നാലുമാസത്തിനകം വിദ്യാലയ പരിസരങ്ങള്‍ ലഹരിവിമുക്തമായി പ്രഖ്യാപിക്കും

Posted on: December 3, 2014 12:27 am | Last updated: December 3, 2014 at 12:27 am

no-drugsതിരുവനന്തപുരം: അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പായി സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പരിസരം ലഹരിവിമുക്ത മേഖലയായി പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സേഫ് ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലാ കലക്ടര്‍മാരുമായി ആഭ്യന്തരമന്ത്രി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയിലാണ് ഇപ്പോള്‍ ലഹരിവില്‍പ്പനക്ക് നിരോധനമുള്ളത്. ഇതു 500 മീറ്ററായി ഭേദഗതി ചെയ്യാനുള്ള ശിപാര്‍ശ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരി വസ്തുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കോപ്റ്റ, എന്‍ ഡി പി എസ്, ജുവനൈല്‍ ആക്ട്, പോലീസ് ആക്ട്, അബ്കാരി ആക്ട് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം കേസെടുക്കും. ലഹരിക്കെതിരെ ശക്തവും ഫലപ്രദവുമായ ബോധവത്കരണം വ്യാപകമാക്കും. സ്‌കൂളുകളുടെ മുന്നിലെ വാഹനാപകടം കുറക്കാനും നടപടിയെടുക്കും. വിദ്യാലയ പരിസരത്ത് റോഡുകളില്‍ സീബ്ര ലൈനുകള്‍ വരക്കും. സ്‌കൂള്‍ സൈന്‍ ബോര്‍ സ്ഥാപിക്കും. ക്ലാസ് സമയം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും സ്‌കൂളിനേ മുന്നിലെ ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനേയോ, സ്റ്റുഡന്റ് പോലീസ്, എന്‍ സി സി കേഡറ്റിനേയോ നിയോഗിക്കും. വിദ്യാര്‍ഥികളെ റോഡ് മുറിച്ചുകടക്കാനും ഇവര്‍ സഹായിക്കും. ട്രാഫിക് നിയമങ്ങളെ സംബന്ധിച്ച് സെമിനാറുകളും വര്‍ക്‌ഷോപ്പുകളും സംഘടിപ്പിക്കും. ശുചിത്വമിഷന്റെ സഹായത്തോടെ എല്ലാ സ്‌കൂളുകളിലും തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിക്കും. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, ക്ലബുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ ഇതില്‍ അംഗങ്ങളാകും.
ഈ പദ്ധതികളുടെ അവലോകനം യഥാസമയങ്ങളില്‍ നടത്തുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി.
കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് ‘ദിശ’ എന്ന പരിപാടി ആരംഭിച്ചു. 1056 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കൗണ്‍സലിംഗും മറ്റ് പിന്തുണയും നല്‍കും.