വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

Posted on: December 4, 2014 9:15 am | Last updated: December 4, 2014 at 9:15 am

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ യൂനിറ്റ് ഫാര്‍മസിസ്റ്റ് മേപ്പയ്യൂര്‍ കൊളേരി സലീഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി.
പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പ്രകാരം അരിക്കുളം മായനമീത്തല്‍ രാഹുലിനെ (25)യാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. സലീഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഊരള്ളൂര്‍ ചെമ്പോട്ട് വീട്ടില്‍ ശൈലേഷിന്റെ അടുത്ത സുഹൃത്താണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ഒരു മാസം മുമ്പാണ് രാഹുല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. കേസിലെ കൂട്ടുപ്രതികളായ പെരുവട്ടൂര്‍ കണ്ടംചാത്തനായിത്താഴകുനി പ്രജീഷ് (27), കീഴരിയൂര്‍ നമ്പ്രത്ത്കര കുന്നോത്ത് മുക്ക് തോട്ടത്താംകുഴി മീത്തല്‍ സോമന്‍ (37), പന്തലായനി വെള്ളിലോട്ട് പൂക്കാട്ടില്‍ അമല്‍ (28) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ശൈലേഷ് കോടതിയില്‍ കീഴടങ്ങുകയും ചെയ്തു.
ഇതിനിടയില്‍ രാഹുല്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സലീഷ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.