വിശുദ്ധ പദവി പ്രഖ്യാപനത്തിന് പോയ മലയാളികള്‍ തിരികെ വന്നില്ല

Posted on: December 2, 2014 2:02 am | Last updated: December 2, 2014 at 12:02 am

കൊച്ചി: റോമില്‍ നടന്ന വിശുദ്ധ പദവി പ്രഖ്യാപനത്തിന് സാക്ഷികളാവാന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴി ഇറ്റലിയിലെത്തിയ നൂറോളം മലയാളികള്‍ ഇറ്റലിയില്‍ മുങ്ങി. ഇവര്‍ തൊഴില്‍ തേടി മുങ്ങിയതാണെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ സംശയിക്കുന്നത്. മലയാളികളെ കാണാനില്ലെന്ന് കാണിച്ച് കൊച്ചി കേന്ദ്രമായുളള ട്രാവല്‍ ഏജന്‍സി പോലീസിനെയും ഇറ്റാലിയന്‍ കോണ്‍സലേറ്റിനേയും സമീപിച്ചു.
വിശുദ്ധ പദവി പ്രഖ്യാപനം നേരില്‍ക്കാണാന്‍ പതിനായിരത്തോളം മലയാളികള്‍ ഇറ്റലിയിലെത്തിയിരുന്നു. റോമിലും വെനീസിലുമായിട്ടാണ് ഇവര്‍ വിമാനമിറങ്ങിയത്. വത്തിക്കാനിലെ നാമകരണച്ചടങ്ങിന് മുന്‍പും ശേഷവുമായി നിരവധിപേര്‍ മുങ്ങിയെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. കാണാതായവരില്‍ കൂടുതലും സ്ത്രീകളാണ്. പത്തുദിവസത്തെ വിസയായിരുന്നു ഇവര്‍ക്ക് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് അനുവദിച്ചിരുന്നത്. ഇവരെകാണാനില്ലെന്ന കാര്യം ചില ട്രാവല്‍ ഏജന്‍സികള്‍ റോമിലെ പോലീസില്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഇറ്റാലയിന്‍ എംബസിയേയും അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് വിസയിലാണ് എല്ലാവരും പോയത്.
മുംബൈ കേന്ദ്രമാക്കിയുളള സീഗള്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് നിരവധിപ്പേരെ കാണാനില്ലെന്ന കാര്യം അറിയിച്ചിരിക്കുന്നത്. മറ്റൊരു ഏജന്‍സിയില്‍നിന്ന് പോയ 22 പേരെക്കുറിച്ചും വിവരമില്ല. ഗ്രൂപ്പ് വിസയില്‍ വിദേശത്തുപോയി അവിടെനിന്ന് മുങ്ങുന്നതു പതിവാണെങ്കിലും ഇംഗ്ലണ്ട് ഒഴികെയുള്ള രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്ന വിസയായതിനാല്‍ പലരും വര്‍ക്ക് പെര്‍മിറ്റ് തേടി മുങ്ങിയതാവാമെന്നാണ് ട്രാവല്‍ ഏജന്‍സിയുടെ സംശയം. ചില ട്രാവല്‍ ഏജന്‍സികള്‍ യൂറോപ്യന്‍ രാജ്യങ്ങല്‍ ലക്ഷ്യമാക്കി മനുഷ്യക്കടത്ത് നടത്തുന്നതായി സംസ്ഥാന പോലീസ് അന്വേഷണത്തില്‍ നേരത്തെ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ട്രാവല്‍ ഏജന്‍സികള്‍ പോലീസിനെ സമീപിച്ചുതുടങ്ങുന്നത്.