Connect with us

Kozhikode

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വേദികള്‍ തീരുമാനമായി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഴുവന്‍ വേദികളും തീരുമാനിച്ചു. 18 വേദികളും നഗരപരിധിയില്‍ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍, ചില വേദികള്‍ തമ്മിലുള്ള ദൂരം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

പ്രധാന വേദിയും ഭക്ഷണശാലയും ഒരുക്കുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് രണ്ടാം വേദിയും നാലാം വേദിയും ഒരുക്കുന്ന സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലേക്കും എട്ടാം വേദിയായ ഗുജറാത്തി സ്‌കൂള്‍ ഹാളിലേക്കും പത്താം വേദിയായ എസ് കെ പൊറ്റെക്കാട് ഹാളിലേക്കുമാണ് ഏറ്റവും കൂടുതല്‍ ദുരമുള്ളത്.
മറ്റ് വേദികള്‍ പ്രധാന വേദിയില്‍ നിന്ന് അത്ര അകലമില്ലാതെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വേദികളില്‍ ഏതൊക്കെ മത്സര ഇനങ്ങളാണ് നടത്തുക എന്നത് സംബന്ധിച്ച് കണ്‍വീനര്‍മാരുടെ അടുത്ത യോഗത്തില്‍ തീരുമാനിക്കും. മത്സരങ്ങളുടെ സ്വഭാവമനുസരിച്ച് വേദികളുടെ സൗകര്യം പരിഗണിച്ചാകും ഇത് തീരുമാനിക്കുക. 17ാം വേദിയില്‍ ബാന്റ്‌മേള മത്സരവും 18ാം വേദിയില്‍ കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളും നടക്കും. വയനാട് റോഡിനോട് ചേര്‍ന്നുള്ള മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലാണ് ഭക്ഷണശാല ഒരുക്കുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രധാന സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായ എം എല്‍ എമാര്‍ യോഗത്തിനെത്തിയില്ല. അടുത്ത യോഗത്തില്‍ ഇവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാവും മത്സരങ്ങള്‍ ഏതൊക്കെ വേദികളില്‍ നടത്തണമെന്ന് തീരുമാനിക്കുക. വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരുടെ ആലോചനാ യോഗത്തിലാണ് വേദികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.
യോഗം മേയര്‍ പ്രൊഫ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. സമയക്കുറവും ദേശീയ ഗെയിംസിന് കൂടി വേദിയൊരുക്കേണ്ടതിനാലുള്ള പ്രയാസവും കോഴിക്കോടിനുണ്ടെങ്കിലും മികച്ച ജനകീയ മേളയായി കോഴിക്കോട് കലോത്സവത്തെ മാറ്റുമെന്ന് മേയര്‍ പറഞ്ഞു. ഡി പി ഐ എല്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്തീഫ്, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ഉഷാദേവി, ഐ ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ പി നൗഫല്‍, വി എച്ച് എസ് സി അസിസ്റ്റന്റ് ഡയറക്ടര്‍ പി കുഞ്ഞഹമ്മദ്, ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വി കെ രാജന്‍, വിദ്യാഭ്യാസ വകുപ്പ് പി ആര്‍ ഒ ബാബു, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ കെ കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest