Connect with us

International

വംശീയ വേര്‍തിരിവുകള്‍ തുടച്ചുനീക്കാന്‍ അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: എന്നെന്നേക്കുമായി വംശീയ വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ പുതിയ പദ്ധതികള്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ഹോള്‍ഡര്‍ പ്രഖ്യാപിച്ചു. മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ വെടിവെച്ചുകൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറ്റ്‌ലാന്റയില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെ ഒരു ആധിപത്യം നേടാനുള്ള ശക്തിയായി കാണരുത്. നമ്മുടെ നീതി സംവിധാനങ്ങള്‍ മുഴുവന്‍ ശക്തിപ്പെടുത്തണം. അതുപോലെ കൂടുതല്‍ ഉപകാരപ്രദവുമാകണം. നീതിസംബന്ധിച്ച് ഫെഡറല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ മുന്നോട്ടുവരും. വംശീയമായ വേര്‍തിരിവുകള്‍ തുടച്ചുനീക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അറ്റോര്‍ണി ജനറലിന്റെ പ്രസംഗം നടക്കുന്നതിനിടെയും പ്രക്ഷോഭകാരികള്‍ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി രംഗത്തെത്തി.
അതിനിടെ, പോലീസുകാരുടെ ശരീരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് ബരാക് ഒബാമ രംഗത്തെത്തി. മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയ വെളുത്തവര്‍ഗക്കാരനായ പോലീസിനെതിരെ കുറ്റം ചുമത്തേണ്ടെന്ന് ജൂറിയുടെ തീരുമാനം പുറത്തുവന്നതോടെ കഴിഞ്ഞ ആഴ്ചയില്‍ വന്‍ പ്രക്ഷോഭങ്ങളാണ് ഫെര്‍ഗൂസനിലും മറ്റു നഗരങ്ങളിലും അരങ്ങേറിയിരുന്നത്. നിരവധി സ്ഥലങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.