Connect with us

Kerala

18,000 വിദ്യാര്‍ഥികള്‍, 300 ക്ലാസ് റൂമുകള്‍; ചരിത്രമാകാന്‍ ബാക് ടു മര്‍കസ്

Published

|

Last Updated

കോഴിക്കോട്: പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ച് പഴയ ക്ലാസ്മുറികളില്‍ ഇരുന്ന് പഠിക്കാന്‍ കാരന്തൂര്‍ മര്‍കസ് ഹൈസ്‌കൂള്‍ അവസരം നല്‍കുന്നു. ഡിസംബര്‍ 14നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് സംഗമിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. 1985 മുതല്‍ 2014വരെ മര്‍കസ് ഹൈസ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് സംഗമിക്കുന്നത്. വിവിധ ബാച്ചുകളില്‍ നിന്നായി 18,000 വിദ്യാര്‍ഥികള്‍ ബാക് ടു മര്‍കസ് ഹൈസ്‌കൂള്‍ ക്ലാസ് ആന്‍ഡ് ബാച്ച് എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 30 ബാച്ചുകളില്‍ നിന്നായി മൂന്നൂറോളം വരുന്ന എസ് എസ് എല്‍ സി ക്ലാസുകളാണ് പുനഃക്രമീകരിക്കുന്നത്. ഇവര്‍ക്ക് അക്കാലത്തെ മുന്നൂറോളം അധ്യാപകരെയും സജ്ജീകരിക്കും. മുമ്പ് പഠിച്ചിരുന്ന അതേ ക്ലാസില്‍ അക്കാലത്തെ അധ്യാപകര്‍ക്കൊപ്പം പൂര്‍വ വിദ്യാര്‍ഥികള്‍ പഴയ കാലത്തേക്ക് പോകും. ബോര്‍ഡിംഗ്, ഓര്‍ഫനേജ് വിദ്യാര്‍ഥികളായിരുന്നവര്‍ക്ക് തലേദിവസം രാവിലെ തന്നെ ക്യാമ്പസില്‍ എത്തിച്ചേര്‍ന്ന് അവിടെ താമസിച്ച് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 30 വര്‍ഷത്തെ പൂര്‍വ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ രാവിലെ ഒമ്പത് മണിക്ക് ഹെഡ്മാസ്റ്റര്‍ വി പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ക്കൊപ്പം വിവിധ വര്‍ണങ്ങളിലുള്ള പതാക ഉയര്‍ത്തും.
സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ബാക് ടു മര്‍കസ് സ്‌കൂള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പും 300 ഓളം വാട്‌സ്ആപ് ഗ്രൂപ്പുകളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍വ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് ബാക് ടു മര്‍കസ് കോര്‍ഡിനേറ്റര്‍ സി കെ മുഹമ്മദ് ഉനൈസിന്റെ കീഴില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. സമ്മേളനത്തിന് മുന്നോടിയായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ നടന്നു. ദുബൈ, അബുദാബി, ജിദ്ദ, റിയാദ്, ദമാം, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അലുംനി മീറ്റ് സംഘടിപ്പിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് പൂര്‍വവിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളിലെ ചാപ്റ്ററുകളും പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനായി പ്രവര്‍ത്തനം സംഘടിപ്പിച്ച് വരുന്നു. ബെംഗളുരു, ചെന്നൈ, മുംബൈ, ഡല്‍ഹി ചാപ്റ്ററുകളുടെ നേതൃത്വത്തിലും പ്രത്യേകം അലുംനി മീറ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പൂര്‍വ വിദ്യാര്‍ഥികളില്‍നിന്ന് രോഗികളെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും കണ്ടെത്തി സഹായിക്കുകകൂടി പരിപാടികൊണ്ട് ലക്ഷ്യമിടുന്നുണ്ട്.

Latest