കുത്തകവിരുദ്ധ നിയമം പാസാക്കി; ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്തു

Posted on: December 1, 2014 12:05 am | Last updated: December 1, 2014 at 12:05 am

മസ്‌കത്ത്: ഏറെ ചര്‍ച്ചകള്‍ക്കിടവരുത്തിയ കുത്തകവിരുദ്ധ നിയമവും ഉപഭോക്തൃ സംരക്ഷണ നിയമവും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പാസാക്കി. വിലക്കയറ്റം തടയാനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കാനും സഹായകമാകുന്ന പുതിയ നിയമം പ്രവാസികള്‍ക്കടക്കമുള്ള രാജ്യത്തെ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. 2014ലെ 66, 67,68 ഉത്തരവുകളാണ് സുല്‍ത്താന്‍ പ്രഖ്യാപിച്ചത്.
മജ്‌ലിസ് ശൂറയിലെയും സ്‌റ്റേറ്റ് കൗണ്‍സിലിലെയും ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമം സുല്‍ത്താന്റെ പരിഗണനക്ക് വിട്ടത്. കുത്തകവിരുദ്ധ നിയമവും ഉപഭോക്തൃ സംരക്ഷണ നിയമവും ഒരേസമയം പാസാക്കിയതും ജനങ്ങള്‍ക്ക് ആശ്വാസകരമാകും. പുതിയ നിയമ പരിഷ്‌കരണം വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് സൂചന. രണ്ട് മാസം നീണ്ട ചര്‍ച്ചക്കൊടുവില്‍ ജൂണ്‍ അവസാനത്തിലാണ് മജ്‌ലിസ് ശൂറയും സ്‌റ്റേറ്റ് കൗണ്‍സിലും ഉപഭോക്തൃസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. വിപണിയില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളിലും സേവനങ്ങളിലും സംതൃപ്തരല്ലെന്ന് ചൂണ്ടിക്കാണിച്ച് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തെ ഉപഭോക്താക്കള്‍ നിരന്തരമായി സമീപിക്കുകയും സോഷ്യല്‍ മീഡിയകളിലും മറ്റും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് നിയമം പരിഷ്‌കരിക്കണമെന്നാവശ്യം മജ്‌ലിസ് ശൂറയിലും പിന്നീട് സ്‌റ്റേറ്റ് കൗണ്‍സിലിലും ചര്‍ച്ചയായത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നായിരുന്നു മജ്‌ലിസ് ശൂറയുടെ ആവശ്യം.
ഇതിന് പിന്നാലെ വിപണിയിലെ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യത്തില്‍ മജ്‌ലിസ് ശൂറ നിയമിച്ച അന്വേഷണ സമിതിയുടെ ആവശ്യപ്രകരം കുത്തകവിരുദ്ധ നിയമം പാസാക്കുകയായിരുന്നു. റമസാന്‍ അടക്കമുള്ള തിരക്കേറിയ സമയങ്ങളില്‍ വിപണിയിലുണ്ടാകുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനും ജനങ്ങള്‍ക്ക് മേല്‍ കുത്തക കമ്പനികള്‍ വില അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കാനുമാണ് കുത്തകവിരുദ്ധ നിയമം പാസാക്കാന്‍ തീരുമാനിച്ചത്.
ജുലൈ മൂന്നിനായിരുന്നു ഈ നിയമം മജ്‌ലിസ് ശൂറ അംഗീകരിച്ചത്. വിപണിയില്‍ ആരോഗ്യകരമായ മത്സരങ്ങള്‍ സൃഷ്ടിച്ച് കുത്തക പ്രവണത ഇല്ലാതാക്കുകയെന്നതാണ് മജ്‌ലിസ് ശൂറയുടെ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി കൊണ്ടുവന്ന കരടിന്റെ പ്രധാന ലക്ഷ്യം. കമ്മിറ്റി അവതരിപ്പിച്ച കരടില്‍ അനിവാര്യമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും നടത്തിയാണ് മജ്‌ലിസ് ശൂറയും സ്‌റ്റേറ്റ് കൗണ്‍സിലും നിയമം പാസാക്കിയത്.
വിപണിയിലെ സ്വതന്ത്രവും ആരോഗ്യകരവുമായ മത്സരങ്ങള്‍ക്ക് വിഘാതമാകുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും തടയുന്ന നിയമ വ്യവസ്ഥകളും കൊണ്ടുവരും. കുത്തക പ്രവണതയുള്ള എല്ലാ സാമ്പത്തികവും വാണിജ്യപരവുമായ ഇടപെടല്‍ അവസാനിപ്പിക്കും. വിപണിയുമായി ബന്ധപ്പെടുന്ന രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികള്‍ക്ക് പുതിയ നിയമം ബാധകമാകും. രണ്ട് നിയമങ്ങളും സുല്‍ത്താന്‍ പാസാക്കിയ സാഹചര്യത്തില്‍ രാജ്യത്ത് സജീവമായ ചെറുതും വലുതുമായ കുത്തക ശക്തികളെ ഒഴിവാക്കി സ്വതന്ത്ര വിപണി സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പി എ സി പിയും വാണിജ്യ വ്യാപാര മന്ത്രാലയവും നടപ്പാക്കും. ഇത് വാണിജ്യ രംഗത്തെ വികസനത്തിനും ചെറുകിട കമ്പനികളുടെ വരവിനും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഉപഭോക്തൃ സംരക്ഷണ നിയമം പാസാക്കുകയും വിപണിയിലെ മുഴുവന്‍ വസ്തുക്കളുടെയും വില നിയന്ത്രിക്കാനുള്ള അധികാരം ഉപഭോക്തൃ സംരക്ഷണ സമിതിക്ക് മേല്‍ നിക്ഷിപ്തമാകുകയും ചെയ്തതിന് പിന്നാലെയാണ് കുത്തകവിരുദ്ധ നിയമം പാസാകുന്നതെന്നത് ശ്രദ്ധേയമാണ്. കമ്പനികള്‍ക്ക് വില നിയന്ത്രിക്കാനുള്ള അധികാരം നല്‍കിയ മന്ത്രിസഭ തീരുമാനം സുല്‍ത്താന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു.
സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്ന സമയമായതിനാല്‍ വിഷയത്തില്‍ സജീവമായ ശ്രദ്ധ പുലര്‍ത്താന്‍ തന്നെയാണ് സംരക്ഷണ സമിതിയുടെ തീരുമാനം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും അന്യായമായ രീതിയിലുള്ള വില വര്‍ധന തടയാനും പരിശ്രമം ശക്തമാക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.