Connect with us

Kerala

കൂടുതലിഷ്ടം എ കെ ജിയോട്; നെഹ്‌റുവും ഇഷ്ടപ്രിയന്‍ '

Published

|

Last Updated

തലശ്ശേരി: കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ എ കെ ജിയോടായിരുന്നു കൃഷ്ണയ്യര്‍ക്ക് ഏറെ ആത്മബന്ധം. ഇത്ര തലയെടുപ്പുള്ള നേതാവിനെ കണ്ടിട്ടില്ലെന്ന് തലശ്ശേരിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ അദ്ദേഹം ആത്മഗതം പോലെ പറയുമായിരുന്നു. ഒപ്പത്തിനൊപ്പം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇഷ്ടപ്പെട്ട ന്യായാധിപന്റെ ഓര്‍മക്കുറിപ്പില്‍ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ മറക്കാന്‍ കഴിയില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റുവിന് എഴുത്തയച്ചപ്പോഴെല്ലാം ഒട്ടും താമസിയാതെ മറുപടിയും കിട്ടി. പക്ഷേ, അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ അവരുടെ താത്പര്യത്തിനൊത്ത് വിധിയെഴുതാന്‍ സുപ്രീം കോടതി ജഡ്ജിയായ കൃഷ്ണയ്യര്‍ കൂട്ടാക്കിയില്ല. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ സൃഷ്ടിക്കപ്പെട്ടതിന് കാരണവും ആ വിധിയായി. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ ന്യായാധിപനായിരുന്ന കൃഷ്ണയ്യരെ 1948ല്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അന്നത്തെ മദ്രാസ് പോലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചിട്ടുണ്ട്. അന്നദ്ദേഹം തലശ്ശേരിയില്‍ അഭിഭാഷകനായിരുന്നു. കോടതി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നായിരുന്നു കുറ്റം. പോസ്റ്റല്‍ തൊഴിലാളികളുടെ സമരം സംബന്ധിച്ചുള്ള കേസിന്റെ വിചാരണക്കിടയിലായിരുന്നു ആരോപണം. ഐ സി എസുകാരനായ സായിപ്പായിരുന്നു അന്ന് തലശ്ശേരി ജില്ലാ കോടതിയിലെ ജഡ്ജി. തന്റെ കോടതി ഉദ്യോഗസ്ഥനെക്കാള്‍ കൂടുതല്‍ ശമ്പളം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് കിട്ടുന്നു. പിന്നെ എന്തിനാണ് അവര്‍ സമരം ചെയ്യുന്നതെന്ന് ജഡ്ജി കൃഷ്ണയ്യരോട് ചോദിച്ചു. എന്നാല്‍ കോടതി ഉദ്യോഗസ്ഥര്‍ സമരം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന കൃഷ്ണയ്യരുടെ മറുപടി വെള്ളക്കാരനായ ജഡ്ജിയെ പ്രകോപിപ്പിച്ചു. ഇതാണ് കൃഷ്ണയ്യരെ കരുതല്‍ തടങ്കലില്‍ കണ്ണൂര്‍ ജയിലിലെത്തിച്ചത്. ഈ ജയില്‍ വാസം പിന്നീട് തടവുപുള്ളികള്‍ക്ക് അനുഗ്രഹമായെന്ന് മറ്റൊരു വിധിവൈപരീത്യം. തടവുകാരനും മനുഷ്യനാണ്. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചേ തീരൂവെന്ന ദൃഢനിശ്ചയം കൃഷ്ണയ്യരില്‍ രൂപപ്പെട്ടത് അന്നാളിലെ ഒരു മാസത്തെ ജയില്‍വാസമായിരുന്നു. ഇ എം എസ് മന്ത്രിസഭയില്‍ ആഭ്യന്തര-നിയമ മന്ത്രിയായ ശേഷം തടവുകാര്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവും ജയിലില്‍ വായനശാലയും കൃഷ്ണയ്യര്‍ ഏര്‍പ്പെടുത്തി. പരോള്‍ വ്യവസ്ഥ ഉദാരമാക്കി. ജീവപര്യന്തം തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി. എന്നാല്‍ ജനകീയ ന്യായാധിപനെ പിന്നീടൊരിക്കല്‍ തലശ്ശേരിക്കാര്‍ കൈവിട്ടതും ഇന്നലെകളിലെ ലിഖിത ചരിത്രം. ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ച് ജയിച്ച കൃഷ്ണയ്യര്‍ 1965ല്‍ വീണ്ടും തലശ്ശേരിയില്‍ മത്സരിച്ചപ്പോള്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സി പി എമ്മിലെ പാട്യം ഗോപാലന്‍ ജയിലില്‍ കിടന്നാണ് അന്ന് കൃഷ്ണയ്യര്‍ക്കെതിരെ മത്സരിച്ച് ജയിച്ചത്. ഇതില്‍ പിന്നീട് പൊതു തിരഞ്ഞെടുപ്പില്‍ കൃഷ്ണയ്യര്‍ മത്സരിച്ചില്ല.