ജനപച്ച യാത്ര, ജനപക്ഷി യാത്ര

Posted on: December 2, 2014 5:08 am | Last updated: December 1, 2014 at 8:10 pm

VM SUDHEERANയാത്രയാണ്. ജീവിതമെന്ന യാത്രയിലെ, രാഷ്ട്രീയമെന്ന യാത്രയിലെ ചെറിയൊരു യാത്ര. പതിവുപോലെ കാസര്‍കോട് നിന്നാണ് തുടക്കം. കെ പി സി സി അധ്യക്ഷനെ നാട്ടുകാര്‍ക്ക് കാണാനും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാരെ ഒരുക്കാനും ഒരു യാത്ര. അതിന് നല്ലൊരു പേരുമിട്ടു. ജനപക്ഷയാത്ര. ജനങ്ങളോട് ഇത്ര ഒട്ടിനില്‍ക്കുന്ന മറ്റൊരു പേരില്ല.
അന്തരീക്ഷത്തില്‍ ബാര്‍ കോഴ തൂങ്ങിനില്‍ക്കുന്ന സമയത്താണ് യാത്ര ആരംഭിച്ചത്. കോഴയെ അധ്യക്ഷന്‍ നാല് പറയുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചു.
നാട്ടുകാരേ…ജനം കാതു കൂര്‍പ്പിച്ചു. നിങ്ങള്‍ വിഷമില്ലാത്ത പച്ചക്കറി തിന്നണം. അതിന് വീടുകളില്‍ കൃഷിയിറക്കണം. ഇത് കോണ്‍ഗ്രസിന്റെ യാത്രയാണോ, കൃഷി വകുപ്പിന്റെ സെമിനാറോ? ഇത് ജനപക്ഷ യാത്രയോ, ജന പച്ചക്കറി യാത്രയോ?
ആദര്‍ശവാനാണ്. അധികാരത്തോട് ഒട്ടും താത്പര്യമില്ലാത്ത ആളാണ്. ഇതാ കോണ്‍ഗ്രസ് മാറാന്‍ പോകുന്നു.
വിലക്കയറ്റം. എല്ലാ സാധനങ്ങള്‍ക്കും വില വാണം പോലെ കയറുന്നു.
നാട്ടുകാര്‍ വീണ്ടും ചെവിയോര്‍ത്തു. നാട്ടുകാരേ….വീട്ടിലും പരിസരങ്ങളിലുമുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നമ്മള്‍ തയ്യാറാകണം…
നാട്ടുകാര്‍ അടക്കം പറഞ്ഞു: ജന മാലിന്യ യാത്ര!
മുല്ലപ്പെരിയാര്‍ നിറയുകയാണ്. പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. നാട്ടുകാര്‍ യാത്രയുടെ മുമ്പില്‍ ഇടം പിടിച്ചു. നേതാവ് പ്രസംഗിച്ചു. സ്ത്രീ ശാക്തീകരണമാണ് നമ്മുടെ ലക്ഷ്യം.
ജനം ചിരിയോടെ സ്വകാര്യം പറഞ്ഞു: ജനസ്ത്രീ യാത്ര!
ബാറുകാരുടെ പണം നമ്മുക്ക് വേണ്ട. അവരുടെ വോട്ടും വേണ്ട. അധ്യക്ഷന്‍.
അപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു: ബാറില്ലെങ്കിലും വോട്ട് വേണം. ചെന്നിത്തലയും വിട്ടില്ല. സതീശനും അതു തന്നെ പറഞ്ഞു.
മദ്യ വര്‍ജനമാണ് വേണ്ടതെന്ന് ഒരു കൂട്ടര്‍. മദ്യ നിരോധനമാണ് വേണ്ടതെന്ന് മറ്റേ വിഭാഗം.
നാട്ടുകാര്‍ ചോദിച്ചു: ഇത് ജന വര്‍ധന യാത്രയോ, ജന വര്‍ജന യാത്രയോ?
യാത്ര ഇങ്ങനെ പോയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകില്ലെന്ന് വിമര്‍ശം. ഇത് വെജിറ്റേറിയന്‍ യാത്രാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് മുരളി. അധ്യക്ഷന്‍ രാഷ്ട്രീയം പറയുന്നില്ലെന്നാണ് പ്രധാന പരാതി.
എന്താണ് അധ്യക്ഷന്‍ പറയേണ്ടത്. ബാറിന്റെ കാര്യമാണോ? സൂരജ് വിഷയമാണോ? പഴയ സരിത വിവാദമാണോ? വിലക്കയറ്റവും റബ്ബര്‍ വിലയും പറയാന്‍ പറ്റുമോ? അതു കൊണ്ട് നേതാവ് പച്ചക്കറിയെ ക്കുറിച്ചും മാലിന്യ സംസ്‌കരണത്തെ കുറിച്ചും പറയുന്നു. ഉമ്മന്‍ ചാണ്ടിക്ക് സുഖമായി, മാണിക്ക് സുഖമായി, കോണിക്ക് സുഖമായി. നേതാവിതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്? ഗൗരവാനന്ദന്‍ ചോദിച്ചു.
ഒന്ന് കൂടി പറഞ്ഞോട്ടെ. പക്ഷിപ്പനി പടര്‍ന്നു പിടിക്കുകയാണല്ലോ. അവസാനം ഈ യാത്രയുടെ പേരെന്താകും?
ജന പക്ഷി യാത്ര!