Connect with us

National

സഹാറയുടെ ഓഫീസിലെ ഡയറിയില്‍ അമിത് ഷായുടെ പേരുണ്ടെന്ന് തൃണമൂല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ പോയി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്കെതിരെ ശക്തമായ ആക്രമണം നടത്തിയ ബി ജെ പി നേതാവ് അമിത് ഷാക്ക് പാര്‍ലിമെന്റില്‍ തിരിച്ചടി കൊടുത്ത് തൃണമൂല്‍ എം പിമാര്‍. സഹാറയുടെ ഓഫീസില്‍ സി ബി ഐ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ചുവന്ന ഡയറിയില്‍ അമിത് ഷായുടെ പേരുണ്ടെന്ന് തൃണമൂല്‍ അംഗം സുദീപ് ബന്ദോപാധ്യായ വെളിപ്പെടുത്തി. സഹാറ തട്ടിപ്പില്‍ അമിത് ഷാക്കുള്ള ബന്ധത്തെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുമേന്തി പാര്‍ലിമെന്റിന് പുറത്ത് എം പിമാര്‍ പ്രതിഷേധിച്ചു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തത വരുത്തണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടു. രാജ്യസഭ ചേര്‍ന്നയുടനെ വിഷയം എടുത്തിട്ട തൃണമൂല്‍ അംഗം ദെറിക് ഒബ്രീന്‍, സഹാറ കേസില്‍ അമിത് ഷാക്കെതിരെയുള്ള സി ബി ഐ അന്വേഷണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സഹാറ എന്നെഴുതിയ ചുവപ്പ് ഡയറി പിടിച്ച് എം പിമാര്‍ നടുത്തളത്തിലിറങ്ങി. ലോക്‌സഭയില്‍ ചുവന്ന ഡയറി പിടിച്ച് തൃണമൂല്‍ എം പിമാര്‍ സ്പീക്കറുടെ ചേംബറിനടുത്തെത്തി. ഇത് അവഗണിച്ച് സ്പീക്കര്‍ ചോദ്യത്തര വേള തുടര്‍ന്നു. അല്‍പ്പസമയം പ്രതിഷേധിച്ചതിന് ശേഷം എം പിമാര്‍ ഇറങ്ങിപ്പോയി.
ചുവന്ന ഡയറി കണ്ടെത്തിയെന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നിഷേധിച്ചു. ഇത് രാഷ്ട്രീയ ആരോപണങ്ങളാണ്. അത്തരത്തിലൊരു ഡയറി കണ്ടെടുത്തിട്ടില്ല. റിജിജു കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയില്‍ ഞായറാഴ്ച അമിത് ഷാ പ്രസംഗിച്ച അതേ സ്ഥലത്ത് ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് സമ്മേളനം നടത്തി. അടുത്ത വര്‍ഷത്തെ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള ശ്രമം ഇപ്പഴേ തുടങ്ങിയിരിക്കുകയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബി ജെ പി. തൃണമൂല്‍ മുക്ത പശ്ചിമ ബംഗാള്‍ എന്നതിലാണ് അമിത് ഷാ കഴിഞ്ഞ ദിവസം ഊന്നിയത്. ശാരദാ ചിട്ടിഫണ്ട്, ബുര്‍ദ്വാന്‍ സ്‌ഫോടനം എന്നിവ ഉപയോഗിച്ചും മമതക്കെതിരെ അമിത് ഷാ ആഞ്ഞടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബംഗാളില്‍ തൃണമൂല്‍- ബി ജെ പി സംഘര്‍ഷം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.