Connect with us

Malappuram

ടിപ്പര്‍ ലോറികളുടെ അനിയന്ത്രിത ഓട്ടം ഗതാഗതം സ്തംഭിപ്പിക്കുന്നു

Published

|

Last Updated

വേങ്ങര: ടൗണിലൂടെയുള്ള ടിപ്പര്‍ ലോറികളുടെ അനിയന്ത്രിത ഓട്ടം വേങ്ങര ടൗണില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നു. ഊരകം മലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളില്‍ നിന്നും ലോഡുമായി പോകുന്ന ടിപ്പര്‍ ലോറികളാണ് ടൗണ്‍ മധ്യത്തില്‍ സ്ഥിരമായി ഗതാഗത തടസ്സമുണ്ടാക്കുന്നത്. താനൂര്‍ ഹാര്‍ബര്‍ പ്രവൃത്തിക്കു വേണ്ടി കൂറ്റന്‍ കരിങ്കല്ലുകള്‍ കൊണ്ടുപോവുന്ന വലിയ ടിപ്പര്‍ ലോറികളാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
അനുവദിച്ച ലോഡിലും മടങ്ങാണ് ഇത്തരം പല ടിപ്പറുകളും അപകടകരമായ രീതിയില്‍ കൊണ്ടുപോവുന്നത്. ഗതാഗത തടസ്സം സ്ഥിരമായ വേങ്ങര ടൗണില്‍ തിരക്ക് കൂടിയ സമയങ്ങളില്‍ വരെ ഇത്തരം വാഹനങ്ങള്‍ അമിത വേഗതയില്‍ ചീറിപ്പായുകയാണ്. സ്‌കൂള്‍ സമയത്തെ നിയന്ത്രിത സമയത്തു പോലും ഓടിയിരുന്ന ഇത്തരം ടിപ്പറുകള്‍ നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പും പലപ്പോഴായി പിടികൂടിയിരുന്നു. മൂന്ന് മാസക്കാലമായി ദിവസം നൂറോളം ലോഡ് വാഹനങ്ങളാണ് ഇത്തരത്തില്‍ ടൗണിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ ടൗണില്‍ വാഹനം കുറവുള്ള സമയം മാത്രം ഇത്തരം ടിപ്പര്‍ ലോറികള്‍ ഓടാന്‍ അനുവദിക്കാവൂ എന്നുള്ള ആവശ്യവും ശക്തമായിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.