ഉക്രൈനിലെ ആണവ നിലയത്തില്‍ അപകടം

Posted on: December 3, 2014 6:23 pm | Last updated: December 4, 2014 at 12:00 am

ukrain nuclear plantകീവ്: ഉക്രൈനില്‍ ആണവ പ്ലാന്റില്‍ അപകടമുണ്ടായതായി സ്ഥിരീകരണം. പ്രധാനമന്ത്രി ആര്‍സനി യത്സെന്‍യുക് ആണ് പുതിയ കാബിനറ്റിന്റെ ആദ്യ സെഷനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സപോറോസ്‌കായ ആണവ പ്ലാന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഒരു റിയാക്ടര്‍ പ്രവര്‍ത്തന രഹിതമായതായും ഇതിന്റെ കേടുപാടുകള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമായിട്ടുണ്ട്. ബുധനാഴ്ചയാണ് രാജ്യത്തെ ജനങ്ങള്‍ സംഭവം അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി ഊര്‍ജമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ എങ്ങനെയാണ് ഊര്‍ജമന്ത്രാലയം ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. അതേസമയം, ആണവ പ്ലാന്റിലെ അപകടം എന്തെങ്കിലും തരത്തിലുള്ള ഭീഷണി സൃഷ്ടിക്കുന്നതല്ലെന്ന് ഊര്‍ജ മന്ത്രി വ്യക്തമാക്കി. റിയാക്ടറുകള്‍ക്ക് ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും നാളത്തോടെ വീണ്ടും പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ പ്ലാന്റിലെ അപകടത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളും ഗ്രാമങ്ങളും ഇരുട്ടിലായി. നാല് പ്ലാന്റുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഉക്രൈനിന് മൊത്തം ആവശ്യമായ വൈദ്യുതിയുടെ അഞ്ചിലൊന്നും ലഭിക്കുന്നത് ആണവ പ്ലാന്റുകളില്‍ നിന്നാണ്.