ദുബൈ പോലീസിന് വീണ്ടും ആഢംബര കാര്‍

Posted on: December 1, 2014 8:37 pm | Last updated: December 1, 2014 at 8:37 pm

dubai-police-lexus-625ദുബൈ: അത്യാഢംബര കാറുമായി വീണ്ടും ദുബൈ പോലീസ് വാര്‍ത്തയില്‍ ഇടം നേടുന്നു. ഇത്തവണ ലെക്‌സസ് ജിഎസ് ആണ് ദുബൈ പോലീസ് സേനയുടെ ഭാഗമായത്. പോലീസിന് അത്യാധുനിക വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാര്‍ സേനയിലേക്ക് എത്തിച്ചിരിക്കുന്നത്.
ദുബൈ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീന കാറിന്റെ ദുബൈയിലെ വിതരണക്കാരായ അല്‍ ഫുതൈം മോട്ടോഴ്‌സ് എം ഡി ജോണ്‍ വില്യംസില്‍ നിന്നു ഏറ്റുവാങ്ങി.
അല്‍ ഫുത്തൈം മോട്ടോഴ്‌സ് ജനറല്‍ മാനേജര്‍ സഊദ് അബ്ബാസിയും ചടങ്ങില്‍ പങ്കെടുത്തു. നഗരത്തിലെ പട്രോളിംഗ് ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് കാര്‍ ഉപയോഗിക്കുകയെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
നിയമം നടപ്പാക്കാനും സുരക്ഷ ഉറപ്പാക്കാനും കാര്‍ സഹായകമാവും. പോലീസിനെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളുമായി അടുപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ കാര്‍.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആസ്റ്റിന്‍ മാര്‍ട്ടിന്‍, ലംബോര്‍ഗിനി തുടങ്ങിയ അത്യാഢംബര കാറുകളും പോലീസ് സേനയുടെ ഭാഗമായിരുന്നു.