മദ്യനയത്തില്‍ മാറ്റം വരുത്തുന്നു

Posted on: December 3, 2014 11:11 am | Last updated: December 3, 2014 at 11:53 pm

barതിരുവനന്തപുരം: ജനവികാരം ഉള്‍ക്കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ മദ്യനയത്തില്‍ മാറ്റം വരുത്തുന്നു. ടൂറിസം മേഖലയില്‍ നിന്നുള്ള പ്രതിഷേധവും തൊഴിലാളികളുടെ പ്രശ്‌നവും ചൂണ്ടിക്കാണിച്ചാണ് നയം തിരുത്താനുള്ള നീക്കം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ പ്രായോഗികമായ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയിലാണ് പ്രഖ്യാപിച്ചത്. വൈകുന്നേരം മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി ഈ നിലപാട് ആവര്‍ത്തിച്ചു. അതേസമയം, നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും മദ്യനയം കോണ്‍ഗ്രസിലും യു ഡി എഫിലും സജീവ ചര്‍ച്ചയാകുകയാണ്. കോഴ ആരോപണം ഉന്നയിച്ച ബാര്‍ മുതലാളിമാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനും അടച്ച് പൂട്ടിയ 418 ബാറുകളില്‍ നിലവാരമുള്ളവക്ക് ബിയര്‍-വൈന്‍പാര്‍ലര്‍ അനുവദിക്കാനുമാണ് നീക്കം. ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ഡ്രൈ ഡേയും പിന്‍വലിക്കും. അടുത്ത യു ഡി എഫ് യോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതാണെങ്കിലും ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഇവ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ കോടതി നടപടി അനുസരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. എന്നാല്‍, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ കാര്യത്തില്‍ പുനരാലോചന നടത്തും. ഫോര്‍ സ്റ്റാര്‍ ലൈസന്‍സ് അനുവദിക്കാത്തത് വിവേചനപരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ടൂറിസം മേഖലയില്‍ നിന്നും വ്യാപകമായ വിമര്‍ശം ഉയരുകയും ചെയ്തു. ഈ ന്യായീകരണം നിരത്തിയാണ് ഫോര്‍ സ്റ്റാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നീക്കം. ജനവികാരം എതിരാകാതിരിക്കാന്‍ ഇതിനായി തൊഴിലാളികളുടെ പ്രശ്‌നവും ഉയര്‍ത്തുന്നുണ്ട്. മദ്യനയത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശങ്ങള്‍ ഓരോ പാര്‍ട്ടികളിലും ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. വി എം സുധീരന്റെ എതിര്‍പ്പിനെ കുറിച്ചുള്ള ചോദ്യത്തിന് സര്‍ക്കാറിന് പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മദ്യനയത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമുണ്ടാകില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളും കോടതി നിരീക്ഷണങ്ങളും ഉള്‍ക്കൊണ്ടുള്ള മാറ്റം വരുത്തുമെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. 22 ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന കോടതിവിധി സര്‍ക്കാറിന്റെ അലംഭാവമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. തോമസ് ഐസക്ക് അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ബിജു രമേശ് ഉന്നയിച്ച ആരോപണം സത്യമായി വരികയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ രണ്ട് ദിവസമായി ബാര്‍കോഴ സംബന്ധിച്ച് സഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താന്‍ ഇടപെടാത്തത് മന്ത്രി മാണിയെ രക്ഷിക്കാനെന്ന ആരോപണം ഭയന്നാണെന്ന് മൗനത്തിന് മറുപടി നല്‍കിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. താനും ആഭ്യന്തരമന്ത്രിയും പങ്കെടുത്ത യോഗം മാണിയെ കുറ്റവിമുക്തനാക്കിയെന്നാണ് ആരോപണം. അവിടെ സംസാരിച്ചിട്ടുപോലുമില്ല. എന്നാല്‍ കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിക്കാന്‍ ശ്രമിച്ചാല്‍ എന്തുവിലകൊടുത്തും എതിര്‍ക്കും. ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടു മുന്നോട്ടുപോകുന്ന സര്‍ക്കാറാണ്. അതില്‍ അഴിമതിയെന്ന് പറഞ്ഞ് പുകമറ സൃഷ്ടിച്ചാല്‍ പിന്മാറില്ല. മുന്നോട്ടുതന്നെ പോകും. മദ്യനയത്തില്‍ ടൂറിസം മേഖലയ്ക്ക് ചില ആശങ്കകളുണ്ട്, അതുപോലെ ഇവിടെ പണിയെടുത്തിരുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങളുണ്ട്. എല്ലാം പരിശോധിച്ച് പ്രായോഗികമായ മാറ്റങ്ങള്‍ കൊണ്ടുവരും. മദ്യനയം പെട്ടെന്ന് എടുത്ത തീരുമാനമാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.