ത്രിതല പഞ്ചായത്ത് പദ്ധതികള്‍ സമയബന്ധിതമായി ആവിഷ്‌കരിക്കണം

Posted on: December 3, 2014 11:20 am | Last updated: December 3, 2014 at 11:20 am

കോഴിക്കോട്: ത്രിതല പഞ്ചായത്തുകള്‍ 2015- 16 ലേക്ക് വികസനോന്മുഖ പദ്ധതികള്‍ സമയബന്ധിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല. ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലയില്‍ ഗുണനിലവാരമുള്ള പാല്‍ ലഭ്യമാക്കുന്നതിന് കൂത്താളി കൃഷി ഫാമില്‍ ഹൈടെക് ഡയറി യൂനിറ്റ് സ്ഥാപിക്കുന്നതിന് നടപടികളെടുക്കും. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഡയറി യൂനിറ്റ് സ്ഥാപിക്കുന്നത്. ചെരണ്ടത്തൂര്‍ചിറ, ആവളപ്പാണ്ടി എന്നീ കോള്‍നിലങ്ങളുടെ വികസനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ചാത്തമംഗലം, കുന്നമംഗലം, മാവൂര്‍, പെരുവയല്‍, മുക്കം പഞ്ചായത്തുകളില്‍ ആരംഭിച്ച മുട്ടഗ്രാമം പദ്ധതി ജില്ലയിലെ ഇതര പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പേരാമ്പ്ര, കൂത്താളി ഫാമുകളിലുള്ള മേല്‍ത്തരം പച്ചക്കറി വിത്തുകള്‍ എല്ലാ പഞ്ചായത്തുകളിലും വിതരണം ചെയ്യും. പരിസ്ഥിതിക്കനുയോജ്യമായ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കും. പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളെടുക്കും. നിലവില്‍ ജില്ലയില്‍ 15 വര്‍ക്കിംഗ് ഗ്രൂപ്പുകളാണുള്ളത്. ഇവര്‍ സമര്‍പ്പിക്കുന്ന വിവിധ പദ്ധതികള്‍ക്ക് സംസ്ഥാനതല പരിശോധനകള്‍ക്ക് ശേഷം ജില്ലാ പ്ലാനിംഗ് കമ്മിറ്റിയാണ് അന്തിമാനുമതി നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി കെ തങ്കമണി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ്, വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ഷീബ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി വി എം നജ്മ പ്രസംഗിച്ചു.