒഴുക്ക് തുടങ്ങിയത്. വിദ്യാഭ്യാസ നിലവാരത്തില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് കുട്ടികളും രക്ഷിതാക്കളും ഈ സ്‌കൂള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ ആരംഭത്തോടെ കുട്ടികള്‍ വീണ്ടും വര്‍ധിച്ചു. സ്റ്റുഡന്റ് പോലീസ് കാഡറ്റ്, എന്‍ സി സി എന്നിവയിലും സ്‌കൂള്‍ മികവു കാണിച്ചു.
ഇക്കഴിഞ്ഞ ശാസ്ത്രമേളയില്‍ 24 പോയിന്റ് നേടി ഹൈസ്‌കൂള്‍ വിഭാത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. അധ്യാപകനായ മനേഷിന്റെ നേതൃത്വത്തില്‍ ഗവേഷണാത്മക പ്രോജക്ട്, സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍ എന്നിവയിലുണ്ടായ മികവാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞമാസം 22 മുതല്‍ 28 വരെ മഹാരാഷ്ട്ര നാസിക്കില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ഗേള്‍സ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച മാളവിക ഈ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
കുട്ടികളുടെ വര്‍ധനവ് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നിരന്തരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈമാസം രണ്ടിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉന്നത തല അന്വേഷണം നടത്തിയിരുന്നു. ജില്ലയില്‍ 88 സ്‌കൂളുകളില്‍ ഡിവിഷന്‍ പരിമിതിയുണ്ട്. ഇവയുടെ മൊത്തം സര്‍വേ നടത്തിയതിന് ശേഷം മാത്രമേ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാവൂ എന്നതിനാല്‍ ഈ വിദ്യാലയത്തിന്റെ പ്രശ്‌ന പരിഹാരം ഇനിയും നീളാനാണ് സാധ്യത.