Connect with us

Kerala

ചട്ടം വഴി രക്ഷപ്പെട്ടവരുടെ ഇന്റര്‍ ചെയിഞ്ചബ്ള്‍ പ്രതിസന്ധി

Published

|

Last Updated

തിരുവനന്തപുരം: സഭാചട്ടങ്ങളും ഡെപ്യൂട്ടി സ്പീക്കറും രക്ഷിച്ചില്ലായിരുന്നെങ്കില്‍ കെ എം മാണിയുടെ നികുതി നിര്‍ദേശങ്ങള്‍ ഇന്നലെ നക്ഷത്രമെണ്ണുമായിരുന്നു.
ഭരണപക്ഷത്തെ നാല് പേര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ താഴെ പോകുമെന്ന് വി എസ് അച്യുതാനന്ദന്‍ പണ്ടെ പറഞ്ഞതാണ്. ആര്‍ എസ് പിക്കാരും ആര്‍ ഷെല്‍വരാജും കാലുമാറിയെത്തിയതോടെ ഈ ഭീഷണി നീങ്ങിയെന്ന ആശ്വസത്തിലായിരുന്നു സര്‍ക്കാര്‍. ഈ ആശ്വാസം വെറും വിശ്വാസം മാത്രമാകുന്നതായിരുന്നു ഇന്നലത്തെ സംഭവങ്ങള്‍. എല്ലാപാര്‍ട്ടിക്കും സഭയില്‍ വിപ്പുണ്ട്. ഇതിന് പുറമെ ക്യാബിനറ്റ് റാങ്ക് കൊണ്ട് നെറ്റിപട്ടം കെട്ടിയ ചീഫ് വിപ്പുമുണ്ട്. പക്ഷെ, വോട്ടിംഗ് വന്നാല്‍ ആളെയൊപ്പിക്കാന്‍ പരക്കം പായണമെന്ന് മാത്രം.
മുദ്രപത്ര ആക്ട് മുതല്‍ ടോള്‍ ആക്ട് ഭേദഗതി വരെ ഏഴ് ഓര്‍ഡിനന്‍സുകള്‍ ചേര്‍ത്തുവെച്ച് കെ എം മാണി ഒരു ബില്ലുണ്ടാക്കിയതായിരുന്നു തര്‍ക്ക വിഷയം. ശക്തര്‍ ആന്‍ഡ് കൗള്‍ മുതല്‍ റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ വരെ സര്‍വ രേഖകളും പലതവട്ടം വായിച്ച പ്രതിപക്ഷത്തിന് ഇത് ഭരണഘടനാവിരുദ്ധം. മാത്യു ടി തോമസ്, കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ വമ്പന്‍മാര്‍ തന്നെ ചട്ടവും റൂളും മുറുക്കി.
ബജറ്റിലല്ലാതെ നികുതി കൂട്ടുന്നത് നിയമവിരുദ്ധമാണെന്ന നിലപാടില്ലെങ്കിലും മാത്യു ടി യുടെ കണ്ണില്‍ ഇത് അധാര്‍മികമാണ്. ഏഴ് ഓര്‍ഡിനന്‍സുകള്‍ ഒരു ബില്ലാക്കുന്നതാകട്ടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 202ന് കടകവിരുദ്ധവും. ബജറ്റിനൊപ്പം നല്‍കുന്ന കണക്ക് പുസ്തകത്തിലെ അക്കങ്ങളെല്ലാം മാറിയതിനാല്‍ പുതുക്കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് മേശപ്പുറത്ത് വെക്കണമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിരാകരണം. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് രേഖാമൂലം മറുപടി നല്‍കിയ മാണി തന്നെ, നികുതി ബില്ലില്‍ പ്രതിസന്ധി സമ്മതിക്കുന്നതാണ് എ കെ ബാലന്‍ നിരാകരണത്തിന് അടിസ്ഥാനമാക്കിയത്.
എന്നാല്‍, തത്വചിന്തയില്‍ തനിക്കുള്ള അവഗാഹം ഉപയോഗപ്പെടുത്തി നിരാകരണത്തെയെല്ലാം മാണി നേരിട്ടു. ചിന്തകനായ ലാസ്‌കി സോഷ്യലിസത്തെക്കുറിച്ച് പറഞ്ഞത് തലക്ക് അനുസരിച്ച് മാറ്റാവുന്ന തൊപ്പിയെന്നാണ്. അത് പോലെ സാമ്പത്തിക പ്രതിസന്ധിയും ഇന്റര്‍ ചെയിന്‍ജബിള്‍ ആണ്. പ്രതിസന്ധിയില്ല, ബുദ്ധിമുട്ടുണ്ട്. ഓര്‍ഡിനന്‍സ് വന്നതോടെ ഈ ബുദ്ധിമുട്ടെല്ലാം മാറുകയും ചെയ്തു.
സംയോജിപ്പിക്കാവുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓര്‍ഡിനന്‍സുകള്‍ ഏകീകരിക്കാമെന്ന് കെ ശിവദാസന്‍ നായര്‍ വായിച്ച ശക്തര്‍ ആന്‍ഡ് കൗളിലുണ്ട്. എന്നാല്‍, ഒരേ വകുപ്പുകളിലെ ഈ ഏകീകരണം പറ്റൂവെന്നാണ് എസ് ശര്‍മ്മ പഠിച്ച ചട്ടം. തോന്നിയപോലെ ബില്ലുണ്ടാക്കാന്‍ ഇത് വെള്ളരിക്കാപട്ടണമല്ലെന്ന് കോടിയേരി ബാലകൃഷ്ണനും നിലപാടെടുത്തതോടെ രംഗം കൊഴുത്തു. പാര്‍ലമെന്റിലെ കീഴ്‌വഴക്കവും നിയമസഭാ നടപടിക്രമവും ശക്തര്‍ ആന്റ് കൗളും ചേര്‍ത്ത് വെച്ചപ്പോള്‍ ബില്‍ അവതരിപ്പിക്കാമെന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ബോധ്യപ്പെട്ടത്. ഇതിനനുസരിച്ച് റൂളിംഗും നല്‍കി. ട്രഷറി ബെഞ്ചുകളിലെ എണ്ണക്കുറവ് ബോധ്യപ്പെട്ട പ്രതിപക്ഷം അവസരത്തിനൊത്ത് ഉയര്‍ന്ന് പോള്‍ ചോദിച്ചു. റൂളിംഗ് ചോദ്യം ചെയ്ത് പോള്‍ ചോദിക്കുന്നത് തന്നെ ചട്ടവിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കറും. അപകടം മണത്ത ഭരണപക്ഷ വിപ്പുമാര്‍ പരക്കം പാഞ്ഞു.
മന്ത്രിമാരായ അബ്ദുര്‍റബും ആര്യാടന്‍ മുഹമ്മദും എവിടെ നിന്നോ കിതച്ചെത്തി. ആളെണ്ണം തികഞ്ഞില്ലെന്ന് ബോധ്യമുണ്ടായിരുന്ന പ്രതിപക്ഷമാകട്ടെ, പോള്‍ ചോദിച്ച് നടുത്തളത്തില്‍ നിന്നു. പുറത്തായിരുന്ന വി പി സജീന്ദ്രനും പി ബി അബ്ദുര്‍റസാഖും ടി എ അഹ്മദ് കബീറും കെ മുരളീധരനും എ പി അബ്ദുല്ലക്കുട്ടിയും സി എഫ് തോമസും വിവരമറിഞ്ഞ് ഓടിയെത്തി. ഡെപ്യൂട്ടി സ്പീക്കര്‍ വഴങ്ങില്ലെന്ന് കണ്ട് പ്രതിപക്ഷം ഇറങ്ങി പോയതാണ് ഭരണപക്ഷത്ത് ശ്വാസം വീണത്. അപ്പോഴും പുറത്തായിരുന്ന എം എല്‍ എമാര്‍ കിതച്ചെത്തി കൊണ്ടിരുന്നു.
നിരാകരണ കടമ്പ കടന്നെങ്കിലും നികുതി നിര്‍ദേശങ്ങളെ കണക്കിന് ശകാരിച്ചാണ് പ്രതിപക്ഷം പകരം വീട്ടിയത്. തോമസ് ഐസക്കില്‍ ധനതത്വശാസ്ത്രം പഠിക്കാന്‍ പലരും ശിപാര്‍ശ ചെയ്തു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ട്രഷറി എന്നേ പൂട്ടുമായിരുന്നെന്ന് മാണി തിരിച്ചടിച്ചു. തേന്‍ നുകരണം, ഇതളറിയരുത്-എന്ന മട്ടിലാണ് നികുതി പിരിക്കേണ്ടതെന്ന് എം ഹംസ നിര്‍ദേശിച്ചു.
മദ്യമില്ലാതെ എന്ത് നിയമസഭയെന്നാകും പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തെ ചരിത്രമെഴുത്തുകാര്‍ വിശേഷിപ്പിക്കുക. അടിയന്തരപ്രമേയം, സബ്മിഷന്‍ തുടങ്ങിയ വഴികളടഞ്ഞ മദ്യവും കോഴയും ക്രമപ്രശ്‌നത്തിലൂടെയാണ് ഇന്നലെ സഭയിലെത്തിയത്. മദ്യനയത്തിലെ മനസ്സുമാറ്റം ബാര്‍ മുതലാളിമാരുമായുള്ള ഒത്തുതീര്‍പ്പായി വ്യാഖ്യാനിച്ചാണ് വി എസ് അച്യുതാനന്ദന്‍ ക്രമപ്രശ്‌നമുന്നയിച്ചത്. പ്രായോഗികതയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയ ഉമ്മന്‍ചാണ്ടി ഇതില്‍ ക്രമവും പ്രശ്‌നവും കണ്ടില്ല. ഞങ്ങളുടെ നയം, ഞങ്ങളില്‍ ചര്‍ച്ച ചെയ്ത്, ഞങ്ങള്‍ മാറ്റും, അടിസ്ഥാന നയം അത് പോലെ ഇരിക്കുകയും ചെയ്യും. മദ്യനയത്തിലെ പുതിയ നിലപാടിനെ ഉമ്മന്‍ചാണ്ടി ഇങ്ങിനെ വ്യാഖ്യാനിച്ചു.

---- facebook comment plugin here -----

Latest