സ്റ്റോപ്പുകള്‍ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Posted on: December 1, 2014 9:58 am | Last updated: December 1, 2014 at 9:58 am

കൊടുവള്ളി: ദേശീയപാത 212ല്‍ പടനിലം ജംഗ്ഷനില്‍ സി എം മഖാം സിയാറത്തിനെത്തുന്ന ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ഥം ഒക്‌ടോബര്‍ 28ന് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ അനുവദിച്ച ടി ടി ബസ് സ്റ്റോപ്പ് റദ്ദാക്കിയ നടപടി ചര്‍ച്ചയാകുന്നു. കോഴിക്കോട് സോണല്‍ ഓഫീസര്‍ പോലും അറിയാതെ മാനന്തവാടി എ ടി എ നല്‍കിയ റിപ്പോര്‍ട്ടിന്റെ മറവിലാണ് കഴിഞ്ഞ ദിവസം സ്റ്റോപ്പ് റദ്ദാക്കി ഉത്തരവ് വന്നത്.
2004ല്‍ കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ കോഴിക്കോട് – മാനന്തവാടി റൂട്ടില്‍ 110 കിലോമീറ്ററില്‍ കേവലം 14 സ്റ്റോപ്പുകളാണുണ്ടായിരുന്നത്. കോഴിക്കോട് സിവില്‍, മൂഴിക്കല്‍, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, വൈത്തിരി, ചുണ്ടേല്‍, കല്‍പ്പറ്റ, മടക്കിമല, കണിയാംമ്പറ്റ, പനമരം, നാലാംമൈല്‍ എന്നിവയായിരുന്നു സ്റ്റോപ്പുകള്‍. പിന്നീട് പത്ത് വര്‍ഷം കൊണ്ട് 29 ടി ടി സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. 30 ാമത്തെ ടി ടി സ്റ്റോപ്പാണ് പടനിലത്ത് അനുവദിച്ചത്. ഇപ്പോള്‍ പടനിലം ഉള്‍പ്പെടെ 44 സ്ഥലങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. കല്‍പ്പറ്റക്കും മാനന്തവാടിക്കുമിടയില്‍ 33 കിലോമീറ്ററില്‍ 19 സ്റ്റോപ്പുകളില്‍ 15 എണ്ണം പുതുതായി അനുവദിച്ചതാണ്. എന്നാല്‍ കോഴിക്കോടിനും താമരശ്ശേരിക്കുമിടയില്‍ പത്ത് വര്‍ഷത്തിനിടെ മൂന്ന് സ്റ്റോപ്പുകളാണനുവദിച്ചത്. താമരശ്ശേരി മുതല്‍ കല്‍പ്പറ്റ വരെയുള്ള 47 കിലോമീറ്ററില്‍ ആദ്യകാലത്ത് കേവലം അഞ്ച് സ്റ്റോപ്പുകളാണുണ്ടായിരുന്നത്. അതിപ്പോള്‍ പത്ത് വര്‍ഷം കൊണ്ട് 17 സ്റ്റോപ്പുകളായി.
സ്റ്റോപ്പുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കയറാനും ഇറങ്ങാനുമുള്ളത് സി എം മഖാമിന്റെ മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള പടനിലം ജംഗ്ഷനിലാണ്. 44 സ്റ്റോപ്പുകളില്‍ പ്രധാന്യമുള്ള പടനിലം സ്റ്റോപ്പ് റദ്ദാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
2004ല്‍ ടി ടി ബസുകള്‍ ആരംഭിച്ചപ്പോള്‍ മാനന്തവാടി, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി – കോഴിക്കോട് റൂട്ടുകളില്‍ ധാരാളം ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസ് സര്‍വീസുകളുണ്ടായിരുന്നു. ഘട്ടം ഘട്ടമായി അവയെല്ലാം റദ്ദാക്കി ടി ടി ബസുകള്‍ വര്‍ധിപ്പിച്ചതോടെയാണ് ടി ടി സ്റ്റോപ്പുകള്‍ വേണമെന്നാവശ്യം ശക്തമായത്. സ്റ്റോപ്പ് റദ്ദാക്കിയ നടപടിക്കെതിരെ ഇന്ന് പടനിലത്ത് ജനകീയ കണ്‍വെന്‍ഷന്‍ ചേരും.