ഈജിപ്തില്‍ ഹുസ്‌നി മുബാറക് വിരുദ്ധ പ്രക്ഷോഭം: തഹ്‌രീര്‍ ചത്വരം അടച്ചു

Posted on: December 3, 2014 12:39 am | Last updated: December 3, 2014 at 12:39 am

husni mubarakകൈറോ: അറബ് വസന്തത്തിലൂടെ അറിയപ്പെട്ട ഈജിപ്തിലെ തഹ്‌രീര്‍ ചത്വരം താത്കാലികമായി അടച്ചിട്ടു. മുര്‍സി അനുകൂല പ്രക്ഷോഭകര്‍ ഇവിടെ സംഘടിക്കുന്നത് തടയിടാന്‍ ലക്ഷ്യം വെച്ചാണ് നീക്കം. മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെയുള്ള കേസുകളില്‍ അദ്ദേഹം കുറ്റവിമുക്തനാണെന്ന കോടതി വിധി പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചത്വരം അടച്ചിട്ടത്. മുബാറക്കിനെതിരെയുള്ള അഴിമതി കേസുകളില്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു. വിധി പുറത്തുവന്ന ഉടനെ, നൂറുകണക്കിന് പ്രതിഷേധക്കാര്‍ തഹ്‌രീര്‍ ചത്വരത്തില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചത്വരം താത്കാലികമായി അടച്ചിട്ടിരിക്കുന്നത്. ഇരുമ്പു കമ്പികളും സായുധ വാഹനങ്ങളും ഉപയോഗിച്ചാണ് ഇങ്ങോട്ടുള്ള പ്രവേശനം സൈന്യം പൂര്‍ണമായും തടഞ്ഞത്.
പ്രക്ഷോഭകരും സൈന്യവും വിവിധ സ്ഥലങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുബാറക്കിനെതിരെയുള്ള കേസില്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മറ്റു സംഘടനകളും പ്രക്ഷോഭവുമായി രംഗത്തുണ്ട്. ദി കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി, സ്‌ട്രോംഗ് ഈജിപ്ത് പാര്‍ട്ടി, ബ്രഡ് ആന്‍ഡ് ഫ്രീഡം പാര്‍ട്ടി, ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റ്, യുത്ത് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് ഫ്രീഡം, റെസിസ്റ്റന്റ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് എന്നീ സംഘടനകള്‍ ‘വിപ്ലവ ആഴ്ച’ പ്രഖ്യാപനവുമായി രംഗത്തെത്തി. മുബാറക്കിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹരജി നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ ഇദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നേരത്തെ വിധിച്ചിരുന്നത്. ഈജിപ്തിലെ നിയമമനുസരിച്ച്, തടവില്‍ കഴിയുന്ന കാലയളവ് ശിക്ഷാ കാലയളവായി പരിഗണിക്കപ്പെടും. 2011 മുതല്‍ 2013 വരെ ഇദ്ദേഹം വിചാരണ തടവുകാരനായിരുന്നു. മുബാറക് നേരത്തെ ജയില്‍ മുക്തനാകുമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.