Connect with us

National

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പണം നല്‍കുന്ന കാലം കഴിഞ്ഞു: ജയ്റ്റ്‌ലി

Published

|

Last Updated

ശ്രീനഗര്‍: “കേന്ദ്രം പണം അനുവദിക്കുക, സംസ്ഥാനങ്ങള്‍ ഭരണം നടത്തുക”യെന്ന കാലം കഴിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഓരോ സംസ്ഥാനവും സ്വന്തം കാലില്‍ നിന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി. കേന്ദ്ര ബജറ്റ് വരാനിരിക്കെയുള്ള ധനമന്ത്രിയുടെ പ്രസംഗത്തിന് രാഷ്ട്രീയ- സാമ്പത്തിക വൃത്തങ്ങള്‍ ഏറെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന ഗ്രാന്റില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന മുന്നറിയിപ്പാണ് ജയ്റ്റ്‌ലി നല്‍കിയതെന്നാണ് നിഗമനം.
നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപത്തെ ആശ്രയിച്ച് കഴിയുക എന്നതാണ് രാജ്യത്തെ സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാസ്ത്രം. നിക്ഷേപകര്‍ ലാഭത്തില്‍ കണ്ണ്‌വെക്കുമ്പോള്‍ തന്നെ തൊഴിലവസരങ്ങളുമുണ്ടാക്കുന്നുണ്ട്. അതിന് പുറമെ സര്‍ക്കാറിന് നികുതിയും നല്‍കുന്നുണ്ട്- ജയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാന സര്‍ക്കാറുകള്‍ അവര്‍ക്ക് ലഭിക്കുന്ന പണം വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാനും വേണം ഉപയോഗപ്പെടുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിന് മികച്ച സാധ്യതകളുണ്ട്. ടൂറിസം, വേണ്ടത്ര ജല സ്രോതസുകള്‍, ഹാന്‍ഡിക്രാഫ്ടുകള്‍ തുടങ്ങി സംസ്ഥാനത്തിന് അനന്ത സാധ്യതകളുണ്ട്. വേണ്ടത്ര ജലസ്രോതസുകളുണ്ടെന്നിരിക്കെ ജമ്മു കാശ്മീരിന് വൈദ്യുതി ഉത്പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Latest