താലൂക്ക് ആശുപത്രിയില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു

Posted on: December 4, 2014 10:23 am | Last updated: December 4, 2014 at 10:23 am

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ മണിക്കൂറുകള്‍ കാത്തിരുന്ന ഗര്‍ഭിണികള്‍ക്ക് സ്‌കാനിംഗ് നടത്തിയില്ല. ക്ഷുഭിതരായ ഗര്‍ഭിണികള്‍ പ്രതിഷേധിച്ചു. തിരൂങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം.
ആഴ്ചയില്‍ എല്ലാ ബുധനാഴ്ചയുമാണ് ഇവിടെ ഗര്‍ഭിണികള്‍ക്ക് സ്‌കാനിംഗ് അടക്കമുള്ള ചികിത്സ നല്‍കാറുള്ളത്. ഇതുപ്രകാരം ഇന്നലെ 36 ഗര്‍ഭിണികളാണ് എത്തിയിരുന്നത്. കാലത്ത് 6.30ന് തന്നെ എത്തിയ ഗര്‍ഭിണികള്‍ ഭക്ഷണം കഴിച്ച് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മുമ്പ് സ്‌കാനിംഗിനായി കാത്തിരുന്നു. 7.30 ആയപ്പോള്‍ വൈദ്യുതി തകരാറാണെന്ന് പറഞ്ഞ് അധികൃതര്‍ ഒഴുഞ്ഞുമാറി. വൈദ്യുതി നന്നാക്കാനായി ടെക്‌നീഷ്യനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം സ്വിച്ഓഫ് ആയിരുന്നു. എന്നാല്‍ പുറത്ത്‌നിന്ന് ആളെ വിളിച്ച് വൈദ്യുതി നന്നാക്കാന്‍ അധികൃതര്‍ തയ്യാറായതുമില്ല. സഹികെട്ട സ്ത്രീകള്‍ ഡ്യൂട്ടി ഡോക്ടറുടെ മുറിയില്‍ ചെന്ന് പരാതി പറഞ്ഞു. അപ്പോഴേക്കും സ്‌കാനിംഗിനുള്ള ഡോക്ടര്‍ തന്റെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് സ്ഥലം വിടുകയും ചെയ്തു.
ഇതോടെ ക്ഷുഭിതരായ സ്ത്രീകള്‍ ആശുപത്രി ഓഫീസില്‍ ചെന്ന് ബഹളം വെച്ചു. ആശുപത്രി ഭരണ ചുമതലയുള്ള ബ്ലോക്ക് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും അവരാരും എത്തിയില്ല. അവസാനം ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു. ഉടന്‍ ആശുപത്രി ജീവനക്കാര്‍ എത്തി വൈദ്യുതി നന്നാക്കുകയും സ്ഥലം വിട്ട ഡോക്ടറെ തിരിച്ചുവളിച്ച് സ്‌കാനിംഗ് നടത്തുകയും ചെയ്തു. ഇതോടെ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക് ടെക്‌നീഷ്യനെ മാറ്റണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.