Connect with us

International

ഇസില്‍ നേതാവിന്റെ ഭാര്യയും മകളും ലബനാനില്‍ അറസ്റ്റില്‍

Published

|

Last Updated

ബെയ്‌റൂത്ത്: ഇസില്‍ തലവനെന്ന് കരുതപ്പെടുന്ന അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ ഭാര്യയെയും മകളെയും ലബനീസ് സൈന്യം പിടികൂടി. ഒമ്പത് ദിവസം മുമ്പ് സിറിയയില്‍നിന്നും ലബനാനിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്നോ ഇവരുടെ പേരോ വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍, ഇവര്‍ ബഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളാണെന്ന് മാത്രം വിശദീകരിച്ചു. ഇന്റലിജന്‍സിന് കിട്ടിയ വിവരത്തെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായതെന്ന് ഒരു ലബനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരവധി വിദേശികളെ, ഇറാഖി-സിറിയന്‍ പൗരന്‍മാരെ തടവിലാക്കി സിറിയയിലും ഇറാഖിലും പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ഇസ്‌ലാമിക് ഭരണം പ്രഖ്യാപിച്ച് സ്വയം ഖലീഫയായി അവരോധിതനായ ബഗ്ദാദിക്കെതിരെ ഭാര്യയേയും മകളേയും വിലപേശലിനുള്ള തുറുപ്പ് ചീട്ടായി ഉപയോഗിക്കാമെന്നിരിക്കെ ഇവര്‍ പിടിയിലായത് ബഗ്ദാദിക്ക് വന്‍ തിരിച്ചടിയാണ്. നേരത്തെ ബഗ്ദാദിയുടെ ഭാര്യക്കൊപ്പം പിടിയിലായത് മകനാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡി എന്‍ എ ടെസ്റ്റിലൂടെ സ്ത്രീക്കൊപ്പമുള്ളത് ബഗ്ദാദിയുടെ മകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ ഇവരെ ലബനീസ് പ്രതിരോധ മന്ത്രാലയത്തില്‍ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് ഇസിലിന്റെ വെബ്‌സൈറ്റില്‍ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടില്ല.