Connect with us

International

സൈന്യവുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് സിറിയയിലെ പ്രതിപക്ഷം

Published

|

Last Updated

ബെയ്‌റൂത്ത്: സിറിയയിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബശാര്‍ അല്‍ അസദിന്റെ സൈന്യവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് അഹ്മദ് മൂസ അല്‍ ഖത്വീബ്. രണ്ട് വിഭാഗവും കൂടിയിരുന്ന് ചര്‍ച്ചകള്‍ നടത്തുകയെന്നതാണ് സിറിയയിലെ ജനങ്ങളുടെ ആവശ്യം. ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വേദനകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇതൊരു വലിയ പരിഹാരമാകുമെന്നും ഖത്വീബ് പറഞ്ഞു. അസദ് ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന റഷ്യയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 2013ല്‍ പാര്‍ട്ടിയുടെ തലപ്പത്ത് നിന്ന് ഇദ്ദേഹം രാജിവെച്ചിരുന്നെങ്കിലും ഇപ്പോഴും പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് ഖത്വീബ്.
രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം പരിഹരിക്കല്‍ അനിവാര്യമായിരിക്കുന്നു. കാരണം സംഘര്‍ഷങ്ങള്‍ ഓരോ സിറിയക്കാരനെയും മോശമായി ബാധിച്ചുകഴിഞ്ഞു. സൈന്യവും പ്രതിപക്ഷവും ജനങ്ങളും പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ നടന്ന സംഘര്‍ഷങ്ങള്‍ക്കിടെ സിറിയയില്‍ 1,95,000 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതിന് പുറമെ മൊത്തം ജനസംഖ്യയുടെ പകുതിയും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
2011ലാണ് അസദ് വിരുദ്ധരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. പക്ഷേ പ്രക്ഷോഭകരെ സൈന്യം ക്രൂരമായി അടിച്ചമര്‍ത്തി.