മാണിക്കെതിരെ കേസ്: വിജിലന്‍സിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

Posted on: December 3, 2014 11:06 pm | Last updated: December 4, 2014 at 11:08 am

high courtകൊച്ചി: ബാര്‍ കോഴ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമോയെന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. കേസെടുക്കണമോയെന്ന കാര്യത്തില്‍ സര്‍ക്കാറുമായി വിജിലന്‍സ് ഡയരക്ടര്‍ കൂടിയാലോചന നടത്തേണ്ടതില്ലെന്നും തീരുമാനം സര്‍ക്കാറിന് വിടേണ്ടതില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി എസ് സുനില്‍ കുമാര്‍ എം എല്‍ എ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജികള്‍ തീര്‍പ്പു കല്‍പ്പിച്ചാണ് കോടതി നിര്‍ദേശം.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ഡയരക്ടറുടെ നടപടി നിയമാനുസൃതമാണ്.
പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് അഴിമതി ആരോപണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്ന സുപ്രീം കോടതി ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി. വി എസിന്റെ പരാതിയില്‍ മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളതിനാല്‍ പ്രാഥമിക അന്വേഷണം നടത്താനുള്ള തീരുമാനം നിയമപരമാണെന്നും കോടതി പറഞ്ഞു.
കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനുള്ള വിവേചനാധികാരം ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകളെ തകിടം മറിക്കുന്നതാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ അപക്വമാണെന്നും നിലവില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
നിലവിലെ പ്രാഥമിക അന്വേഷണം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിക്ക് ഉറപ്പുനല്‍കി. റിപ്പോര്‍ട്ട് ലഭിച്ച് ഒരാഴ്ചക്കകം വിജിലന്‍സ് ഡയരക്ടര്‍ അന്തിമ തീരുമാനം എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോഴ ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താനുള്ള വിജിലന്‍സ് ഡയരക്ടറുടെ തീരുമാനവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസത്തെ സാവകാശം അനുവദിച്ചതും ചോദ്യം ചെയ്തായിരുന്നു ഹരജികള്‍. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രാഥമിക അന്വേഷണത്തിനുള്ള വിജിലന്‍സ് ഡയരക്ടറുടെ തീരുമാനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും നിലവിലെ പ്രാഥമിക അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായും അന്വേഷണ സംഘം ഒരാഴ്ചക്കകം വിജിലന്‍സ് ഡയരക്ടര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും എ ജി ബോധിപ്പിച്ചു.
വിജിലന്‍സ് മാന്വലിന്റെയും വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവിധ സര്‍ക്കുലറുകളുടെയും അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയരക്ടറെ ഒരു പോലീസ് സ്റ്റേഷനായും ഡയരക്ടര്‍ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായും വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ബാര്‍ കോഴ ആരോപണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിലാണ് പ്രാഥമിക അന്വേഷണത്തിന് ഡയരക്ടര്‍ നിര്‍ദേശം നല്‍കിയത്.
സാധാരണ നിലയില്‍ സര്‍ക്കാര്‍ ഉത്തരവിന്റെയോ കോടതി നിര്‍ദേശത്തിന്റെയോ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താറുള്ളത്. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണത്തിനുള്ള ഡയരക്ടറുടെ തീരുമാനം നിയമപരമാണോയെന്നാണ് പരിശോധിച്ചത്.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ വെളിച്ചത്തില്‍ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിലുള്ള പോംവഴിയെന്ന് ഹരജി ഭാഗം ബോധിപ്പിച്ചു. എന്നാല്‍ അഴിമതി കേസുകളില്‍ ഇത് ബാധകമല്ലെന്ന് അഡ്വക്കറ്റ് ജനറലും വാദിച്ചു.