മയാസുരന്റെ അഞ്ച് വിരലുകള്‍ !

Posted on: December 3, 2014 3:11 am | Last updated: December 3, 2014 at 12:14 am

rssസംഘ്പരിവാര്‍ ഈയിടെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആഗോള ഹിന്ദു കോണ്‍ഗ്രസ് പുറത്തിറക്കിയ വിചാര രേഖ അവരുടെ ഫാസിസ്റ്റ് തനിനിറം പ്രഖ്യാപനം ചെയ്യുന്നുണ്ട്. മാര്‍ക്‌സിസം, മെറ്റീരിയലിസം, മെക്കാളെയിസം, മിഷനറിയിസം, മുസ്‌ലിം തീവ്രവാദം എന്നിവ ഹിന്ദു ധര്‍മത്തെ നശിപ്പിക്കാന്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രവണതകളാണെന്നും ആ അഞ്ച് പ്രവണതകളേയും ഇല്ലായ്മ ചെയ്തുകൊണ്ടേ ഹിന്ദു ധര്‍മം സംരക്ഷിക്കാനാകൂ എന്നുമാണ് വിചാര രേഖ ആഹ്വാനം ചെയ്യുന്നത്. മിലീഷ്യസ് അഞ്ച് എന്നാണ് എം എന്ന അക്ഷരത്തില്‍ തുടങ്ങുന്നതും ‘ഹിന്ദു ഇന്ത്യ’യുടെ ശത്രുക്കളുമായ പ്രവണതകളെ സംഘ്പരിവാരം പേരിട്ടിരിക്കുന്നത്. മയാസുരന്റെ അഞ്ച് വിരലുകള്‍ പോലെയുള്ള ഇപ്പറഞ്ഞ ഹിന്ദു ഇന്ത്യയുടെ ശത്രുക്കളില്‍ പെരുവിരല്‍ മാര്‍ക്‌സിസമാണെന്നും ഹിന്ദുത്വ വിചാരരേഖ പറയുന്നു. വിഷലിപ്തമായ ഫാസിസ്റ്റ് പ്രവണത പ്രകടിപ്പിക്കുന്ന ഈ ഹിന്ദുത്വ വിചാര രേഖ പുറത്തിറക്കിയിരിക്കുന്നത് ‘പ്രോഗ്രസ് ഫൗണ്ടേഷ’ന്റെ പേരിലാണ് എന്നത് മറ്റൊരു തമാശയാണ്.
കേന്ദ്ര ഭരണത്തിന്റെ മറവില്‍ സംഘ്പരിവാരം മതേതര ജനാധിപത്യ ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്ന ‘അച്ഛാ ദിന്‍’ മാര്‍ക്‌സിസ്റ്റുകളെയും യുക്തിവാദികളെയും മുസ്‌ലിംകളെയും ക്രൈസ്തവ വിഭാഗങ്ങളെയും തീവ്രവാദവും മറ്റും ആരോപിച്ച് വേട്ടയാടി നശിപ്പിക്കുക എന്നതില്‍ ഊന്നിയുള്ളതാണെന്നും അതിനുള്ള ആഗോള ഗൂഢാലോചനയാണ് നടന്നതെന്നും ഇതില്‍ നിന്ന് വ്യക്തം. ഇത്തരം കാവി ഭീകര ഗൂഢാലോചനക്കെതിരെ അടിയന്തിരാവസ്ഥക്കാലത്ത് ഉയര്‍ന്നതിനേക്കാള്‍ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.
മയാസുരന്റെ അഞ്ച് വിരലുകള്‍ എന്നാണ് ഹിന്ദു ഇന്ത്യയുടെ ശത്രുക്കളായ അഞ്ച് പ്രവണതകളെ വിശേഷിപ്പിക്കുന്നത്. മയാസുരന്‍ ആരായിരുന്നു എന്നറിയാത്തവരാണ് ഹിന്ദുത്വ വിചാര രേഖ എഴുതിയതെന്നുറപ്പ്. ബ്രഹ്മ പുത്രനായ കാശ്യപ പ്രജാപതിക്ക് മൂന്നാമത്തെ ഭാര്യയായ ദനുവില്‍ പിറന്ന പുത്രനാണ് മയന്‍. എന്നുവെച്ചാല്‍ ബ്രഹ്മാവിന്റെ പൗത്രനാണ് മയന്‍. വിശ്വകര്‍മാവിന്റെ അവതാരമെന്ന് വിശേഷിപ്പിക്കാവുന്ന വിധം ശില്‍പ്പകലയില്‍ അസാമാന്യ പാടവമുണ്ടായിരുന്ന പെരുന്തച്ചന്മാര്‍ക്കും പെരുന്തച്ചനായ മയന്‍, പാണ്ഡവരില്‍ പ്രധാനിയായ അര്‍ജുനന്റെ സുഹൃത്തായിരുന്നു. ഈ അഗാധ സൗഹൃത്തിന്റെ സ്മാരകം എന്ന നിലയില്‍ മയന്‍ പാണ്ഡവര്‍ക്ക് നിര്‍മിച്ചുകൊടുത്ത പുരമാണ് മഹാഭാരതേതിഹാസത്തില്‍ പറയുന്ന ‘ഇന്ദ്രപ്രസ്ഥം’. കമലാക്ഷന്‍, താരകാക്ഷന്‍, വിദ്യുന്മാലി എന്നിങ്ങനെ അറിയപ്പെടുന്ന മൂന്ന് അസുര സഹോദരന്മാര്‍ക്ക് താമസിക്കാന്‍ ത്രിപുരങ്ങള്‍ തീര്‍ത്ത മയാസുരന്‍ തന്നെ മഹാവിഷ്ണുവിനോടുള്ള ആദര സൂചകമായി ദേവന്മാര്‍ക്ക് വേണ്ടി ‘സുധര്‍മ’ എന്ന കൊട്ടാരവും പണിതീര്‍ത്തുകൊടുത്തതായി കഥാസരിത്ത് സാഗരത്തില്‍ വിവരിക്കുന്നുണ്ട്. സര്‍വോപരി മയാസുരന്‍ തികവൊത്ത ശൈവഭക്തനുമായിരുന്നു. മായാസുരനെ സംബന്ധിച്ച ഇത്തരം പുരാണേതിഹാസങ്ങളിലെ പരാമര്‍ശങ്ങള്‍ വായിച്ചറിഞ്ഞിട്ടുള്ള ഒരാള്‍ക്കും ബ്രഹ്മാവും ശിവനും പാണ്ഡവരും വിഷ്ണുവും ദേവന്മാരും ഒക്കെ ഹിന്ദു ഇന്ത്യയുടെ ഭാഗമല്ലെന്നും അതിനാല്‍ മേല്‍പ്പറഞ്ഞവരുമായി രക്തബന്ധവും വ്യക്തിബന്ധവും ഉണ്ടായിരുന്ന മയാസുരന്‍ ഹിന്ദു ഇന്ത്യയുടെ ശത്രുവാണെന്നുമുള്ള വിവരക്കേടുകള്‍ ധ്വനിപ്പിക്കുന്ന ഈ വിചാര രേഖയോട് പുച്ഛം മാത്രമേ തോന്നുകയുള്ളൂ. ബ്രഹ്മാവിന്റെ പൗത്രനും ശിവ വിഷ്ണുഭക്തനും പാണ്ഡവ മിത്രവും ദേവാസുര മാനവ വര്‍ഗങ്ങള്‍ക്കെല്ലാം ആദരവ് തോന്നുന്ന ശില്‍പ്പകലാ വിദഗ്ധനുമായ മയാസുരന്റെ അഞ്ച് വിരലുകള്‍ ഹിന്ദു ഇന്ത്യയുടെ ശത്രുവാകുന്നത് എങ്ങനെയാണ്?
ഇനി, മെക്കാളെയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതിയില്‍ തീര്‍ച്ചയായും ബ്രിട്ടീഷ് സാമ്രാജ്യത്വ താത്പര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ആ സാമ്രാജ്യത്വ താത്പര്യം ഹിന്ദു ഇന്ത്യക്ക് വിരുദ്ധമാണെന്ന് സംഘ്പരിവാരം വാദിച്ചാല്‍, ഇപ്പോള്‍ നരേന്ദ്രമോദി പിന്‍പറ്റുന്നതും അദാനി, അംബാനി തുടങ്ങിയവര്‍ താലോലിക്കുന്നതുമായ ആഗോളീകരണ ഉദാരീകരണ സാമ്പത്തിക നയങ്ങളെല്ലാം അപ്പാടെ റദ്ദ് ചെയ്യേണ്ടിവരും. കാരണം, നരസിംഹ റാവു തുടങ്ങിവെച്ചതും മന്‍മോഹന്‍ സിംഗ് വിനീത വിധേയനായ ഗുമസ്തനെപ്പോലെ പിന്‍പറ്റിയതും ഇപ്പോള്‍ നരേന്ദ്രമോദി അനുവര്‍ത്തിച്ചുവരുന്നതുമായ സാമ്പത്തിക ഉദാരീകരണ നയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യങ്ങള്‍ നല്ലവണ്ണമുണ്ട്. ഇത്രയും ദോഷകരമായ സാമ്രാജ്യത്വ താത്പര്യം മെക്കാളെ പ്രഭുവിന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസ നയത്തില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, മെക്കാളെയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി ഇല്ലായിരുന്നെങ്കില്‍ രാജാറാം മോഹന്‍ റായിയോ ഈശ്വര ചന്ദ്ര വിദ്യാസാഗറോ ജെ സി ബോസോ ഗോപാലകൃഷ്ണ ഗോഖലെയോ തിലകനോ വിവേകാനന്ദനോ ഗാന്ധിയോ നെഹ്‌റുവോ സരോജിനി നായിഡുവോ ഡോ. പല്‍പ്പുവോ കുമാരനാശാനോ ഡോ. അംബേദ്കറോ ഒന്നും ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ല. ഇവരൊന്നും ഉണ്ടാകാത്ത ഒരു ഇന്ത്യയാണോ ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്? ആണെങ്കിലത് ഇരുളിന്റെ ഇന്ത്യ മാത്രമായിരിക്കും. ഇംഗ്ലീഷ് അറിയാത്ത ഒരാള്‍ക്ക് ഇംഗ്ലീഷ് അറിയുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് തോന്നുന്നുണ്ടെന്ന് കരുതി മെക്കാളെയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി ഇന്ത്യക്ക് എതിരാണെന്ന് സംഘ്പരിവാരം പ്രചരിപ്പിക്കുന്നത് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ കുറുക്കന്‍ നയമാണ്.
മാത്രമല്ല, ആളുകള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനെ സംഘ്പരിവാരം ഭയക്കുന്നു. കാരണം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ തുറന്നുകിട്ടുന്ന മനുഷ്യാവകാശങ്ങളുടെയും സ്ത്രീ പുരുഷ സമത്വത്തിന്റെയും- ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനാധിപത്യത്തിന്റെയും- ലോകങ്ങളിലേക്ക് ഇന്ത്യന്‍ ജനത പ്രവേശിതരായാല്‍ അതിലൂടെ ഉണ്ടാകുക നെഹ്‌റുമാരും ലോഹ്യമാരും ഡോ. എസ് രാധാകൃഷ്ണന്മാരും ഇ എം എസുമാരും റോമിലാ ഥാപ്പര്‍മാരും അംബേദ്കര്‍മാരും ഒക്കെയാകുമെന്ന് അവര്‍ക്കറിയാം. ഇവരിലൂടെയൊന്നും ഹിന്ദു രാഷ്ട്ര ഫാസിസം നടപ്പാക്കാനാകില്ലല്ലോ. അതിനാലവര്‍ മെക്കാളെയുടെ വിദ്യാഭ്യാസ നയത്തിനെതിരെ തിരിഞ്ഞിരിക്കുന്നു.
ഉപനിഷത്തുകളെ വിദേശികള്‍ക്ക് പരിചയപ്പെടുത്താന്‍ കാരണക്കാരനായത് അക്ബര്‍ ചക്രവര്‍ത്തിയുടെ പൗത്രനായ ദാരാ രാജകുമാരനാണ്. ഇത് വിസ്മരിച്ചുകൊണ്ട് ഇന്ത്യയുടെ ആധ്യാത്മിക സംസ്‌കാരത്തിന് വിദേശങ്ങളില്‍ സിദ്ധിച്ചിട്ടുള്ള പ്രചാരത്തെയും അംഗീകാരത്തേയും പറ്റി വാചാലരാകാന്‍ സത്യസന്ധരായ ചരിത്ര പണ്ഡിതന്മാര്‍ക്കൊന്നും സാധ്യമല്ല. ധാരാളം ഹിന്ദു നാമധാരികളായ ചക്രവര്‍ത്തിമാര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. അവരൊക്കെ ഗ്രീക്ക്, റോം, ചീന, അറബ് ദേശങ്ങളിലുള്ളവരുമായി കുരുമുളകും മറ്റും കച്ചവടം നടത്തി കാശും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഒരൊറ്റ ഹിന്ദു ചക്രവര്‍ത്തിമാര്‍ക്കും ഉപനിഷത്തുകള്‍ വിദേശ ഭാഷകളിലേക്ക് തര്‍ജമ ചെയ്യണമെന്നുള്ള താത്പര്യം ഉണ്ടായിട്ടില്ല. അതുണ്ടായത് ഒരു മുസ്‌ലിം ചക്രവര്‍ത്തിയുടെ പൗത്രനാണ്. ഇത് തെളിയിക്കുന്നത് മുസ്‌ലിം കളായ ഇന്ത്യക്കാര്‍ക്ക് ഇന്നാടിന്റെ ഋഷി സംസ്‌കാരത്തോട് ഉണ്ടായിരുന്ന ഭക്ത്യാദരവുകളാണ്. അമീര്‍ ഖുസ്രു എന്ന സൂഫി സംഗീതജ്ഞനാണ് പണ്ഡിറ്റ് രവിശങ്കര്‍ എന്ന ആഗോള വിഖ്യാതനായ സിത്താറിസ്റ്റിന്റെ ഗുരു എന്നതും ഓര്‍മിക്കണം. അതിനാല്‍ ഇന്ത്യയുടെ ദാര്‍ശനികവും കലാപരവുമായ സാംസ്‌കാരിക ചരിത്രത്തിന് മുസ്‌ലിം മതസ്ഥരില്‍ നിന്ന് ലഭിച്ചിട്ടുള്ള അനര്‍ഘ സംഭാവനകളെ തീര്‍ത്തും തള്ളിപ്പറയാനാകില്ല. കൊല്‍ക്കത്തയിലെ കുഷ്ഠരോഗികളെ മാറോടണച്ചു സേവന ശുശ്രൂഷകള്‍ ചെയ്യാന്‍ ഒരു രവിശങ്കറും ബാബാ രാംദേവും അമൃതാനന്ദമയിയും ഉണ്ടായില്ല. ഉണ്ടായത് മദര്‍ തെരേസയാണ്. മദര്‍ തെരേസയെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ഇന്ത്യക്ക് ആപത്താണെങ്കില്‍ അത്തരമൊരു ഹിന്ദു ഇന്ത്യ മനുഷ്യത്വരഹിതവും സ്‌നേഹശൂന്യവുമായ ഒരു ഇന്ത്യ ആയിരിക്കും. അതിനോട് മനുഷ്യര്‍ക്കൊന്നും യോജിക്കാനാകില്ല.
ചാര്‍വാകന്റെയും കപില സാംഖ്യത്തിന്റെയും നിരീശ്വരവാദപരമായ ദര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ ദാര്‍ശനിക പാരമ്പര്യത്തെ മാനിക്കുന്നവര്‍ക്ക് ഭൗതികവും മാര്‍ക്‌സിസവും പാരമ്പര്യത്തിന്റെ ശത്രുക്കളാണെന്നു പറയാനാകില്ല. അതിനാലാണ് ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന നാരായണ ഗുരുവാക്യത്തെ ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനെ നാരായണ ഗുരു തന്നെ പ്രിയ ശിഷ്യനാക്കി നിലനിര്‍ത്തിയത്. അതിനാല്‍ ഹിന്ദു ഇന്ത്യയുടെ മുഖ്യവിപത്തായി മാര്‍കിസത്തെയും ഭൗതികവാദത്തെയും കാണുന്നവര്‍ നടപ്പാക്കാന്‍ പോകുന്ന ഇന്ത്യയില്‍ ചാര്‍വാക കപിലാദി മഹര്‍ഷിമാരും സഹോദരന്‍ അയ്യപ്പന്മാരും മഹാത്മാ ഗാന്ധിമാരും മദര്‍തെരേസമാരും ഒക്കെ വേട്ടയാടി കൊല്ലപ്പെടും. അത്തരമൊരു ഇന്ത്യ നമുക്കാവശ്യമുണ്ടോ? മോദി ഭരണകാലത്തെ ഭാരതം ഉയര്‍ത്തുന്ന ചോദ്യം ഇതാണ്.