Connect with us

Kasargod

റംഷീദിന്റെ മരണം: നഗരത്തില്‍ വ്യാപക പോസ്റ്ററുകള്‍

Published

|

Last Updated

അജാനൂര്‍: അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂളിനടുത്ത് താമസിക്കുന്ന കെ കെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിന്റെ മരണവുമായി ബന്ധപ്പെട്ട് അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷന്‍, കൊളവയല്‍ ഇട്ടമ്മല്‍ തുടങ്ങിയ മേഖലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
റംഷീദിന്റെ മരണത്തില്‍ പോലീസ് നിഷ്‌ക്രിയത്വം കാട്ടുകയാണെന്നും ഘാതകരെ ഉടനെ കണ്ടെത്തി മാതാപിതാക്കളോട് കരുണ കാണിക്കമെന്നും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്ററുകളാണ് ഇന്നലെ രാവിലെ ഈ മേഖലയില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
റംഷീദിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം പ്രത്യേക ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതീവ രഹസ്യമായി അന്വേഷണം നടത്തി വരികയാണ്.
ഒക്‌ടോബര്‍ 16ന് അര്‍ധരാത്രിയിലാണ് റംഷീദ് മരണപ്പെട്ടത്. വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നാണ് പറയപ്പെട്ടിരുന്നത്.
എന്നാല്‍ സാഹചര്യ തെളിവുകള്‍ കൂടുതല്‍ സംശയം ജനിപ്പിക്കുകയും സംഭവസമയം റംഷീദിന്റെ കൂടെയുണ്ടായിരുന്ന അയല്‍വാസി അഫ്‌സലിന്റെയും സുഹൃത്ത് ഖലീലിന്റെയും നീക്കങ്ങളില്‍ റംഷീദിന്റെ വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ മുളച്ച് പൊങ്ങിയതോടെയാണ് ഈ സംഭവത്തിന് പിന്നിലെ ദുരൂഹത ഇരട്ടിച്ചത്.
മകന്‍ കൊല ചെയ്യപ്പെട്ടതാണെന്ന ഉറച്ച നിലപാടിലാണ് പിതാവ് കെ കെ മുഹമ്മദ് കുഞ്ഞി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുഹമ്മദ് കുഞ്ഞി പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് മകന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.

Latest