യൂറോപ്പിന്റെ പൈതൃകത്തെരുവുകളിലൂടെ

  Posted on: December 2, 2014 2:53 pm | Last updated: December 2, 2014 at 2:55 pm

  byline khaleel thangal

  സ്‌പെയിനിലെ മലാഗയില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്കുള്ള യാത്രയിലാണ് മക് സ്റ്റീഫനെ പരിചയപ്പടുന്നത്. ടൂര്‍ ഓപ്പറേറ്ററെന്ന നിലയില്‍ നിരവധി തവണ ഇന്ത്യയിലെത്തിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് കേരളം സന്ദര്‍ശിച്ചു. നമ്മുടെ കായലും കരിമീനും ഹലുവയുമൊക്കെ സ്റ്റീഫന്റെ ഓര്‍മകളില്‍ ഇന്നുമുണ്ട്. യൂറോപ്യനാണെങ്കിലും എരിവും പുളിയുമുള്ള ഇന്ത്യന്‍ തീന്മേശകള്‍ തന്റെ ദൗര്‍ബല്യമാണെന്ന് സ്റ്റീഫന്‍ കണ്ണിറുക്കുന്നു.

  മലബാറില്‍ ചെലവഴിച്ച മൂന്ന് ദിനങ്ങളായിരുന്നുവത്രേ ഇന്ത്യന്‍ യാത്രയില്‍ തന്റെ ഏറ്റവും നല്ല ദിനങ്ങള്‍. കോഴിക്കോട്ടെ പൈതൃകത്തെരുവുകളില്‍ അലഞ്ഞറിഞ്ഞ മലബാറിന്റെ തനിമയാര്‍ന്ന രുചി ഇന്നും നാവിലൂറുന്നു. സൈന്‍സ് റെസ്റ്റോറന്റില്‍ കയറി മലബാറിന്റെ സ്വാദറിഞ്ഞതിനെപ്പറ്റി സ്റ്റീഫന്‍ വാചാലനായി. അറബ് നാടുകളുമായുള്ള ചരിത്രബന്ധത്തിലൂടെ കിട്ടിയ അടുക്കളക്കൂട്ടുകള്‍ ഇന്നും കൈവിടാതിരിക്കുന്ന മലബാറിനെ അദ്ദേഹം പ്രശംസ കൊണ്ട് പൊതിഞ്ഞു. കോഴിക്കോട്ടെ തെക്കേപ്പുറവും മിഠായിത്തെരുവുമൊക്കെ ചേര്‍ത്ത് സ്റ്റീഫന്‍ നാഷനല്‍ ജിയോഗ്രാഫിക് വെബ്‌സൈറ്റില്‍ യാത്രാക്കുറിപ്പെഴുതി.

  khaleel thangal 3

  എന്റെ നാടിനെ പ്രശംസ കൊണ്ടു മൂടിയ സ്റ്റീഫനോട് ഞാന്‍ പറഞ്ഞില്ല, സൈന്‍സ് റെസ്റ്റോറന്റിനു തൊട്ടു തന്നെയുള്ള മുച്ചുന്തിപ്പള്ളിയെപ്പറ്റി; കോഴിക്കോട്ടെ ഏറ്റവും പഴക്കമുള്ള ആ പള്ളിയുടെ ആര്‍ക്കിടെക്ചര്‍ പ്രാധാന്യത്തെക്കുറിച്ച്. കാരണം, മലബാറിന്റെ പൈതൃക രുചികള്‍ ഇന്നും വേവുന്ന കോഴിക്കോട്ടെ അടുക്കളകള്‍ക്ക് ചാരത്ത്, മുച്ചുന്തിപ്പള്ളിയുടെ ചരിത്രവും പഴമയും കാത്തുസൂക്ഷിക്കാന്‍ അതിന്റെ അവകാശികള്‍ മറന്നുപോയ അനുഭവമായിരിക്കും സ്റ്റീഫനു തിരിച്ചു പറയാനുണ്ടാവുക. അപൂര്‍വമായ കൊത്തുപണികളും നിര്‍മാണ രീതികളും ഒരുമിക്കുന്ന മുച്ചുന്തിപ്പള്ളി ഒരുപാട് മഹാത്മാക്കളുടെ താവളം കൂടിയായിരുന്നു. സയ്യിദുമാരും പണ്ഡിതന്മാരും പ്രാര്‍ഥനകളും പാഠങ്ങളും കൊണ്ട് ധന്യമാക്കിയ പള്ളിക്കു ലഭിക്കേണ്ട ശ്രദ്ധയും പരിചരണവും നമുക്കു കൊടുക്കാനായില്ല.

  Khaleel thangal - tour dairy (5)

  സര്‍ക്കാറിന്റെയോ ഔദ്യോഗിക ഏജന്‍സികളുടെയോ കീഴില്‍ കൊണ്ടുവരാനല്ല, ടൂറിസ്റ്റുകള്‍ക്ക് കയറിനിരങ്ങാനുള്ള കാഴ്ചവസ്തുവാക്കാനല്ല. ഒരു പള്ളിക്കു ലഭിക്കേണ്ട ആദരപൂര്‍ണമായ ശ്രദ്ധ നല്‍കാന്‍ നാം മറന്നുപോയോ എന്ന് സംശയം. പ്രത്യേകിച്ചും, ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രനഗരമായ കോഴിക്കോടിന്റെ അടയാളവും ആകര്‍ഷണവുമാകേണ്ടതാണ് മുച്ചുന്തിപ്പള്ളി.

  അമേരിക്കയിലെ പ്രശസ്തനായ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ ഡോ. ഉമര്‍ ഫാറൂഖ് അബ്ദുല്ല മൂന്ന് വര്‍ഷം മുമ്പ് മുച്ചുന്തിപ്പള്ളിയിലെത്തി അവിടെ ഏറെ നേരം ചെലവഴിച്ചത് ഓര്‍ത്തുപോകുകയാണ്. ഇമാം നവവി ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം ഇസ്‌ലാമിന്റെ ആധ്യാത്മിക മാര്‍ഗത്തെപ്പറ്റി ഏറെ പഠനവും അനുഭവവുമുള്ള മഹദ് വ്യക്തിത്വമാണ്. ഡോ. അബ്ദുല്ലയും കൂടെയുണ്ടായിരുന്ന ഘാനയില്‍ നിന്നുള്ള പണ്ഡിതനും പള്ളിയുടെ മുകള്‍ തട്ടിലേക്കു കയറി കണ്ണീരോടെയാണ് തിരിച്ചിറങ്ങിയത്. പൊടിപിടിച്ച് കിടക്കുന്ന തട്ടിന്‍പുറം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. തുടര്‍ന്ന് മഅ്ദിന്‍ അക്കാദമിയില്‍ വിദ്യാര്‍ഥികളോടു സംവദിക്കുന്നതിനിടെ മുച്ചുന്തിപ്പള്ളിയുടെ ഈ അനുഭവം അദ്ദേഹം വേദനയോടെ പങ്കുവെച്ചു.

  Khaleel thangal - tour dairy (3)

  പൈതൃകങ്ങളോടും ചരിത്രത്തോടും നാം ചെയ്യുന്ന അവഗണനയെപ്പറ്റി പറയുമ്പോള്‍ അത് മുച്ചുന്തിപ്പള്ളിയിലൊതുങ്ങുന്നില്ല. കേരളത്തിലെ ഇസ്‌ലാമിന് അശ്‌റഫുല്‍ ഖല്‍ഖ് മുത്ത് റസൂലുല്ലാഹി (സ)യുടെ കാലം തൊട്ടുള്ള പൈതൃകം പറയുന്നവരാണ് നാം. ധീര ദാഇകളായ തിരു സ്വഹാബത്തിന്റെ (പ്രവാചകാനുചരന്മാര്‍) സാന്നിധ്യവും കേരളത്തില്‍ നാം അറിഞ്ഞിട്ടുണ്ട്. എന്നാല്‍, ആ മഹദ് ചരിത്രത്തിന്റെ എത്ര അടയാളങ്ങള്‍ ഇന്നു ബാക്കിയുണ്ട്. മാടായിപ്പള്ളിയിലെ ആറാം നൂറ്റാണ്ടിലെ ചരിത്രരേഖകളെപ്പറ്റി നാം എല്ലാവരും പറയാറുണ്ട്. അതേപ്പറ്റി ആധികാരികമായി പഠനം നടത്താന്‍ ഇത്രയും കാലത്തിനിടെ നാം ശ്രമിച്ചിട്ടുണ്ടോ?

  മാലിക് ബിന്‍ ദീനാര്‍(റ)ന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പള്ളികള്‍ കേരള ഇസ്‌ലാമിന്റെ ചരിത്രാടിത്തറയാണ്. അവയില്‍ എത്രയെണ്ണത്തിന് അര്‍ഹിക്കുന്ന സംരക്ഷണം കൊടുക്കാന്‍ നമുക്ക് കഴിഞ്ഞു? ഇന്ത്യയിലെ ആദ്യത്തെ പള്ളി കാണാനും പഠിക്കാനും മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ ഡോ. സ്പഹിച്ച് ഉമര്‍, നമ്മുടെ ചരിത്രബോധത്തിലെ ദാരിദ്ര്യമോര്‍ത്ത് രോഷം കൊണ്ടത് ഓര്‍ത്തുപോവുകയാണ്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ വരെ സംരക്ഷിക്കാനും നിലനിര്‍ത്താനും അല്ലെങ്കില്‍ തനിമ ഒട്ടും ചോരാതെ പുതിക്കിപ്പണിയാനും സൗകര്യങ്ങളുള്ള കാലത്ത് കൊടുങ്ങല്ലൂര്‍ പള്ളി അടിച്ചുപൊളിച്ച് കോണ്‍ക്രീറ്റ് ചെയ്ത നിഷേധത്തെപ്പറ്റി ഡോ. സ്പഹിച്ച് രോഷം കൊണ്ടു.

  Khaleel thangal - tour dairy (4)

  കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍മിതിയില്‍ നിര്‍ണായക സ്ഥാനം വഹിച്ച തറവാടുകളും ഗ്രന്ഥാലയങ്ങളും പഠന കേന്ദ്രങ്ങളുമൊക്കെ ഒരുപാടുണ്ട്. അവ ഒരു പക്ഷേ, ഏതാനും കുടുംബങ്ങളുടെ സ്വകാര്യ സ്വത്തായിരിക്കാം. വ്യക്തികളുടെ നിയന്ത്രണത്തിലുള്ളവയായിരിക്കാം. പക്ഷേ, അത്തരം ചരിത്ര സ്മാരകങ്ങള്‍ ജെ സി ബി ഉപയോഗിച്ച് തറയോടെ പറിച്ചെറിയുന്നതിനുമുമ്പ് ഉടമകളെ അതിന്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പള്ളികളും തറവാടുകളും പൊളിച്ചുനീക്കുന്നതിന്റെ അതൃപ്പത്തെപ്പറ്റി ഇന്നും വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നമുക്കാര്‍ക്കും മനസ്സ് വേദനിക്കാത്തതെന്തേ?

  നമ്മുടെ പൂര്‍വികര്‍ കാത്തുസൂക്ഷിച്ച സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളായ രചനകളുടെ എത്ര വാള്യങ്ങള്‍ പള്ളികളിലെയും തറവാടുകളിലെയും അലമാരകളില്‍ ചിതലരിച്ചുപോയി. മോയിന്‍ കുട്ടി വൈദ്യരുടെ ഇതുവരെ വെളിച്ചം കാണാത്ത കൃതി ഈയടുത്ത് വീണ്ടെടുത്തതിനെപ്പറ്റി നാം വായിച്ചില്ലേ? ഇതുപോലെ എത്ര അമൂല്യ രചനകള്‍ ഇനിയും വെളിച്ചം കാണാന്‍ കാത്തിരിക്കുന്നു. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം ശേഖരിച്ച പരപ്പില്‍ മുഹമ്മദ് കോയ എന്ന വ്യക്തി, നൂറുകണക്കിന് രേഖകള്‍ സ്വന്തം പ്രയത്‌നത്താല്‍ കണ്ടെടുത്ത് പ്രകാശനം ചെയ്തു. ഒരു വ്യക്തിക്ക് ഇതാകാമെങ്കില്‍ വ്യവസ്ഥാപിത രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സാമുദായിക കൂട്ടായ്മകള്‍ക്കും എന്തെല്ലാം ചെയ്യാന്‍ കഴിയും.

  ഇക്കഴിഞ്ഞ സെപ്തംബറില്‍, ഒരു മാസത്തോളം നീണ്ട യൂറോപ്യന്‍ യാത്രയില്‍ വിവിധ രാജ്യങ്ങളും സമൂഹങ്ങളും തങ്ങളുടെ ചരിത്രവും സാംസ്‌കാരികാടയാളങ്ങളും കാത്തുസൂക്ഷിക്കുന്നത് ഏറെ ആശ്ചര്യത്തോടെയാണ് കണ്ടത്.

  ഗുണ്ടര്‍ട്ടിന്റെ ജന്മനാട്ടില്‍

  Khaleel thangal - tour dairy (2)മലയാള ഭാഷയെപ്പറ്റി പഠിച്ചവര്‍ക്ക് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ അറിയാതിരിക്കില്ല. മലയാളത്തിലെ ആദ്യ ഡിക്ഷനറിയുണ്ടാക്കിയ ജര്‍മന്‍ മിഷനറി. ഗുണ്ടര്‍ട്ടിന്റെ കുടുംബമായിരുന്നു ജര്‍മനിയിലെ ഞങ്ങളുടെ ആതിഥേയര്‍. ഗുണ്ടര്‍ട്ടിന്റെ നാലാം തലമുറയിലെ കൊച്ചു മകള്‍ ഗെര്‍ട്വാഡിന്റെ ഭര്‍ത്താവ് ഡോ. ആല്‍ബര്‍ട്ട് ഫ്രന്‍സും മകന്‍ ക്രിസ്റ്റോഫും എല്ലാ സൗകര്യങ്ങളുമൊരുക്കി നമ്മുടെ എല്ലാ ആഥിത്യ മര്യാദകളേയും തോല്‍പ്പിച്ചു കളഞ്ഞു.

  1814ല്‍ ജര്‍മനിയിലെ സ്റ്റുഡ്ഗര്‍ട്ടില്‍ ജനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഇരുനൂറാം ജന്മ വാര്‍ഷിക പരിപാടികളുടെ ഭാഗമായിക്കൂടിയാണ് മഅ്ദിന്‍ പ്രതിനിധികളെ അവര്‍ ക്ഷണിച്ചത്. ഗുണ്ടര്‍ട്ടിനു ശേഷമുളള കേരളത്തെപ്പറ്റി പഠിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സൊസൈറ്റി പ്രതിനിധികള്‍ കേരളത്തിലെത്തിയ സമയത്ത് അവര്‍ സ്വലാത്ത് നഗര്‍ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ ആദ്യ സയ്യിദ് കുടുംബമായ ബുഖാരി തങ്ങന്മാരുടെ ഉപ്പാപ്പയായ, വളപട്ടണത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി(ഖ സി)യെപ്പറ്റിയുള്ള പഠനത്തിന്റെ ഭാഗമായി അവര്‍ എന്റെ വീട്ടിലും വന്നു.

  നാല് ദിവസത്തെ ജര്‍മന്‍ പര്യടനത്തില്‍ ഞങ്ങള്‍ ആദ്യമായി പോയത് സ്റ്റുഡ്ഗട്ടില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രചെയ്ത് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പഠിച്ച മാല്‍ബണിലെ മിഷനറി സ്‌കൂളിലേക്കായിരുന്നു. ഗുണ്ടര്‍ട്ടിന്റെ പേരമകനും നോബല്‍ സമ്മാന ജേതാവും ഏറ്റവും പ്രമുഖനായ ജര്‍മന്‍ എഴുത്തുകാരിലൊരാളുമായ ഹെര്‍മന്‍ ഹെസ്സെയും ഇവിടെയാണ് പഠിച്ചത്. രണ്ട് നൂറ്റാണ്ടുകള്‍ക്കിപ്പുറവും സ്‌കൂളിന് ഒരു മാറ്റവുമില്ല. അന്നത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള സ്‌കൂള്‍ ഇന്നും മുടക്കമില്ലാതെ നടക്കുന്നു. മിഷനറി സ്‌കൂളായതു കൊണ്ടു തന്നെ തൊട്ടടുത്തായി ക്രിസ്ത്യന്‍ മഠവും പള്ളിയുമൊക്കെയുണ്ട്. ഏറ്റവും നന്നായിത്തന്നെ എല്ലാം പരിപാലിച്ചിരിക്കുന്നു.

  ഗുണ്ടര്‍ട്ടിന്റെ പഠനകാലത്തെ ഓരോ പടികളും സ്‌കൂളില്‍ മുദ്രണം ചെയ്തിരിക്കുന്നു. ഡോ. ഫ്രന്‍സിന്റെ വിശദീകരണം പലപ്പോഴും വല്ലാതെ ദീര്‍ഘവും മടുപ്പിക്കുന്നതുമായി. അത്രയും വിശദമായി ചരിത്രം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ആ സ്‌കൂളില്‍ പഠിച്ച നിരവധി പ്രഗത്ഭരുടെ ചരിത്രം ഇതുപോലെ ഭംഗിയായി കാത്തുപോരുന്നുണ്ട്. ഗുണ്ടര്‍ട്ട് വായനയില്‍ മുഴുകിയിരുന്ന സ്ഥലം, താമസിച്ചിരുന്ന മുറി, ചുമരില്‍ തന്റെ പേര് എഴുതിവെച്ചത്… ഇങ്ങനെ ചെറിയ വിവരങ്ങള്‍ പോലും ചോര്‍ന്നുപോകാതെ ശ്രദ്ധിച്ചിരിക്കുന്നു.

  സ്റ്റുഡ്ഗട്ടില്‍ ഒരു വലിയ മരം കാണിച്ചുതന്ന് ക്രിസ്റ്റോഫ് പറഞ്ഞു, ഇതിനടുത്തായിരുന്നു ഗുണ്ടര്‍ട്ടിന്റെ ജന്മവീട്. രണ്ടാം ലോക മഹായുദ്ധത്തില്‍ സ്റ്റുഡ്ഗട്ട് നഗരം ഒന്നാകെ ബോംബിംഗില്‍ തകര്‍ന്നതില്‍ അതും നശിച്ചുപോയി. എന്നാല്‍, ഗുണ്ടര്‍ട്ടിന്റെ കളിസ്ഥലങ്ങളും ജീവിത പരിസരവുമെല്ലാം അവര്‍ ഭംഗിയായി അടയാളപ്പെടുത്തിത്തന്നു.

  Khaleel thangal - tour dairy (1)

  മറ്റൊരു ദിവസം കാല്‍ഫിലേക്കായിരുന്നു യാത്ര. ജര്‍മനിയിലെ പൈതൃക നഗരമാണിത്. ഇന്നും നൂറ്റാണ്ടുകളുടെ നിര്‍മിതിയും അടയാളങ്ങളും ഒരു പോറലുമേല്‍ക്കാതെ നിലനിര്‍ത്തിയിരിക്കുന്നു. കാല്‍ഫിലെ തെരുവുകള്‍ക്ക് പൈതൃക വീടുകളാണ് അതിരിടുന്നത്. സാങ്കേതികമായി ഏറെ വളര്‍ന്നിട്ടും ആധുനിക ടൗണ്‍ഷിപ്പുകളുടെ വാക്താക്കള്‍ക്ക് തങ്ങളുടെ ചരിത്രത്തെരുവുകള്‍ ഇടിച്ചു നിരത്തി കോണ്‍ക്രീറ്റ് സൗധങ്ങളുണ്ടാക്കാന്‍ തോന്നിയില്ലെന്നത് ഏറെ അത്ഭുതപ്പെടുത്തി. കാല്‍ഫില്‍ ഞങ്ങള്‍ക്കായി സ്വീകരണവും വിരുന്നുമൊരുക്കിയ മേയര്‍ റാഫ് എഗര്‍ട്ട് നഗരത്തിന്റെ പൈതൃക ബോധത്തെപ്പറ്റി വാചാലനായി. ഹെര്‍മന്‍ ഹെസ്സേയുടെ വീട് ഇന്നൊരു മ്യൂസിയമാക്കി പരിവര്‍ത്തിപ്പിച്ചതിന്റെ മനോഹരമായ ഉദാഹരണം അദ്ദേഹം കാണിച്ചു തന്നു.

  താഴെ നില ഒരു ഫാഷന്‍ വസ്ത്ര ഷോപ്പിന് നല്‍കിയതിലെ അനൗചിത്യം ആലോചിച്ചു കൊണ്ട് അവിടെയെത്തിയ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിന്റെ ഉടമ ഞങ്ങളെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഹെസ്സെ താമസിച്ചിരുന്ന സ്ഥലം ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഏടുകളും പ്രകാശിപ്പിക്കുന്നതാണ്. ഹെസ്സെയുടെ കട്ടില്‍, എഴുത്തു മേശ, അടുക്കള മുതല്‍ എല്ലാം അതേ പോലെ നിലനിര്‍ത്തിയിരിക്കുന്നു. അക്കാലത്തെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ശ്രദ്ധയോടെ കാത്തുപോരുന്നു. പാരമ്പര്യ രീതിയിലുള്ള ഓവന്‍ പ്രത്യേകമായി നിര്‍മിച്ച് സ്ഥാപിക്കുന്ന പണി നടക്കുന്നുണ്ടവിടെ.

  തുടര്‍ന്ന്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ട്യൂബിംഗനില്‍ ഞങ്ങളെത്തി. 400 വര്‍ഷം പഴക്കമുണ്ടെങ്കിലും ഒന്നും ഇടിച്ചു പൊളിച്ചിട്ടില്ല. നിലത്തു പാകിയ കല്‍കട്ടകളടക്കം അതേപോലെ പുനഃസ്ഥാപിച്ചിരിക്കുന്നു. തൊട്ടടുത്ത് ഗുണ്ടര്‍ട്ട് താമസിച്ചിരുന്ന സെമിനാരിയിലെ ഹോസ്റ്റലും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഗണ്ടര്‍ട്ടിനു പുറമെ, പ്രശസ്ത ജര്‍മന്‍ ചിന്തകനായ ഹെഗലിനെപ്പോലുള്ളവര്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. അച്ചടക്ക ലംഘനം നടത്തിയ കുട്ടികളെ അടച്ചിട്ടിരുന്ന ജയില്‍ അടക്കമുള്ള ചരിത്രത്തിന്റെ ഓരോ ഏടും ശ്രദ്ധയോടെ സംരക്ഷിച്ചിരിക്കുന്നു.

  മലയാള ഭാഷയോടും സംസ്‌കാരത്തോടുമൊക്കെ പുച്ഛമുള്ള നമ്മുടെ അറിവിലേക്ക് മറ്റൊന്നു കൂടി ഡോ. ഫ്രന്‍സ് പറഞ്ഞു. ഈ യൂനിവേഴ്‌സിറ്റിയില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റുണ്ട്. അതിനു നേതൃത്വം വഹിക്കുന്നത് ഹെയ്ക് മൊസര്‍ എന്ന ജര്‍മന്‍കാരിയാണ്. നമ്മുടെ കലാമണ്ഡലത്തില്‍ വര്‍ഷങ്ങള്‍ താമസിച്ച് കൂടിയാട്ടവും ശുദ്ധ മലയാളവും പഠിച്ച അവരെ ഏറെ അത്ഭുതത്തോടെയാണ് ഞങ്ങള്‍ കണ്ടത്. 42000 പേജ് വരുന്ന ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട മലയാളം രേഖകള്‍ യൂനിവേഴ്‌സിറ്റി ലൈബ്രറിയിലുണ്ട്. അവയെല്ലാം ഡിജിറ്റലൈസ് ചെയ്ത് സമൂഹത്തിന് ലഭ്യമാക്കാനുള്ള ശ്രമമാണ് ഭാഷാ പണ്ഡിതനായ സ്‌കറിയ സക്കറിയയുടെയും മലയാളം വിക്കിപീഡിയ സുഹൃത്തുക്കളുടെയും സഹകരണത്തോടെ ഇവര്‍ നടത്തുന്നത്.

  മലബാറിലെ പള്ളി അലമാരകളിലും വീടുകളിലെ പത്തായപ്പുരകളിലും ചിതലരിച്ചുപോയ, ഇന്നും അനാഥമായിക്കിടക്കുന്ന അമൂല്യമായ മാന്യുസ്‌ക്രിപ്റ്റുകളെപ്പറ്റി ഞാന്‍ ആലോചിച്ചു. ഫത്ഹുല്‍ മുഈന്‍ പോലെ വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങള്‍ സമ്മാനിച്ച കേരളത്തിന്റെ ജ്ഞാന പാരമ്പര്യം കാത്തുസൂക്ഷിക്കാനാകാത്ത നമ്മെപ്പറ്റി വരും തലമുറകള്‍ വിലപിക്കാതിരിക്കട്ട.

  ബ്രിട്ടീഷ് മ്യൂസിയങ്ങളിലെ മുസ്‌ലിം കേരളം

  നമ്മുടെ നാട്ടില്‍ നിന്ന് സമ്പത്തും അമൂല്യ വസ്തുക്കളും കൊള്ളയടിച്ചു കടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെപ്പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍, ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലെ ഇന്ത്യന്‍ സെക്ഷനില്‍ നിന്നിറങ്ങുമ്പോള്‍ എനിക്കു തോന്നി ബ്രിട്ടീഷുകാര്‍ ഈ രേഖകളൊന്നും ഇങ്ങോട്ടു കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ അവ ഇന്ന് നഷ്ടപ്പെട്ടു പോകുമായിരുന്നുവെന്ന്.

  കേരളോല്‍പ്പത്തി മുതല്‍ ഇസ്‌ലാമിന്റെ ആഗമനവും പ്രചാരണവും പണ്ഡിതരുടെ സംഭാവനകളുമെല്ലാം വെളിപ്പെടുത്തുന്ന രേഖകള്‍ ബ്രിട്ടീഷ് ലൈബ്രറിയിലുണ്ട്. ചേരമാന്‍ പെരുമാളിന്റെ മക്കയാത്രയെപ്പറ്റി ഇന്ന് ലഭിക്കുന്ന ആധികാരിക രേഖ ഇവിടുത്തേതാണ്. ‘ഖിസ്സ ശക്രൂത്തി ഫിര്‍മദ്’ എന്ന് പേരിലുള്ള ഈ രേഖയില്‍ (കിറശമ ഛളളശരല കടഘഅങകഇ 2807, ജമഴല െ81 104. ഇമീേഹീഴൗല 1044 ) മക്കത്തു പോയി ഇസ്‌ലാം സ്വീകരിച്ച ശക്രൂതി രാജാവിന്റെ കീഴിലുള്ള ആദ്യകാല മുസ്‌ലിം സമൂഹത്തെപ്പറ്റി സൂചിപ്പിക്കുന്നു. ഫത്ഹുല്‍ മുഈന്‍ അടക്കം നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികളും അല്ലാത്തവയുമായി അനേകം അമൂല്യ ഇസ്‌ലാമിക് രേഖകള്‍ ഇവിടെയുണ്ട്.

  ഇവ കണ്ടെത്താനും കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രത്തെപ്പറ്റി അക്കാദമിക് തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ബലം നല്‍കാനും നമുക്ക് സംവിധാനങ്ങളില്ലാതെ പോയി. അതിന് ഗവേഷകരെയും പണ്ഡിതരെയും അയക്കാനും അവര്‍ക്ക് സംവിധാനങ്ങളൊരുക്കാനും മറ്റു ബഹളങ്ങള്‍ക്കിടയില്‍ നാം മറന്നുപോയോ? നമ്മുടെ ദഅ്‌വാ കോളജുകളിലുള്‍പ്പെടെയുള്ള മിടുക്കരായ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ടോ?
  മഅ്ദിന്‍ ബിരുദതലം തൊട്ട് വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പ്രത്യേക വിഷയങ്ങളില്‍ കോച്ചിംഗ് നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ രംഗത്ത് കൂടുതല്‍ കൂട്ടായ്മയും സഹകരണവും ആവശ്യമാണ്.

  ലണ്ടനിലെ തന്നെ ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട ചരിത്രരേഖകളും സാധനങ്ങളുമെല്ലാം കരുതലോടെ സൂക്ഷിച്ചിരിക്കുന്നു. ടിപ്പുവിന്റെ വസ്ത്രങ്ങളും ആയുധങ്ങളുമെല്ലാം അവിടെയുണ്ട്. മൈസൂരിലെയും ശ്രീരംഗപട്ടണത്തെയും ടിപ്പു സ്മാരകങ്ങളോട് സര്‍ക്കാറുകളും സമൂഹവും കാണിക്കുന്ന അശ്രദ്ധയും അവജ്ഞയും ഞാന്‍ ഓര്‍ത്തുപോയി. ടിപ്പുവിന്റെ സമ്മര്‍ പാലസ് എന്ന മനോഹര സൗധം അവഗണന കൊണ്ട് പ്രൗഢി നശിച്ചു നില്‍ക്കുന്ന ചിത്രം മനസ്സിലേക്കോടിവന്നു.

  യൂറോപ്പിലെ പൈതൃകത്തെരുവുകള്‍

  നാഗരിക സമൂഹത്തിന്റെ അടയാളമാണ് വൃത്തിയും വെടിപ്പുമുള്ള നഗര സംവിധാനം. യൂറോപ്പ് സാംസ്‌കാരിക ദാരിദ്രൃത്തില്‍ കഴിയുമ്പോള്‍ ഉന്നതമായൊരു ജീവിത മാതൃക കാണിച്ചുകൊടുത്തത് ഇസ്‌ലാമിക സ്‌പെയിന്‍ ആണ്. ലണ്ടനിലും പാരീസിലുമൊക്കെ തെരുവു വിളക്കുകള്‍ കത്തുന്നതിന്റെ 600-700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക സ്‌പെയിനില്‍ അവയുണ്ടായിരുന്നെന്ന് പ്രമുഖ എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ ടോര്‍ ഇജിലാന്റ് സൗദി അരാംകോ മാഗസിനില്‍ എഴുതിയിട്ടുണ്ട്.
  ഇസ്‌ലാമിക് സ്‌പെയിനിന്റെ തകര്‍ച്ചക്കു ശേഷം, ക്രിസ്ത്യന്‍ സഭയുടെ ആശീര്‍വാദത്തോടെ ഒരു ലക്ഷം മുസ്‌ലിംകളെയാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച് കൊലപ്പെടുത്തിയത്. രണ്ട് ലക്ഷം പേര്‍ പലായനം ചെയ്തു. മുസ്‌ലിം ചിഹ്നങ്ങള്‍ ഒന്നുപോലുമില്ലാതെ തുടച്ചുനീക്കി. കൊര്‍ദോവയിലെ ഗ്രാന്റ് മസ്ജിദ് ഉള്‍പ്പെടെ പള്ളികള്‍ ചര്‍ച്ചുകളാക്കി മാറ്റി. ഇതിന്റെ ബാക്കിപത്രമെന്നോണം, പടിഞ്ഞാറു ദിശയില്‍ അള്‍ത്താരയുള്ള ചര്‍ച്ചുകള്‍ നിരവധി ഇന്നും കാണാം. കാരണം, പള്ളി മിമ്പറുകള്‍ കൂടുതല്‍ മാറ്റങ്ങളില്ലാതെ അള്‍ത്താരകളാക്കി മാറ്റുകയായിരുന്നു.

  ഇങ്ങനെ, ഇസ്‌ലാമിന്റെ എല്ലാ അടയാളങ്ങളും തച്ചുതകര്‍ത്തെങ്കിലും പിന്നീടുള്ള യൂറോപ്പിന്റെ വളര്‍ച്ചയില്‍ സ്‌പെയിനിന്റെ സ്വാധീനം വ്യക്തമാണ്. ശാസ്ത്രവും മതവും തത്വചിന്തയുമെല്ലാം സ്‌പെയിനിന്റെ അടിത്തറയിലാണ് വളര്‍ന്നത്. നഗര സംവിധാനത്തിലും ആര്‍ക്കിടെക്ചറിലുമൊക്കെ ഈ സ്വാധീനമുണ്ടായി. ഇതിന്റെ അടയാളങ്ങള്‍ ലണ്ടനിലും പാരീസിലുമൊക്കെ ഒരുപാട് കാണാനായി.

  എന്നെ അത്ഭുതപ്പെടുത്തിയത്, നൂറ്റാണ്ടുകളുടെ എടുപ്പുകളും വാസ്തു മാതൃകകളും നിലനിര്‍ത്തിപ്പോരുന്നതില്‍ അവര്‍ കാണിക്കുന്ന ശ്രദ്ധയും ഉത്സാഹവുമാണ്. ഗള്‍ഫിലേതു പോലെ അംബരചുംബികളായ കെട്ടിടങ്ങളല്ല ഈ നഗരങ്ങളെയൊന്നും വ്യത്യസ്തമാക്കുന്നത്. മറിച്ച്, ക്ലാസിക്കല്‍ മാതൃകയിലുള്ള വീടുകളും കെട്ടിടങ്ങളും. പലപ്പോഴും ഒരേ മാതൃകയാല്‍ വീടുകളും തെരുവുകളും മാറിപ്പോകുന്ന അവസ്ഥ.

  കെട്ടിടങ്ങളുടെ ഉള്ളില്‍ എന്തു മാറ്റം വരുത്തിയാലും പുറം ഭാഗം തൊടാന്‍ പാടില്ല. അറ്റകുറ്റപ്പണികള്‍ക്ക് പ്രത്യേക പെര്‍മിറ്റ് വേണം. അതിന് വിദഗ്ധരെ തന്നെ ഏല്‍പ്പിക്കണം. യു കെയിലെ നോട്ടിംഗ്ഹാമിലെ ജാമിഅ അല്‍ കറം ഇസ്‌ലാമിക് കോളജിന്റെ ഒരു ഭാഗം ഒന്നും ചെയ്യാതെയിട്ടിരിക്കുന്നത് അതുകൊണ്ടാണെന്ന് സ്ഥാപകന്‍ പീര്‍ സാദ പറഞ്ഞു. നഗരത്തില്‍ നിന്നും ഏറെ മാറി ഉള്‍പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും പൈതൃക സംരക്ഷണ ബോധം അത്രയുമുണ്ട് അവര്‍ക്ക്.
  പാരീസിന്റെ പുകള്‍പ്പെറ്റ തെരുവുകള്‍ ശരിക്കും വിസ്മയിപ്പിച്ചു. ഓപ്പറാ ഹൗസും അതിനു ചുറ്റുമുള്ള നഗരഭാഗങ്ങളുമെല്ലാം പരിപാലിക്കപ്പെട്ടു പോരുന്നത് ഏറെ ശ്രദ്ധയോടെയാണ്. വത്തിക്കാനിലും റോമിലും ഇതു തന്നെയാണ് അവസ്ഥ. അവര്‍ക്ക് ചരിത്രവും പൈതൃകവും ജീവിതത്തിന്റെ ഭാഗമാണ്. ലോകാത്ഭുതങ്ങളിലൊന്നായ ഇറ്റലിയിലെ കൊളോസിയം ഇതിന്റെ മികച്ച ഉദാഹരണമാണ്. നിരവധി ഭൂകമ്പങ്ങളും യുദ്ധങ്ങളുമുണ്ടായിട്ടും ഇന്നും നിര്‍മാണ കലയുടെ വലിയ ഉദാഹരണമായി അത് സംരക്ഷിച്ചുപോരുന്നു. കൊളോസിയത്തിനു ചുറ്റുമുള്ള പഴയ റോമന്‍ പുരാതന നഗരത്തിന്റെ പുനര്‍നിര്‍മാണവും നടന്നുവരുന്നത് കാണാനായി. ഇതിലൂടെ മൈക്കിള്‍ ആഞ്ചലോയും ഡാവിഞ്ചിയുമെല്ലാം ഇന്നും ഓര്‍മിക്കപ്പെടുന്നു.

  കേരളത്തിലെ ഇസ്‌ലാമിന്റെ പൈതൃക നഗരങ്ങളെപ്പറ്റിയും കെട്ടിടങ്ങളെപ്പറ്റിയും അപ്പോഴും ഞാന്‍ ഓര്‍ത്തു. പൊന്നാനി പള്ളിയുടെ ഏറ്റവും പഴയതെന്ന് കരുതപ്പെടുന്ന ചിത്രം (1930) ജര്‍മനിയിലെ ബേസല്‍ മിഷന്‍ ആര്‍ക്കൈവ്‌സില്‍ നിന്നാണ് ലഭിച്ചത്. ഇതോടൊപ്പം മറ്റനേകം പള്ളികളുടെ ചിത്രങ്ങളും കാണാനായി. അവയില്‍ ഭൂരിഭാഗവും ഇന്ന് നശിപ്പിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെ കോഴിക്കോട്ടെ മിസ്‌കാല്‍ പള്ളിയും തളിക്ഷേത്രവും അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിച്ചത് ഏറെ പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍, നേരത്തെ സൂചിപ്പിച്ച പോലെ ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുക്കുമ്പോഴുള്ള മതപരവും സാംസ്‌കാരികവുമായ വെല്ലുവിളികള്‍ കാണാതിരുന്നുകൂടാ. ഇത് മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മുസ്‌ലിം സമുദായം തന്നെ ഇത്തരം പൈതൃക സ്വത്തുക്കളുടെ പുനരുദ്ധാരണത്തിനു വേണ്ട പദ്ധതികള്‍ തയ്യാറാക്കുകയാണ്.

  സുവര്‍ണ സ്‌പെയിനിന്റെ കണ്ണുനീര്‍

  ഇക്കഴിഞ്ഞ ഇരുപത്തിയേഴാം രാവില്‍ സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ ഫലസ്തീനിലെ മുസ്‌ലിം വേട്ടയെപ്പറ്റി ഞാന്‍ പരാമര്‍ശിച്ചിരുന്നു. ജൂതന്മാരുടെ ചരിത്രത്തില്‍ ഏറ്റവും സുവര്‍ണ കാലം സ്‌പെയിനിലെ മുസ്‌ലിം ഭരണത്തിലായിരുന്നെന്ന ചരിത്രം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം. പ്രസംഗം ശ്രവിച്ച നിരവധി പേര്‍ അതേപ്പറ്റി സംശയമുന്നയിച്ചു. ഇസ്‌ലാമിക സമൂഹത്തോട് എക്കാലത്തും ശത്രുത പുലര്‍ത്തിപ്പോന്ന ജൂതരും മുസ്‌ലിംകളും എങ്ങനെ പരസ്പരം അംഗീകരിച്ചു ജീവിച്ചുവെന്നായിരുന്നു ചോദ്യം.

  ഇതേ ചോദ്യം, കൊര്‍ദോവയില്‍ ഞങ്ങള്‍ക്കു വഴികാട്ടിയ മൊറോക്കക്കാരന്‍ ഗൈഡിനോട് ഞാനുന്നയിച്ചു. പുകള്‍പ്പെറ്റ കൊര്‍ദോവ പള്ളിയുടെ മുന്‍വശത്തേക്കു നീളുന്ന തെരുവിലേക്ക് എന്റെ കൈപിടിച്ച് അയാള്‍ നടന്നു. ഈ തെരുവിന്റെ തൊട്ടടുത്താണ് ഇസ്‌ലാമിക കാലത്തെ പ്രശസ്തമായ കൊര്‍ദോവ യൂനിവേഴ്‌സിറ്റിയുണ്ടായിരുന്നത്. യൂറോപ്പിന് വെളിച്ചം കാട്ടിക്കൊടുത്ത ലൈബ്രറിയും ഇവിടെയായിരുന്നു. സര്‍വകലാശാലയില്‍ പ്രവേശനം തേടിക്കൊണ്ട് വിവിധ യൂറോപ്യന്‍ രാജാക്കന്മാരും പ്രഭുക്കളും തങ്ങളുടെ കുട്ടികളുടെ കൈകള്‍ പിടിച്ച് കൊട്ടാരത്തിലെത്തിയത് ഈ തെരുവിലൂടെയായിരുന്നു.

  ഏതാനും മിനുട്ടുകള്‍ നടന്ന് അടുത്ത തെരുവിലേക്ക് തിരിഞ്ഞ് ഗൈഡ് നിന്നു. ഇടതു ഭാഗത്തെ ചുമരില്‍ കൊത്തിവെച്ചത് അദ്ദേഹം വായിച്ചുതന്നു, ഖഡഉകഛട. ജൂതന്മാര്‍ക്കുള്ള പ്രത്യേക തെരുവായിരുന്നു അത്. ഇവിടെ അവര്‍ സമാധാനത്തോടെ മുസ്‌ലിം ഭരണത്തിനു കീഴില്‍ കഴിഞ്ഞു. ജൂതര്‍ക്കിടയില്‍ നിന്നും അനേകം പണ്ഡിതരുണ്ടായി. ഇതില്‍ ഏറ്റവും പ്രമുഖനായ മൂസ ബിന്‍ മൈമൂനിന്റെ പേരില്‍ അവിടെ ഇന്നും സ്മാരകങ്ങളുണ്ട്.

  ശൈഖ് സായിദിന്റെ ഓര്‍മപ്പെടുത്തല്‍

  യു എ ഇയുടെ സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രശസ്തമായൊരു മൊഴിയുണ്ട്: ഭൂതകാലത്തെപ്പറ്റി ബോധമില്ലാത്ത സമൂഹത്തിന് വര്‍ത്തമാനവും ഭാവിയുമില്ല.

  കേരളത്തിലെ ഇസ്‌ലാമിന്റെ പൈതൃകത്തെപ്പറ്റി പുസ്തകങ്ങളില്‍ വായിച്ച് സങ്കല്‍പ്പങ്ങളില്‍ ജീവിക്കുന്നതില്‍ കാര്യമില്ലെന്നര്‍ഥം. കോഴിക്കോട്ടെയും പൊന്നാനിയിലെയും തിരൂരങ്ങാടിയിലെയും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെയും മറ്റു നിരവധി സ്ഥലങ്ങളിലെയും മാപ്പിള ചരിത്രം തുളുമ്പി നില്‍ക്കുന്ന അങ്ങാടികളും സ്മാരകങ്ങളും സംരക്ഷിക്കാന്‍ ഇനിയെങ്കിലും ശ്രമങ്ങളുണ്ടാകണം. സംഘടനകളും സ്ഥാപനങ്ങളും മഹല്ലുകളും മറ്റു കൂട്ടായ്മകളുമൊക്കെ ഒന്നിച്ചും വെവ്വേറെയും പരിശ്രമിച്ചാല്‍ ചരിത്രത്തോട് അല്‍പ്പമെങ്കിലും നമുക്ക് നീതി ചെയ്യാനാകും.

  ഇസ്‌ലാമിക സ്‌പെയിനില്‍ നിന്ന് നമുക്ക് ഉത്തമ പാഠമുണ്ട്. വാസ്‌ഗോഡ ഗാമ കോഴിക്കോട്ടെത്തുന്നതിന് ആറ് വര്‍ഷം മുമ്പാണ് സ്‌പെയിനിന്റെ തകര്‍ച്ച പൂര്‍ണമാകുന്നത്, 1492 ജനുവരി 2ന്, മുസ്‌ലിം സ്‌പെയിനിന്റെ എക്കാലത്തേയും വലിയ സ്മാരകമായ ഗ്രനഡയിലെ അല്‍ ഹംറ കൊട്ടാരത്തില്‍ നിന്നും അവസാന മുസ്‌ലിം രാജാവ് മുഹമ്മദ് അബൂ അബ്ദുല്ല പരിഹാസ്യനായി ഇറങ്ങിപ്പോകുന്നു.

  ക്രിസ്ത്യന്‍ രാജാവ് ഫെര്‍ഡിനാന്റിനും ഭാര്യ ഇസബെല്ലക്കും അല്‍ ഹംറയുടെ താക്കോല്‍ ഏല്‍പ്പിച്ച്, 800 വര്‍ഷത്തോളം നീണ്ട മുസ്‌ലിം ഭരണത്തിന് അന്ത്യം കുറിച്ച് അബൂ അബ്ദുല്ല കുതിരപ്പുറത്തേറിപ്പോകുമ്പോള്‍ കണ്ണീര്‍ പൊടിയുന്നുണ്ടായിരുന്നു. ഇടക്ക് കുതിരപ്പുറത്തിരുന്ന് തിരിഞ്ഞു നോക്കി ദുഃഖഭാരത്തോടെ നില്‍ക്കുന്ന അദ്ദേഹത്തോട് തന്റെ സാത്വികയായ ഉമ്മ ആഇശ പറഞ്ഞത്രേ: രാജ്യവും കൊട്ടാരവും സംരക്ഷിക്കാന്‍ ഒരാണിനെപ്പോലെ പൊരുതാനാകാത്ത നീ ഒരു പെണ്ണിനെപ്പോലെ കരഞ്ഞിട്ടു കാര്യമില്ല.