അര ലക്ഷം രൂപ വാങ്ങി ഗര്‍ഭഛിദ്രം നടത്താന്‍ ബലാത്സംഗ ഇരയോട് ഖാപ് പഞ്ചായത്ത്

Posted on: December 5, 2014 4:20 am | Last updated: December 4, 2014 at 11:21 pm

ന്യുഡല്‍ഹി: നാല് സഹോദരന്മാരുടെ കാമാസക്തിക്കിരയായി ഏഴ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയോട്, 50,000 രൂപ വാങ്ങി ഗര്‍ഭഛിദ്രം നടത്താന്‍ ബീഹാറിലെ ഖാപ് പഞ്ചായത്തിന്റെ ഉത്തരവ്. പെണ്‍കുട്ടിയും മാതാവുമാണ് ഇക്കാര്യം അറിയിച്ചതെന്ന് പോലീസ് ഓഫീസര്‍ ശ്വേത ഗുപ്ത പറഞ്ഞു.
തനിക്ക് നീതി ലഭിക്കണമെന്നും പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കിഷന്‍ഗഞ്ച് ജില്ലയിലെ പകോലപലാഷ്മണി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് പണം വാങ്ങി പ്രശ്‌നം തീര്‍ക്കാന്‍ ഉത്തരവുണ്ടായതെന്നും പെണ്‍കുട്ടി പറഞ്ഞു. പക്ഷെ പെണ്‍കുട്ടി അതിന് വിസമ്മതിച്ചുവെന്ന് ശ്വേത പറഞ്ഞു.
രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളാണ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. 16 കാരിയായ പെണ്‍കുട്ടിയും ആറംഗ ദരിദ്ര കുടുംബത്തെ പോറ്റാന്‍ കൂലിപ്പണി ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാവും കര്‍ഷകത്തൊഴിലാളിയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനും പഞ്ചായത്ത് അംഗത്തിനെതിരെ നടപടി എടുക്കാനും ശ്രമിച്ച് വരികയാണെന്ന് പോലീസ് ഓഫീസര്‍ ശ്വേത ഗുപ്ത പറഞ്ഞു. പ്രതികളും പഞ്ചായത്ത് അംഗവും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇതുവരെ സംഭവം പോലീസിനെ അറിയിക്കാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ മാസം സമാനമായ ആറ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.