Connect with us

National

ബംഗ്ലാദേശിന് ഭൂമി പതിച്ചു നല്‍കുന്ന കരാറുമായി മുന്നോട്ടുപോകും: മോദി

Published

|

Last Updated

ഗുവാഹത്തി: ബംഗ്ലാദേശുമായുള്ള ഭൂമി പതിച്ചു നല്‍കല്‍ കരാറുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിന്റെ സുരക്ഷാ വിഷയം മുന്‍നിര്‍ത്തി, നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലക്കാണ് ഇതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അസമിന്റെ പ്രശ്‌നങ്ങള്‍ അറിയാം. സംസ്ഥാനത്തിന്റെ സുരക്ഷാ വിഷയങ്ങളില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ല. ഭൂമി പതിച്ചുനല്‍കുന്ന കരാറുമായി മുന്നോട്ടുപോകും. ബി ജെ പി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കരാറുമായി ബന്ധപ്പെട്ട അസമിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നു. രാജ്യത്തിന്റെയും അസമിന്റെയും ക്ഷേമം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് ഉറപ്പുനല്‍കുകയാണ്. ഹ്രസ്വകാലത്തേക്ക് ചെറിയ നഷ്ടമുണ്ടായാലും ദീര്‍ഘകാലത്തേക്ക് അസമിന് വലിയ നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുക. സംസ്ഥാനത്തെ നശിപ്പിക്കുന്ന ശക്തികളുടെ മുമ്പിലുള്ള എല്ലാ വഴികളും കൊട്ടിയടക്കുകയാണ്. അത്തരക്കാര്‍ക്ക് നിയമവിധേയമായി കടുത്ത ശിക്ഷ നല്‍കും. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനും ജോലി സാധ്യതകള്‍ക്കും വേണ്ട എല്ലാം ചെയ്യും. ദരിദ്രരെ മുഖ്യധാരയിലെത്തിക്കുന്നതിനാണ് ജന്‍ ധന്‍ യോജന പദ്ധതി. ഇതിന് മുമ്പ് ദരിദ്രര്‍ ബേങ്കിന്റെ പടി കയറിയിട്ടില്ലായിരുന്നു. പൊതുേമേഖലാ ബേങ്കുകളുടെ പ്രവര്‍ത്തനം വലിയ ബുദ്ധിമുട്ടിലാണ്. ഓരോ ആഴ്ചയും ഒരു കോടി അക്കൗണ്ടുകളാണ് തുറക്കുന്നത്. നേരത്തെ ഒരു വര്‍ഷം കൊണ്ടായിരുന്നു ഇത്രയും അക്കൗണ്ടുകള്‍ തുറന്നത്. മോദി പറഞ്ഞു.
വികസനം എന്ന വിഷയം മാത്രം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുകയും മറ്റ് പാര്‍ട്ടികളെക്കൂടി ഈ വിഷയം മുഖ്യമായി ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞ പാര്‍ട്ടി ബി ജെ പിയാണ്. വികസനം എന്ന ഒരേയൊരു ആശയമാണ് തങ്ങള്‍ക്കുള്ളത്. വികസനം ഏറ്റുപിടിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു പാര്‍ട്ടിക്കും ധൈര്യമില്ല. മഹാരാഷ്ട്ര, ഹരിയാന ഇപ്പോള്‍ ഝാര്‍ഖണ്ഡ് എല്ലായിടത്തും പാര്‍ട്ടികള്‍ സംസാരിക്കുന്നത് വികസനത്തെ കുറിച്ചാണ്. കുടുംബങ്ങളുടെ ആധിപത്യത്തിലുള്ളതടക്കം എല്ലാ പാര്‍ട്ടികളെയും ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ജാതീയത, വര്‍ഗീയവാദം, പ്രാദേശികവാദം എന്നിവയെ അടിസ്ഥാനപ്പെടുത്തി ബി ജെ പി രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും മോദി അവകാശപ്പെട്ടു. ആ വഴി തങ്ങള്‍ സ്വീകരിച്ചിട്ടില്ല. ദേശീയതയുടെ രാഷ്ട്രീയമാണ് ബി ജെ പിക്കുള്ളത്. എല്ലായിടത്തും എല്ലാവര്‍ക്കും വികസനമെന്ന കാഴ്ചപ്പാടാണ് തങ്ങള്‍ക്കെന്നും മോദി അവകാശപ്പെട്ടു.