Connect with us

Kerala

കോളജ് സ്വയംഭരണാവകാശ ബില്‍ പാസാക്കി

Published

|

Last Updated

തിരുവനന്തപുരം: കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന സര്‍വകലാശാല മൂന്നാം ഭേദഗതി ബില്‍ നിയമസഭ പാസാക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയിലാണ് ബില്‍ പാസാക്കിയത്. ബില്ലിനോട് വിയോജിച്ച പ്രതിപക്ഷം ഇതിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. ഓര്‍ഡിനന്‍സ് വഴി നിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ സ്വയംഭരണാധികാര കോളജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടിയായിട്ടുണ്ട്. പ്രൊഫ. എന്‍ ആര്‍ മാധവ മേനോന്‍ സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണ് കോളജുകള്‍ക്ക് അക്കാദമിക സ്വയംഭരണാധികാരം നല്‍കാനുള്ള തീരുമാനം.

വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്തെ അഞ്ഞൂറിലധികം കോളജുകള്‍ സ്വയംഭരണാവകാശം നേടിയെങ്കിലും കേരളം ഇതുവരെ പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പശ്ചിമബംഗാള്‍ പോലും നേരത്തെ തന്നെ ഇത് നടപ്പാക്കി. ഇനിയും നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്‍ പുരോഗമനപരമല്ലെന്നും വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണത്തിന് വഴിവെക്കുന്നതാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിനാല്‍ ബില്‍ പാസാക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.
വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ സ്വയംഭരണ അംഗീകാര സമിതിയാണ് കോളജുകള്‍ക്ക് അനുമതി നല്‍കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാല വി സിമാര്‍, ഉന്നത വിദ്യാഭ്യാസം, നിയമം, ധനം വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും.
സ്വയംഭരണ കോളജുകള്‍ക്ക് അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് സ്റ്റഡീസും ഗവേണിംഗ് കൗണ്‍സിലും രൂപവത്കരിക്കും. കോളജിന്റെ പ്രിന്‍സിപ്പല്‍ അക്കാദമിക് കൗണ്‍സിലിന്റെ ചെയര്‍മാനാകും. പഠന കോഴ്‌സുകള്‍, പാഠ്യപദ്ധതി, സിലിബസ് പരിഷ്‌കരണങ്ങള്‍, ബോധനത്തിനും മൂല്യനിര്‍ണയത്തിനുമുള്ള ക്രമീകരണങ്ങള്‍ വരുത്തുന്നതും അക്കാദമിക് കൗണ്‍സിലിന്റെ ചുമതലയായിരിക്കും.

Latest