സര്‍ച്ചാര്‍ജ് ചോദിച്ച കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷന്റെ വിമര്‍ശം

Posted on: December 4, 2014 4:24 am | Last updated: December 3, 2014 at 11:26 pm

KSEB-Logoതിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങിയ വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷന്റെ വിമര്‍ശം. രണ്ട് വര്‍ഷമായി സര്‍ചാര്‍ജ് പെറ്റീഷന്‍ നല്‍കാതിരുന്ന നടപടിയെ വിമര്‍ശിച്ച കമ്മീഷന്‍ ഇന്ധനവില കൂടിയാലും കുറഞ്ഞാലും സര്‍ചാര്‍ജ് സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നിരിക്കെ, സൗകര്യമുള്ള സമയത്ത് പെറ്റീഷന്‍ നല്‍കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. വൈദ്യുതി വാങ്ങിയ രണ്ട് വര്‍ഷത്തെ കണക്കുകള്‍ മുഴുവന്‍ നല്‍കിയ ശേഷം മാത്രമേ പെറ്റീഷന്‍ പരിഗണിക്കൂവെന്ന് അറിയിച്ചതോടെ ഈ മാസം 12നകം കണക്കുകള്‍ നല്‍കാമെന്ന് കെ എസ് ഇ ബി മറുപടി നല്‍കി.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ 32.39 കോടിയുടെ അധികബാധ്യത നികത്താനാണ് യൂനിറ്റിന് എട്ടു പൈസ നിരക്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാവശ്യപ്പെട്ടു കെ എസ് ഇ ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.
ഇന്ധന വിലകൂടുമ്പോള്‍ സര്‍ചാര്‍ജ് പിരിക്കുന്ന കെ എസ് ഇ ബിക്ക് വിലകുറയുമ്പോള്‍ വൈദ്യുതി നിരക്ക് കുറക്കാനുള്ള ബാധ്യതയുമുണ്ടെന്ന് കമ്മീഷന്‍ വാക്കാല്‍ നിരീക്ഷിച്ചു. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തിയായേ ഇതിനെ കാണാന്‍ കഴിയൂ. കണക്കുകള്‍ സമര്‍പ്പിച്ചശേഷം അന്തിമതീരുമാനമെടുക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കണക്കുകള്‍ മുഴുവന്‍ ഹാജരാക്കാമെന്ന് കെ എസ് ഇ ബി പ്രതിനിധി കമ്മീഷനെ അറിയിച്ചു. 2012-13ലും 2013-14ലുമാണ് കെ എസ് ഇ ബി പെറ്റീഷനുകള്‍ സമര്‍പ്പിക്കാതിരുന്നത്.
കെ എസ് ഇ ബി നടപടിയെ എച്ച് ടി., ഇ എച്ച് ടി അസോസിയേഷന്‍ പ്രതിനിധികളും വിമര്‍ശിച്ചു. പെറ്റീഷന്‍ കൃത്യസമയത്തുനല്‍കാത്ത നടപടി ന്യായീകരിക്കത്തക്കതല്ലെന്ന് അസോസിയേഷന്‍ നേതാവ് എ ആര്‍ സതീഷ് ചൂണ്ടിക്കാട്ടി. വാര്‍ഷിക വരവ് ചെലവ് കണക്ക് തിരുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പെറ്റിഷനും കെ എസ് ഇ ബി സമര്‍പ്പിച്ചിട്ടുണ്ട്. അത് ഇന്ന് പരിഗണിക്കും. കമ്മീഷന്‍ അംഗീകരിച്ച വരവുചെലവു കണക്കനുസരിച്ചുള്ള റവന്യു കമ്മി തിരുത്തണമെന്നാണ് ആവശ്യം. 2014-15ല്‍ മൊത്തം 2931 കോടിയുടെ റവന്യുകമ്മി പ്രതീക്ഷിക്കുന്ന കണക്കാണ് കെ എസ് ഇ ബി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, കമ്മിഷന്‍ അംഗീകരിച്ചുകൊടുത്തത് 1092കോടിയുടെ കമ്മി മാത്രമാണ്. ജീവനക്കാരുടെ ശമ്പളച്ചെലവിലും മറ്റുമുള്ള കണക്കുകള്‍ വെട്ടിക്കുറച്ചാണ് കമ്മിഷന്‍ വരവുചെലവ് കണക്ക് അംഗീകരിച്ചത്.