Connect with us

Kannur

തലശ്ശേരിയുടെ അഭിമാനം, പാവങ്ങളുടെ സ്വന്തം വക്കീല്‍

Published

|

Last Updated

കണ്ണൂര്‍: കേസ് വാദിക്കാന്‍ പണം കൊടുത്ത് വക്കീലിനെ നിയമിക്കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് നിയമ സഹായം നല്‍കാന്‍ രാപകല്‍ പണിയെടുത്ത ജനകീയ നിയമജ്ഞനെയാണ് കൃഷ്ണയ്യരുടെ വിയോഗത്തോടെ നഷ്ടമായത്. സ്വാതന്ത്ര്യസമര കാലത്ത് മലബാറിലെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ കേസുകളേറ്റെടുത്ത് യഥാര്‍ഥ സോഷ്യലിസ്റ്റായി മാറിയ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഓര്‍മകള്‍ ഇന്നും മലബാറിന് ആവേശമാണ്.
1948ല്‍ കമ്മ്യൂണിസ്റ്റുകാരെയും കര്‍ഷകത്തൊഴിലാളികളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ടപ്പോള്‍ കേസേറ്റെടുക്കാന്‍ കൃഷ്ണയ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് കൃഷ്ണയ്യര്‍ക്ക് ഏറെ വില കൊടുക്കേണ്ടിയും വന്നു. തൊഴിലാളി പക്ഷത്തുള്ള കൃഷ്ണയ്യരോടുള്ള പക മൂത്ത അധികാരികള്‍ കൃഷ്ണയ്യരെ ജയിലിലടക്കാന്‍ പോലും തയ്യാറായി. 1948ല്‍ രണ്ട് മാസക്കാലം തലശ്ശേരി ലോക്കപ്പിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിയേണ്ടിവന്നതിന്റെ വെളിച്ചത്തിലാണ് കൃഷ്ണയ്യര്‍ പിന്നീട് ജയില്‍ ചട്ടം മാറ്റിയെഴുതിയത്. 1957ല്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ ജയില്‍ അനുഭവം കൃഷ്ണയ്യര്‍ക്ക് മറക്കാനാകാത്തതായിരുന്നു. തടവുകാരും മനുഷ്യരാണ്. അവരുടെ അവകാശങ്ങളും സംരക്ഷിച്ചേ തീരൂ എന്ന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കൃഷ്ണയ്യര്‍ ഉത്തരവിട്ടു. തടവുകാരന് നല്ല വസ്ത്രം, നല്ല ഭക്ഷണം, ജയിലില്‍ വായനശാല. പരോള്‍ വ്യവസ്ഥ ഉദാരമാക്കി. ജീവപര്യന്തം തടവുകാര്‍ക്ക് ജയില്‍ ശിക്ഷയില്‍ ഇളവ് നല്‍കി. പിന്നീട് ജയില്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായപ്പോഴും സുപ്രീം കോടതി ജഡ്ജിയായപ്പോഴും തടവറയിലെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം വാദിച്ചു. ജയിലില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്നത് ഇല്ലാതാക്കാനുള്ള നിയമങ്ങളും അദ്ദേഹം കൊണ്ടുവന്നതാണ്. ജയില്‍ ഭരണത്തില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്താനും ജലവിഭവ സാധ്യതകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനും ദരിദ്ര കൃഷിക്കാര്‍ക്കും ഗ്രാമീണ കുടില്‍ തൊഴിലുകാര്‍ക്കും സഹായങ്ങള്‍ എത്തിക്കാനും ശിക്ഷിക്കുന്ന സ്ത്രീകളും കുട്ടികളും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതിരിക്കത്തക്കവണ്ണം പരിശീലനവും സുരക്ഷിതത്വവും നല്‍കി പുനരധിവസിപ്പിക്കാനും കൃഷ്ണയ്യര്‍ ജയില്‍ ചട്ടം തന്നെ പൊളിച്ചെഴുതി.
വക്കീലെന്ന നിലയിലുണ്ടായിരുന്ന സമ്പാദ്യത്തില്‍നിന്ന് ആവശ്യം പോലെ തുകയെടുത്തു ചെലവാക്കിയാണ് മന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരം വാസക്കാലത്തെ ബാധ്യതകള്‍ നിറവേറ്റിയിരുന്നത്. നീതിന്യായ ഭരണത്തില്‍ വികേന്ദ്രീകരണം കൊണ്ടുവന്നതും അതില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്ന സംവിധാനം ആദ്യമായി ഉണ്ടാക്കിയതും അദ്ദേഹമാണ്. ജീവിതത്തിലുടനീളം പാവപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് നിയമസഹായമെത്തിക്കാന്‍ വ്യവസ്ഥകളുണ്ടാക്കാന്‍ ശ്രമിച്ച കൃഷ്ണയ്യരെ പഴയ തലമുറ ഇപ്പോഴും തങ്ങളുടെ രക്ഷകനായാണ് കാണുന്നത്. മദിരാശി നിയമസഭാംഗമായിരിക്കേ അദ്ദേഹം മര്യാദ പാട്ടം സംബന്ധിച്ച് കൊണ്ടുവന്ന ബില്‍ പാസായത് അപ്രതീക്ഷിത സംഭവമായിരുന്നു. അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച “മലബാര്‍ കാര്‍ഷിക ബന്ധ ബില്‍” പിന്നീട് രൂപം കൊണ്ട കേരള കാര്‍ഷിക ബന്ധ ബില്ലിെന്റ മുന്നോടിയായിരുന്നു.

Latest