ബാലസാഹിത്യം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം: എ കെ പ്രേമജം

Posted on: December 1, 2014 9:59 am | Last updated: December 1, 2014 at 9:59 am

കോഴിക്കോട്: ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണെന്ന് മേയര്‍ എ കെ പ്രേമജം. കൈയ്യില്‍ കിട്ടുന്നതെന്തും കുട്ടികള്‍ ഉപയോഗിക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന ഗ്രന്ഥങ്ങള്‍ സൂക്ഷമതയോടും ശ്രദ്ധയോടും കൂടി കൈകാര്യം ചെയ്യണമെന്നും അവര്‍ പറഞ്ഞു. കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പി അനിലിന്റെ കുഞ്ഞാറ്റയുടെ മാന്ത്രികപ്പട്ടം എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കൃതിയുടെ പ്രകാശനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ ആദ്യപ്രതി ശ്രീജിത്ത് ഐ പി എസിന് നല്‍കി നിര്‍വഹിച്ചു. ജില്ലാകലക്ടര്‍ സി എ ലത ആദ്യ വില്‍പ്പന നിര്‍വഹിക്കുകയും മലബാര്‍ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ ഫൈസല്‍ ഏറ്റുവാങ്ങുകയും ചെയ്തു. എലത്തൂര്‍ എം എല്‍ എ. എ കെ ശശീന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ ആര്‍ട്ടിസ്റ്റ് മദനന് ഉപഹാരം സമര്‍പ്പിച്ചു.
കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ ശാന്ത, കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള, ജില്ലാ സഹകരണബേങ്ക് ഡയറക്ടര്‍ എന്‍ സുബ്രഹ്മണ്യന്‍, എ വി പ്രകാശ്, എന്‍ സി മോയിന്‍കുട്ടി പങ്കെടുത്തു.