ഇസ്‌റാഈല്‍ വെടിവെപ്പില്‍ ഫലസ്തീന്‍ യുവതിക്ക് ഗുരുതര പരുക്ക്

Posted on: December 2, 2014 4:28 am | Last updated: December 1, 2014 at 10:29 pm

ജറൂസലം: ഫലസ്തീന്‍ യുവതിയെ വെടിവെച്ചു കൊല്ലാന്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ശ്രമം. ജൂത പാര്‍പ്പിട കേന്ദ്രത്തില്‍ ഇസ്‌റാഈല്‍ പൗരനെ കുത്തിപരുക്കേല്‍പ്പിച്ചു എന്ന് ആരോപിച്ചാണ് സൈന്യത്തിന്റെ ഈ നടപടി. വെടിവെപ്പിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബത്‌ലഹേമില്‍ നിന്നുള്ള 20കാരിയായ യുവതിയെയാണ് സൈന്യം ആക്രമിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഗുഷ്എത്ത്‌സിയോണ്‍ കേന്ദ്രത്തിലെത്തിയ യുവതി കത്തി ഉപയോഗിച്ച് ഒരു ജൂതനെ കുത്തിപ്പരുക്കേല്‍പ്പിച്ചതായും ഇതിന് ശേഷം ഇസ്‌റാഈല്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണോദ്ദേശ്യത്തോടെ സമീച്ചപ്പോഴാണ് വെടിവെച്ചതെന്നും സൈന്യം അവകാശപ്പെടുന്നു. ഫലസ്തീന്‍ യൂവതിക്ക് നേരെ വെടിവെപ്പ് നടന്ന ഉടന്‍ ഇവര്‍ക്ക് ജീവനുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരെയോ ഫലസ്തീന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെയോ ഇവരുടെ അടുത്തേക്ക് പ്രവേശിക്കാന്‍ ഇസ്‌റാഈല്‍ അനുവദിച്ചിട്ടില്ല. കൂടുതല്‍ ചികിത്സക്ക് വേണ്ടി ഈ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് മാത്രമാണ് ഇസ്‌റാഈല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ഉള്ളത്.