Connect with us

National

മോദിക്ക് മുമ്പിലുള്ളത് വാജ്പയിയുടെ മാര്‍ഗം സ്വീകരിക്കല്‍: മുഫ്തി മുഹമ്മദ് സഈദ്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിലുള്ള ഏക വഴി അടല്‍ ബിഹാരി വാജ്പയിയുടെ മാര്‍ഗം സ്വീകരിക്കലാണെന്ന് പി ഡി പി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ മുഫ്തി മുഹമ്മദ് സഈദ്. കാശ്മീര്‍ തിരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ എന്‍ ഡി എ സര്‍ക്കാറിന്റെ വഴി സ്വീകരിക്കുകയല്ലാതെ മോദിക്ക് മുമ്പില്‍ മാര്‍ഗങ്ങളൊന്നുമില്ല. കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനുള്ള മറ്റ് ശ്രമങ്ങള്‍ അധരവ്യായാമമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ മുദ്രാവാക്യം ബാലിശമാണ്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. വോട്ടുകള്‍ ധ്രുവീകരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ബി ജെ പിയുടെ ധ്രുവീകരണ അജന്‍ഡ സംസ്ഥാനത്ത് വിലപ്പോകില്ല. അത്തരത്തിലുള്ള വിഭജനത്തിന് തങ്ങള്‍ അനുവദിക്കില്ലെന്നും മുഫ്തി പറഞ്ഞു. കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. സത്യപ്രതിജ്ഞ ചെയ്ത ഉടനെ മോദി ചില ചുവടുവെപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ അതുമായി അവര്‍ക്ക് മുന്നേറാനായില്ല. അദ്ദേഹത്തിന് വാജ്പയിയുടെ വഴിയില്‍ പോകാമായിരുന്നു. മോദി ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ മുഫ്തി, പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിന്, മുമ്പ് പി ഡി പി സര്‍ക്കാറെടുത്ത നടപടികള്‍ വാജ്പയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിന്റെ പിന്തുണയോടെയായിരുന്നുവെന്ന് മുഫ്തി പറഞ്ഞു.
തങ്ങള്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ പ്രശ്‌ന പരിഹാര നടപടികളുമായി മുന്നോട്ട്‌പോകും. നിങ്ങള്‍ യൂറോപ്പില്‍ യാത്ര ചെയ്തു നോക്കൂ. അതിര്‍ത്തി കടക്കുന്നത് അനുഭവപ്പെടുകയേ ഇല്ല. ഇവിടെയും തങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. മുമ്പത്തെ തിരഞ്ഞെടുപ്പുകളെ പോലെയല്ല പാര്‍ട്ടി ഇപ്രാവശ്യം വോട്ടെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കും സാമൂഹികോദ്ഗ്രഥനത്തിനുമാണ്. പൊതു സാമ്പത്തിക മാര്‍ക്കറ്റായി മേഖലയെ വളര്‍ത്തുമെന്നും പ്രകടനപത്രിക ചൂണ്ടിക്കാട്ടുന്നു.

Latest