സത്യസന്ധതയായിരിക്കണം പോലീസ് മുഖമുദ്ര

Posted on: December 4, 2014 4:34 am | Last updated: December 3, 2014 at 11:35 pm

പോലീസ് നിയമനത്തില്‍ സത്യസന്ധതക്കും സ്വഭാവഗുണത്തിനും സവിശേഷ പ്രാധാന്യം നല്‍കണമെന്ന ചൊവ്വാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ് ശ്രദ്ധേയമാണ്. ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനായ പര്‍വേസ് ഖാന്‍ എന്നയാളെ പോലീസിലെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ്, സത്യസന്ധരെയും കളങ്കരഹിതരെയുമായിരിക്കണം പോലീസ് സേനയിലേക്ക് എടുക്കേണ്ടതെന്ന് കോടതി ഉണര്‍ത്തിയത്. ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരെ, കോടതി കുറ്റവിമുക്തരാക്കിയാല്‍ പോലും പോലീസില്‍ എടുക്കരുതെന്നും ഇത്തരക്കാര്‍ സേനയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്നുമാണ് ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, എ കെ ഗോയല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചിന്റെ നിരീക്ഷണം.
പോലീസില്‍ ക്രിമിനലുകള്‍ വാഴുന്ന കാലമാണിത്. ഔദ്യോഗിക കണക്കനുസരിച്ച് കേരള പോലീസില്‍ മാത്രം 818 ക്രിമിനലുകളുണ്ട്. യഥാര്‍ഥ കണക്ക് ഇതിലെത്രയോ മുകളിലാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ‘നിയമപാലനം’ നടത്തുന്നതിന്റെ തിക്തഫലം ജനം പലപ്പോഴും അനുഭവിച്ചതാണ്. രാജേന്ദ്രന്‍ കസ്റ്റഡി മരണക്കേസിന്റെ തെളിവെടുപ്പിലും വിചാരണയിലും വെളിപ്പെട്ട കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ പോലീസ് ക്രൂരതകള്‍ മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതായിരുന്നു. സുന്ദരിയമ്മാള്‍ വധക്കേസില്‍ നിരപരാധിയായ യുവാവിനെ പ്രതിയാക്കാന്‍ പോലീസ് നടത്തിയ കള്ളക്കളികള്‍ കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമായതാണ്. മാഫിയാ-ഗുണ്ടാ സംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കി പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചത് ഒരു ഡി വൈ എസ് പിയായിരുന്നു. കൊല്ലത്ത് എസ് ഐ യെ തലക്കടിച്ച് കൊന്നത് ഒരു എ എസ് ഐയും ഗുണ്ടയും ചേര്‍ന്നാണ്. ഇതുപോലെ എത്രയെത്ര കഥകള്‍! ഗുണ്ടാസംഘങ്ങളുമായി പോലീസിനുള്ള അവിഹിതബന്ധം കാലങ്ങളായി നിലവിലുള്ളതാണ്. കുറ്റവാളികള്‍ക്ക് ജയിലുകളില്‍ പോലൂം ഒത്താശ ചെയ്യുകയും മദ്യവും മയക്കുമരുന്നും എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന പോലീസുകാരുണ്ട്. കോടതികളില്‍ പോലീസുകാര്‍ പ്രതികളായ കേസുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
പോലീസിനെ ശുദ്ധീകരിക്കാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും കോടതി വിചാരിച്ചതു കൊണ്ട് മാത്രം നടക്കില്ല. ഭരണകൂടവും ആ വഴിക്ക് ചിന്തിക്കുകയും അത് നടപ്പാക്കാനുള്ള ആര്‍ജവം കാണിക്കുകയും വേണം. അധികൃതര്‍ക്ക് ഇതിന് നട്ടെല്ലുണ്ടാകണമെങ്കില്‍ അവരുടെ കൈകളും ശുദ്ധമായിരിക്കണം. തങ്ങളുടെ കൈ ശുദ്ധമാണെന്ന് ചങ്കുറപ്പോടെ അവകാശപ്പെടാന്‍ സംസ്ഥാന സര്‍ക്കാറില്‍ എത്ര പേര്‍ക്കാകും? കോഴയുടെയും അവിഹിത, മാഫിയ ബന്ധങ്ങളുടെയും നാറുന്ന കഥകളാണ് പല ഉന്നത നേതാക്കളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതൊക്കെ നന്നായറിയാമെന്നതിനാല്‍ തന്നെ, അവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവരുടെ മുട്ടുകള്‍ക്ക് വിറയല്‍ അനുഭവപ്പെടും. അഴിമതിക്കാരായ ചില മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന്, അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പിടിയിലായ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ടി എം സൂരജ് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ചതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. പോലീസിലെ ക്രിമിനലുകളെ കണ്ടെത്തി ഒഴിവാക്കുമെന്ന് അധികാരമേറ്റ ഉടനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് വിവരം ശേഖരിക്കുന്നതിന് ഇന്റലിജന്‍സിനെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും അധികാരപ്പെടുത്തിയതായി 2011 ജൂണില്‍ ഡി ജി പി ജേക്കബ് പുന്നൂസ് അറിയിക്കുകയുമുണ്ടായി. മൂന്നര വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പിലായില്ലെന്ന് മാത്രമല്ല, പിന്നെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സേനയില്‍ നിയമിച്ചുകൊണ്ടിരിക്കുകയുമാണ് സര്‍ക്കാര്‍. എം ജി കോളജ് ആക്രമണക്കേസിലെ എ ബി വി പിക്കാരനായ പ്രതിക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചത് അയാള്‍ക്ക് പോലീസില്‍ നിയമനം നേടുന്നതിന് വേണ്ടിയായിരുന്നല്ലോ. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഗുരുതരമായ ഈ കേസ് പിന്‍വലിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അഭ്യര്‍ഥിച്ചിട്ടും ആഭ്യന്തര വകുപ്പ് അതവഗണിക്കുകയാണുണ്ടായത്.
സംസ്ഥാനത്ത് ക്രമസമാധാനം അടിക്കടി വഷളാകുന്നതില്‍ പോലീസിലെ ക്രിമിനലുകള്‍ക്ക് വലിയ പങ്കുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും സഹായികളായി വര്‍ത്തിക്കുകയും ചെയ്യേണ്ട പോലീസുകാരെ ജനങ്ങള്‍ ഭീതിയോടെയും ആശങ്കയോടെയും വീക്ഷിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരണമെങ്കില്‍ പോലീസ് സേനയിലെടുക്കുന്നവരുടെ സ്വഭാവ ഗുണവും സത്യസന്ധതയും ഉറപ്പുവരുത്തേണ്ടതുണ്ട്. കുറ്റവാളികള്‍ക്ക് വിഹരിക്കാനുള്ള വേദിയാകരുത് പോലീസ് വകുപ്പ്. ആ ദിശയിലേക്കുള്ള ധീരമായ കാല്‍വെപ്പാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.