അഫ്‌സ്പ: കാശ്മീര്‍ ബി ജെ പിക്ക് മൃദുസ്വരം

Posted on: December 2, 2014 4:31 am | Last updated: December 1, 2014 at 11:32 pm

kashmirശ്രീനഗര്‍: സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം സംബന്ധിച്ച് ബി ജെ പിക്ക് വീണ്ടുവിചാരം. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) പിന്‍വലിക്കാനാകില്ലെന്ന നിലപടില്‍ ഉറച്ച് നില്‍ക്കുന്ന ബി ജെ പി ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനായി സ്വരം മയപ്പെടുത്തുകയാണ്. ഇത്തരമൊരു കര്‍ശന നിയമം ആവശ്യമില്ലാത്ത നിലയിലേക്ക് ജമ്മു കാശ്മീരിനെ പരിവര്‍ത്തിപ്പിക്കുമെന്നാണ് ബി ജെ പി സംസ്ഥാന ഘടകം പറയുന്നത്.
‘ബി ജെ പി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് അഫ്‌സ്പയുടെ ആവശ്യമുണ്ടാകില്ല. ഭയത്തില്‍ നിന്ന് മുക്തമായ കാശ്മീരിനെ ഞങ്ങള്‍ സൃഷ്ടിക്കും. സമാധാനപരമായ സാഹചര്യം സാധ്യമായാല്‍ പിന്നെ ഇത്തരം നിയമങ്ങള്‍ അനിവാര്യമാകില്ല’ – സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് രമേഷ് അറോറ പറഞ്ഞു. നിയമം ഭാഗികമായി പിന്‍വലിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അതിനുള്ള സാഹചര്യമൊരുക്കുന്നതില്‍ വന്‍ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാഹചര്യമൊരുങ്ങാതെ നിയമം പിന്‍വലിക്കുന്നത് സൈന്യത്തിന്റെ മനോവീര്യം കെടുത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.