ഹാരിസണ്‍ മറിച്ചു വിറ്റ ചെറുവള്ളിത്തോട്ടം ഏറ്റെടുക്കാതിരിക്കാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം

Posted on: December 2, 2014 5:19 am | Last updated: December 1, 2014 at 11:20 pm

harison platationപത്തനംതിട്ട :ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി മറിച്ചു വിറ്റ ചെറുവള്ളിത്തോട്ടം ഏറ്റെടുക്കാതിരിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നു. കോട്ടയം -പത്തനംതിട്ട ജില്ലകളിലായി 1000 ഏക്കറോളംമാണ് ചെറുവള്ളിത്തോട്ടം സ്ഥിതിചെയ്യുന്നത്.
പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ഏക്ഷ്യയ്ക്കാണ് ഹാരിസണ്‍മലയാളം ലിമിറ്റഡ് ചെറുവള്ളി തോട്ടം വില്‍പ്പന നടത്തിയത്. ഹാരിസണിന്റെ പക്കലുള്ള തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ തുടങ്ങുന്നതിനിടയിലാണ് ചെറുവള്ളിത്തോട്ടത്തിനെ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ രണ്ട് എം പിമാര്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. ഇതോടെ ചെറുവള്ളിത്തോട്ടം ഏറ്റെടുക്കല്‍ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധിതരായിരിക്കുകയാണ്.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ചെറുവള്ളി തോട്ടത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേസ് ഫയല്‍ ചെയ്യണമെന്ന് കാട്ടി ലാന്‍ഡ് ബോര്‍ഡ് കോട്ടയം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. നിലവില്‍ ഹാരിസണ്‍ തോട്ടത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മാത്രമേ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയുകയുള്ളു. ഇതിന് റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഗോസ്പല്‍ ഫോര്‍ ഏക്ഷ്യയ്ക്ക് വഴിവിട്ട സഹായം ചെയ്തു നല്‍കുകയായിരുന്നു.
സ്‌പെഷ്യല്‍ റിലീഫ് ആക്ട് പ്രകാരം ഹാരിസണിന്റെ കൈവശമുള്ള പാട്ടക്കാലവധി കഴിഞ്ഞ ഭൂമിയും സീലിംഗ് പരിധിക്കു പുറത്തുള്ള ഭൂമിയും പിടിച്ചെടുക്കാന്‍ 2008ല്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് ചെറുവള്ളിതോട്ടം നിയമ തടസ്സം കൂടാതെ സര്‍ക്കാറിന് ഏറ്റെടുക്കാമായിരുന്നു. എന്നാല്‍ ഇതിന് പകരം പോക്കുവരവ് മാത്രം റദ്ദാക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ ചെറുവള്ളിത്തോട്ടത്തിന്റെ പോക്കുവരവ് റദ്ദാക്കിയ നടപടി ഹൈക്കോടതി അസാധുവാക്കി. ഇതിന് പ്രാധാന കാരണം ഫെറാ നിയമം ചൂണ്ടിക്കാട്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വാദിക്കാതിരുന്നതാണെന്നാണ് സൂചന.
ഹാരിസണ്‍ ഭൂമി ഇടപാടു സംബന്ധിച്ച നിവേദിതാ പി ഹരന്‍ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്കു മുന്നില്‍ കാഴ്ച വസ്തുവായി മാത്രം ഹാജരാക്കിയതും തിരിച്ചടിയായി. ഹാരിസണിനെ സംബന്ധിച്ച് കൃത്യമായി രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലാത്തത് ഭൂമി ഏറ്റെടുക്കുന്നതിന് തിരച്ചടിയാകും.
ഹാരിസണ്‍ ഭൂമി ഇടപാടില്‍ നിന്ന് ചെറുവള്ളി തോട്ടം ഏറ്റെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോസ്പല്‍ ഫോര്‍ ഏക്ഷ്യ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
അതേ സമയം , വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ തട്ടിയെടുത്തുവെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഹാരിസണ്‍ കമ്പനിയുടെ നാല് പ്രതിനിധികള്‍ക്കെതിരെയും അഴിമതി നിരോധന നിയമം പ്രകാരം 2013 നവംബറില്‍ തിരുവനന്തപുരം വിജിലന്‍സ് കേസെടുത്തിരുന്നു. ഈ അന്വേഷണം ഇപ്പോള്‍ മരവിച്ച നിലയിലാണ്.