കൊണോട്ട് കുരങ്ങുകള്‍ കുഴഞ്ഞുവീണു; ജനം ഭീതിയില്‍

Posted on: December 3, 2014 11:20 am | Last updated: December 3, 2014 at 11:20 am

കുന്ദമംലം: കൊണോട്ട് തുറയില്‍ കോട്ടയില്‍ കുരങ്ങുകള്‍ കുഴഞ്ഞുവീണത് ജനങ്ങളില്‍ ഭീതി പരത്തുന്നു. ഇന്നലെ കുഴഞ്ഞുവീണ കുരങ്ങിനെ താമരശ്ശേരി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ കൊണ്ടുപോയി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ഭയപ്പെടാനുള്ള ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കുരങ്ങിന്റെ രക്തം കൂടുതല്‍ പരിശോധനക്കായി പൂക്കോട് വെറ്റിനറി ആശുപത്രിയിലേക്ക് അയച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധന ഫലം ലഭ്യമാകും. കുരങ്ങുകള്‍ കുഴഞ്ഞുവീഴുന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തുകാര്‍ ഭീതിയിലാണ്.
തുറയില്‍ കോട്ടയില്‍ ഒമ്പത് ഏക്കറോളം സ്ഥലത്താണ് കുരങ്ങുകള്‍ പാര്‍ക്കുന്നത്. ആയിരത്തിലധികം കുരങ്ങുകളുണ്ടിവിടെ. ഇതിന് സമീപമായി നൂറിലധികം കുടുംബങ്ങളും താമസിക്കുന്നുണ്ട്. കുരങ്ങുകള്‍ ഇവിടങ്ങളില്‍ നിത്യ സന്ദര്‍ഷകരാണ്. വീടുകളിലെ അടുക്കള മുതല്‍ ബെഡ് റൂമില്‍ വരെ ഇവ എത്താറുണ്ട്.
കഴിഞ്ഞ ദിവസമാണ് കുരങ്ങുകള്‍ തൂങ്ങി നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് ഇതേ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഒരു കുരങ്ങ് അവശനിലയില്‍ ചെറോറമണ്ണില്‍ സുധിയുടെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇതിന്റെ വായയില്‍ നുരയും പതയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബന്ധപെട്ടവരെ അറിയിക്കുകയായിരുന്നു. കുരങ്ങുകള്‍ക്ക് കുരങ്ങു പനിയാണെന്ന സംശയത്തിലാണ് ജനങ്ങള്‍. ഈ വാര്‍ത്ത നാട്ടില്‍ പരന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഇവിടുത്തുകാര്‍.