Connect with us

Gulf

ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളികളടക്കം മൂന്ന് മരണം

Published

|

Last Updated

സലാല: ഒമാനിലെ താഖയില്‍ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് മരണം. താഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലക്കാട് നെന്മാറ സ്വദേശിനി സരസ്വതി (34), വാഹനം ഓടിച്ചിരുന്ന മലപ്പുറം സ്വദേശി ഉണ്ണി (52) എന്നിവരാണ് മരിച്ചത്. ഒമാന്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മലയാളി നഴ്‌സുമാരായ ഹരിപ്പാട് സ്വദേശിനി ധന്യ (26), മാലിനി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. സ്ഥിരമായി ഉണ്ണിയുടെ കാറിലാണ് നഴ്‌സുമാര്‍ ആശുപത്രിയിലേക്ക് പോയിരുന്നത്. എതിര്‍ ദിശയില്‍ അമിത വേഗതയില്‍ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ വാഹനത്തിലുണ്ടായിരുന്ന സ്വദേശി യുവാവിന് നിസ്സാര പരുക്കേറ്റിട്ടുണ്ട്.
മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ പ്രവാസിയായിരുന്ന ഉണ്ണി, കുടുംബത്തോടൊപ്പം താഖയിലാണ് താമസം. താഖയില്‍ സ്‌പെയര്‍പാട്‌സ് കട നടത്തിവരികയായിരുന്നു. ഭാര്യ: അമ്മിണി. മക്കള്‍: നിഖില്‍, അഖില്‍.
മാതാവിനും മകള്‍ മനീഷക്കുമൊപ്പം സലാലയില്‍ താമസിക്കുന്ന സരസ്വതി 2011 മുതല്‍ ഇവിടെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. സലാലയിലെ ഇന്ത്യന്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മകള്‍.
ഭര്‍ത്താവ് സുരേഷ് അടുത്തിടെ നാട്ടില്‍ പോയതായിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ലക്ഷ്മി സഹോദരിയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഇരുവരുടെയും ബന്ധുക്കള്‍ അറിയിച്ചു.