Connect with us

Kerala

നീതിയുടെ സൂര്യന്‍ അസ്തമിച്ചു

Published

|

Last Updated

കൊച്ചി: നീതിയുടെ പ്രകാശഗോപുരത്തിലെ കെടാവിളക്കണഞ്ഞു. ഇന്ത്യന്‍ നീതിന്യായ വിഹായസ്സില്‍ സൂര്യതേജസ്സോടെ വിരാജിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചരിത്രമായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് 3.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് ആറിന് ഔദ്യോഗിക ബഹുമതിയോടെ രവിപുരം ശ്മശാനത്തില്‍.
അദ്ദേഹത്തിന്റെ വസതിയായ “സദ്ഗമയ”യില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ഗവര്‍ണര്‍ പി സദാശിവം, ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വി കെ ഇബ്‌റാഹിം കുഞ്ഞ്, കെ സി ജോസഫ്, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ച് മണി മുതല്‍ ഒരു മണിക്കൂറിലേറെ ആശുപത്രി അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം “സദ്ഗമ”യയില്‍ എത്തിച്ചത്. ഇന്ന് രാവിലെ “സദ്ഗമ”യയില്‍ നിന്ന് പ്രത്യേക ആംബുലന്‍സില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിക്കുന്ന മൃതദേഹം ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ പൊതുദര്‍ശനത്തിന് വെക്കും. രണ്ടിന് സ്റ്റേഡിയത്തില്‍ നിന്ന് തിരിച്ച് “സദ്ഗമ”യയില്‍ എത്തിച്ച ശേഷം സംസ്‌കാരത്തിന് മുന്നോടിയായുള്ള ആചാരപരമായ ചടങ്ങുകള്‍ ആരംഭിക്കും. വൈകീട്ട് ആറ് മണിക്ക് രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ 24നാണ് ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൃഷ്ണയ്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദഹനപ്രക്രിയ സ്തംഭിച്ചതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. നേരത്തെ തന്നെ ദുര്‍ബലമായിരുന്ന ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം താളം തെറ്റിയിരുന്നു.
ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധയുമുണ്ടായി. രക്തസമ്മര്‍ദവും നിയന്ത്രണാതീതമായി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ട്യൂബിലൂടെ ഭക്ഷണം നല്‍കിത്തുടങ്ങുകയും ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തതോടെ അപകട നില തരണം ചെയ്യുമെന്ന പ്രതീക്ഷ ജനിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ചയുണ്ടായ മസ്തിഷ്‌കാഘാതം അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കി. ഒരു വശം തളര്‍ന്നതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം അതീവ ദുര്‍ബലമായി. ബുധനാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന് ബോധം പൂര്‍ണമായും നശിച്ചു. ബുധനാഴ്ച രാത്രിയോടെ മരണം ഏത് സമയവും ഉണ്ടാകാമെന്ന സൂചന ആശുപത്രിയില്‍ നിന്ന് പുറത്തുവന്നു.
ഇളയ മകന്‍ പരമേശും ഭാര്യ ഇന്ദ്രാണിയും ബുധനാഴ്ച ചെന്നൈയില്‍ നിന്ന് എത്തിയിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ലെന്ന് വ്യക്തമായതോടെ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനം ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ഇന്നലെ വൈകീട്ട് 3.30 ഓടെ മരണ വിവരം ആശുപത്രി അധികൃതര്‍ പുറത്തു കാത്തു നിന്ന ബന്ധുക്കളെയും സഹായികളെയും അറിയിച്ചു. 3.45ന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആശുപത്രി ഡയറക്ടര്‍ ഡോ. പി വി ആന്റണി അറിയിച്ചത്.
അമേരിക്കയിലുള്ള മൂത്ത മകന്‍ രമേശ് കൃഷ്ണയ്യരും മകന്‍ കാര്‍ത്തിക്കും ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കൊച്ചിയിലെത്തും. 98 വയസ്സുള്ള കൃഷ്ണയ്യരുടെ സഹോദരി രംഗനായകി മൈസൂരിലും തമിഴ്‌നാട് മുന്‍ ഡി ജി പിയായിരുന്ന സഹോദരന്‍ ലക്ഷ്മീനാരായണ ചെന്നൈയിലുമാണ് താമസിക്കുന്നത്. അനാരോഗ്യം മൂലം ഇവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമോ എന്ന് ഉറപ്പായിട്ടില്ല.
പ്രമുഖ അഭിഭാഷകന്‍ വി വി രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായി 1915 നവംബര്‍ 15ന് പാലക്കാട് ശേഖരീപുരം ഗ്രാമത്തിലാണ് കൃഷ്ണയ്യരുടെ ജനനം. അഭിഭാഷകനായ പിതാവ് വി വി രാമയ്യരുടെ ജോലിയുമായി ബന്ധപ്പെട്ട് ചെറുപ്പത്തില്‍ കൊയിലാണ്ടിയിലെത്തിയ കൃഷ്ണയ്യരും പിതാവിന്റെ പാത പിന്‍തുടര്‍ന്ന് നിയമ വഴിയിലെത്തുകയായിരുന്നു. സോഷ്യലിസത്തില്‍ ആകൃഷ്ടനായ കൃഷ്ണയ്യര്‍ ആദ്യ കാലത്ത് തൊഴിലാളികളുടെ കേസുകളാണ് കൈകാര്യം ചെയ്തത്. കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയോടെ 1952ല്‍ മദ്രാസ് നിയമസഭയിലും 57ല്‍ കേരള നിയമസഭയിലും സാമാജികനായി. 57ലെ ഇ എം എസ് മന്ത്രിസഭയില്‍ സുപ്രധാനമായ ഒട്ടേറെ വകുപ്പുകളുടെ ചുമതലക്കാരനായി. വിപ്ലവകരമായ നിയമനിര്‍മാണങ്ങളിലൊക്കെ പങ്കാളിയായി. മാര്‍ക്‌സിസ്റ്റ് പിന്തുണയില്ലാതെ മത്സരിച്ച 65ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ സജീവ രാഷ്ട്രീയമുപേക്ഷിച്ചു.
1968úല്‍ ഹൈക്കോടതി ജഡ്ജിയായി. ലോ കമ്മീഷനംഗമായി ഡല്‍ഹിയിലെത്തി.1973ല്‍ സുപ്രീം കോടതി ജഡ്ജിയായി. നിയമപുസ്തകങ്ങള്‍ക്കപ്പുറത്ത് മനുഷ്യാവസ്ഥകള്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ കീഴ്‌വഴക്കങ്ങളെ അപ്രസക്തമാക്കിയ ഒട്ടേറെ ഉത്തരവുകളുണ്ടായി.
തടവുകാരുടെ, സ്ത്രീകളുടെ, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കേസുകളില്‍, പൊതുതാത്പര്യഹരജികളില്‍ നിയമത്തിലെ സാങ്കേതിക ജനപക്ഷ ഉത്തരവുകള്‍ക്ക് തടസ്സമായില്ല. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസിലെ വിധി ചരിത്രത്തിന്റെ ഭാഗമായി. വധശിക്ഷക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. വിരമിച്ച ശേഷം കൃഷ്ണയ്യര്‍ വെറുതെയിരുന്നില്ല. വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ ജനം ജുഡീഷ്യറിയെ തിരസ്‌കരിക്കുമെന്ന് വിളിച്ചുപറഞ്ഞു. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ജുഡീഷ്യറിയെയും നിയമനിര്‍മാണസഭകളെയും മനുഷ്യനെയും ബാധിക്കുന്ന എല്ലാറ്റിലും ഇടപെട്ട് നൂറ് വര്‍ഷം ജീവിച്ചാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ യാത്രയാകുന്നത്.

 

Latest