സ്വതന്ത്ര ഫലസ്തീന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ പിന്തുണ

Posted on: December 3, 2014 10:48 am | Last updated: December 3, 2014 at 11:59 pm

french parliamentപാരീസ്: സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കുന്നതിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അംഗീകാരം. പ്രതീകാത്മക വോട്ടെടുപ്പില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഭൂരിപക്ഷ എംപിമാരും അനുകൂലിച്ചു. 339 പേര്‍ അനുകൂലിച്ചപ്പോള്‍ 151 പേരാണ് എതിര്‍ത്തത്.
സോഷ്യലിസ്റ്റുകള്‍ക്ക് മുന്‍തൂക്കമുള്ള ഫ്രഞ്ച് പാര്‍ലമെന്റില്‍ പ്രസിഡന്റ് ഫ്രാങ്‌സോ ഓലന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഇസ്‌റാഈലിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഫ്രഞ്ച് പാര്‍ലമെന്റിന്റെ നടപടി. നേരത്തെ ബ്രിട്ടന്‍, സ്‌പെയിന്‍, സ്വീഡന്‍, അയര്‍ലന്റ് എന്നീ രാഷ്ട്രങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തിന് അനുകൂലമായി പ്രമേയം അവതരിപ്പിച്ചിരുന്നു.
അതേസമയം ഇസ്‌റാഈല്‍ ഫ്രാന്‍സിനെതിരെ രംഗത്തെത്തി. വന്‍ അബദ്ധമാണ് ഫ്രഞ്ച് പാര്‍ലമെന്റിന്റെ നടപടിയെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രതികരിച്ചു. സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ് ഫ്രാന്‍സിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് ഹനാന്‍ അഷ്‌റാവി ഫ്രാന്‍സിന് നന്ദി രേഖപ്പെടുത്തി. ഫ്രഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ തങ്ങള്‍ക്കനുകൂലമായി പ്രമേയം അവതരിപ്പിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രമേയം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഫ്രാന്‍സ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ALSO READ  വെസ്റ്റ് ബാങ്കും ജോര്‍ദാന്‍ താഴ്വാരയും രാജ്യത്തോട് കൂട്ടിച്ചേര്‍ക്കല്‍; ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യു എന്‍