അങ്ങനെയാണ് കുട്ടിയെ കീരി കടിച്ചത്

Posted on: December 1, 2014 5:21 am | Last updated: November 30, 2014 at 10:23 pm

brain.jpgതെറ്റായ വിവരങ്ങളുടെ ഒരു ശേഖരം നമ്മുടെ തലച്ചോറിലുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ആ വിവരങ്ങള്‍ ശരിയാണെന്ന ധാരണയിലാണ് നാം പലപ്പോഴും മറ്റുള്ളവരോട് പെരുമാറുന്നത്. പുറമെ നിന്ന് നാം ശേഖരിക്കുന്ന വിവരങ്ങള്‍ നമ്മുടെ മനസ്സില്‍ ചിത്രീകരണമുണ്ടാക്കുന്നു. അതിനെ മെന്റല്‍ മാപ്പ് എന്നു വിളിക്കാം. ഈ വിവരങ്ങള്‍ നമ്മിലേക്ക് വ്യത്യസ്ത അരിപ്പകള്‍(ഫില്‍ട്ടര്‍) ഉപയോഗിച്ച് ക്രമീകരിച്ചാണ് എത്തുന്നതെന്ന് നമുക്കറിയില്ല. വ്യക്തമായി പറഞ്ഞാല്‍ ഇന്ന് വിവരങ്ങള്‍ ലഭിക്കാന്‍ നിരവധി സൗകര്യങ്ങളുണ്ട്. പത്രങ്ങളേയും റേഡിയോകളേയും മാത്രം ആശ്രയിച്ചിരുന്ന കാലത്ത് നിന്ന് വാര്‍ത്ത സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി അതിവേഗം മുന്നിലെത്തുന്നു. ഈ വിവരങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോരുത്തരുടേയും മെന്റല്‍ മാപ്പ് (മനസ്സിന്റ ഭൂപടം)മാറ്റി വരക്കാന്‍ കഴിയുന്നതാണ്. ~
ഒരു വിവരം (വാര്‍ത്ത) നമ്മിലേക്കെത്തുന്നത് നാല് രീതികളിലൂടെയാണ്. അല്ലെങ്കില്‍ ലഭിച്ച വിവരത്തെ നാല് രീതിയില്‍ മറ്റുള്ളവരുലേക്ക് നാം കൈമാറുന്നുണ്ട്. ഉദാഹരണം: ഒരു കുട്ടിയെ കീരി കടിച്ചു. നാമത് വീഡിയോയില്‍ പകര്‍ത്തുന്നു. അല്ലെങ്കില്‍ അതിന് ദൃക്‌സാക്ഷിയാവുന്നു. ഇത് നമുക്കു ലഭിക്കുന്ന ശരിയായ വിവരമാണ്. ഇത് അപ്പടി മറ്റൊരാളോട് പറയുമ്പോള്‍ അയാള്‍ അതേ രീതിയില്‍ തന്നെ വിശ്വസിക്കുന്നു. ഈ വിവരത്തില്‍ പിഴവ് സംഭവിക്കുന്നില്ല. രണ്ടാമത്തെ രീതി എഡിറ്റിംഗ് ചെയ്ത് വിവരങ്ങള്‍ ലഭിക്കല്‍, കൈ മാറല്‍ ആണ്. ഒരു കുട്ടിയെ കീരി കടിച്ചു. നാമതിന് ദൃക്‌സാക്ഷിയല്ല. മറ്റൊരാള്‍ വിവരമെത്തിക്കുകയാണ്. അത് തന്നെ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് മറ്റു ചിലത് കൂട്ടിച്ചേര്‍ത്ത് വാര്‍ത്തയെ എഡിറ്റ് ചെയ്യുന്നു. കേള്‍ക്കുന്ന വ്യക്തിയുടെ മെന്റല്‍ മാപ്പ് തെറ്റായതാവുന്നു. ആ വ്യക്തി വീണ്ടും അതില്‍ എഡിറ്റിംഗ് നടത്തുന്നു. ഇത് മറ്റൊരാളിലേക്ക് കൈ മാറുന്നു. കേള്‍ക്കുന്ന വ്യക്തി വീണ്ടും അത് എഡിറ്റിംഗ് നടത്തി കൈ മാറ്റം ചെയ്യുന്നു. ഇത് തുടര്‍ന്നു പോകുമ്പോള്‍ നടന്ന സംഭവവുമായി ബന്ധപ്പെടാത്ത പുതിയൊരു വാര്‍ത്ത രൂപപ്പെടുന്നു. അങ്ങനെയായിരുന്നു സുലൈമാന്‍ നാല് കാക്കയെ തുപ്പിയ കഥയുണ്ടായത്. നാല് കാക്കയെ തുപ്പിയെന്ന് കേട്ട ജനം അന്വേഷണം തുടങ്ങി. അതാരാണ് പറഞ്ഞതെന്നായി. മറ്റാരുമല്ല, നാട്ടിലെ കാരണവര്‍ ഖാദര്‍ക്ക പറഞ്ഞതാണ്. ഖാദര്‍ക്കായോട് ചോദിച്ചപ്പോഴാണ് പറയുന്നത് നാല് കാക്കയെ സുലൈമാന്‍ തുപ്പി എന്ന് പറഞ്ഞിട്ടില്ല മൂന്നെണ്ണത്തിനെയാണ് തുപ്പിയത് എന്ന്. ജനം വിട്ടില്ല. അതാര് പറഞ്ഞു? അവരുടെ അയല്‍ വീട്ടിലെ പോക്കര്‍ക്കായില്‍ നിന്ന് ലഭിച്ചതാണ്. അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ അയാളൊന്നുരുണ്ടു. സുലൈമാന്‍ രണ്ട് കാക്കയെ തുപ്പി എന്നല്ല താന്‍ പറഞ്ഞത് ഒരു കാക്കയെയാണ് തുപ്പിയത് എന്നായി. എങ്കില്‍ അതാര് പറഞ്ഞുവെന്നറിയണം. നമ്മുടെ നാട്ടുകാരനായ പ്രതീപന്‍ പറഞ്ഞതാണത്രേ. പ്രതീപന്‍ പറയുന്നതങ്ങനെയല്ല. സുലൈമാന്‍ ഒരു കറുത്ത വസ്തു തുപ്പിയെന്നാണ് പറഞ്ഞത്. അവസാനം സുലൈമാനോട് തന്നെ വിവരം ചോദിക്കാന്‍ തീരുമാനിച്ചു. ഞാന്‍ കാക്കയെയും കറുത്തതിനെയും തുപ്പിയിട്ടില്ല. ഒന്നു കാര്‍ക്കിച്ചു തുപ്പിയതാണ്.!!
നാല് പേരിലൂടെ ഒരു വിവരം കൈമാറ്റം സംഭവിച്ചപ്പോള്‍ എഡിറ്റിംഗ് നടന്നത്. അവിടെ കൂട്ടിച്ചേര്‍ക്കലും വിട്ടുകളയലും സംഭവിച്ചു. ഇനിയൊന്നാലോചിക്കുക. ഒരു യഥാര്‍ഥ അന്വേഷണത്തിന് ആ ജനം മുതിര്‍ന്നിട്ടില്ലായിരുന്നെങ്കില്‍ സുലൈമാന്‍ എത്ര കാക്കയെ തുപ്പിയിട്ടുണ്ടാകും? മാത്രമോ സുലൈമാനെ നാം കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ രൂപവത്കരിച്ച മെന്റല്‍ മാപ്പിന് അനുസരിച്ചല്ലേ നാം അയാളോട് പെരുമാറുക?
മൂന്നാമത്തെ രീതി വളച്ചൊടിക്കലാണ്. തെറ്റായ സന്ദേശങ്ങള്‍ നല്‍കി വിവരങ്ങളെ വളച്ചൊടിക്കല്‍. ചില പരസ്യങ്ങളില്‍ കാണുന്നതും അതുതന്നെ. എല്ലാ രോഗത്തിനുമുള്ള ഒറ്റമൂലി. 30 ദിവസം കൊണ്ട് ഇംഗ്ലിഷ് സംസാരിക്കാം. നിമിഷങ്ങള്‍ക്കകം ഇംഗ്ലിഷ് രക്തത്തില്‍ ലയിപ്പിക്കാം തുടങ്ങിയവ ഉദാഹരങ്ങള്‍. സമ്പൂര്‍ണമായ ഇംഗ്ലിഷ് സംസാരം 30 ദിവസം കൊണ്ട് സാധ്യമാകില്ല. ഒരു തരം വളച്ചൊടിക്കല്‍ നടക്കുന്നു. വാര്‍ത്ത വിതരണത്തിലും മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇത്തരം താത്പര്യങ്ങള്‍ കാണാം.
നാലാമത്തെ രീതിയാണ് പൊതുവത്കരണം. ഒരു കാര്യത്തിന്റെ യാഥാര്‍ഥ്യത്തെ മറച്ചു വെച്ച് പൊതുവത്കരണം നടത്തല്‍. ടിപ്പര്‍ ലോറിയെ ഉദാഹരണം എടുക്കാം. ടിപ്പര്‍ ലോറിയെന്ന് കേള്‍ക്കുമ്പോള്‍ മരണവണ്ടിയെന്ന് പലരുടേയും മനസ്സില്‍ ഉണ്ടാകും. കാരണം രണ്ട് മൂന്ന് ദിവസം പത്രങ്ങളില്‍ തുടര്‍ച്ചയായി ടിപ്പര്‍ ലോറി അപകടത്തിന്റെ വാര്‍ത്തകള്‍ വരുന്നു. അത് ഒരാള്‍ വായിക്കുന്നു. അയാള്‍ ഒരു മെന്റല്‍ മാപ്പ് ഉണ്ടാക്കുന്നു. ടിപ്പര്‍ ലോറി മരണ വണ്ടി . ഇത് ഒരു പൊതുവത്കരണമാണ്. കാണം എല്ലാ ടിപ്പര്‍ ലോറിയും അപകടം ഉണ്ടാക്കിയിട്ടില്ലല്ലോ. ഒരു അധ്യാപകന്‍ തെറ്റ് ചെയ്താല്‍ നാം ഉപയോഗിക്കുന്ന പൊതുവവത്കരണ പ്രയോഗം ഉണ്ട്. അധ്യാപകരൊക്കെ അങ്ങനെയാണ്. ഈ ‘ഒക്കെ’ എന്ന പ്രയോഗം തെറ്റായ വിവരമല്ലേ.
ഇവിടെയാണ് വാര്‍ത്തകളുടെ നിജസ്ഥിതി അറിയാനും പ്രചരിപ്പിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സമൂഹ മനസ്സ് ഒരുങ്ങേണ്ടത്. കാരണം ഒരു വാര്‍ത്ത പ്രചരിക്കുമ്പോള്‍ ആ വാര്‍ത്ത തെറ്റാണെന്ന് പിന്നെ വരുമ്പോള്‍ ആദ്യം ശരിയാണെന്ന് ധരിച്ചവര്‍ ഇത് തെറ്റാണെന്ന കാര്യം അറിയാത്ത കാലത്തോളം അയാളുടെ മനസ്സിലും ആ തെറ്റായ വാര്‍ത്ത ശരിയാണെന്ന് നില്‍ക്കുകയും മറ്റുള്ളവരൊട് ആ വിവരത്തിനനുസരിച്ച് പെരുമാറുകയും ചെയ്യും.
ഒരു മരണ വാര്‍ത്ത ഉദാഹരണം. ഒരു വ്യക്തി മരിച്ച വാര്‍ത്ത പത്രത്തില്‍ വരുന്നു. പരിചയമുള്ള ഒരാള്‍ അത് വായിക്കുന്നു. പിറ്റെന്ന് പത്രത്തില്‍ തിരുത്ത്. ആളുമാറി വാര്‍ത്ത വന്നതാണ്. പക്ഷേ തലേന്ന് പത്രം വായിച്ച അയാള്‍ തിരുത്തിയ വാര്‍ത്ത വായിച്ചിട്ടില്ല. അയാള്‍ക്കത് ലഭിച്ചില്ല. എങ്കില്‍ ആ വ്യക്തിയുടെ പെരുമാറ്റവും സ്വഭാവവും നടക്കുക അദ്ദേഹം രൂപവത്കരിച്ച മെന്റല്‍ മാപ്പിനനുസരിച്ചല്ലേ. മരിച്ചെന്ന വാര്‍ത്ത വന്ന വ്യക്തിയുടെ മക്കളെ കാണുമ്പോള്‍ ഇദ്ദേഹത്തിന്റെ മനസ്സിലുണ്ടാവുന്ന ഫീലിംഗ് മറ്റൊന്നായിരിക്കും .
ഈ അടുത്ത കാലത്ത് വ്യാജ സന്ദേശങ്ങള്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നു. മയ്യിത്തിനെ പാമ്പ് ചുറ്റിയതും കുട്ടിയെ കീരി കടിച്ചതും പള്ളി മിനാരം ഉയര്‍ന്ന് പൊങ്ങുന്നതും തുടങ്ങി നിരവധി വാര്‍ത്തകള്‍. ഇതില്‍ മത കാര്യങ്ങള്‍ കൂടി കൂട്ടിക്കലര്‍ത്തി മതത്തെ പ്പോലും നിന്ദ്യമാക്കുന്ന രീതിയിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കാലം ടെക്‌നോളജിയുടേതാണെന്നോര്‍ക്കുക. മോര്‍ഫിംഗിനും എഡിറ്റിംഗിനും ഡബ്ബിംഗിനും സൗകര്യങ്ങളുണ്ട്. വാര്‍ത്തകളും സന്ദേശങ്ങളും മുഴുവന്‍ ശരിയെന്നു കരുതി ഷെയര്‍ ചെയ്യുന്ന നമ്മള്‍ തന്നെ വിഡ്ഢികള്‍. കാരണം നാം ഒരു തെറ്റായ വിവരം നമ്മുടെ തലച്ചോറില്‍ ശേഖരിച്ചുവെക്കുന്നു. അത് മറ്റുള്ളവര്‍ക്ക് കൈ മാറുകയും ചെയ്യുന്നു.
അഞ്ജാതന്‍ പടച്ചുണ്ടാക്കുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന, അതിന് കമന്റ് നല്‍കുന്ന രീതി വളര്‍ന്ന് വന്നാല്‍ വ്യാജ സന്ദേശങ്ങള്‍ക്ക് പ്രോല്‍സാഹനം ലഭിക്കുന്നു. വീണ്ടും അത് നിര്‍വഹിക്കാന്‍ പ്രചോദനവും ഉണ്ടാകുന്നു. വര്‍ഗീയത ഉണ്ടാക്കാന്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നവരുമുണ്ട്. തട്ടമിട്ട പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗപ്പെടുത്തി ഒളിച്ചോട്ടം നടത്തിയെന്ന് സന്ദേശം നല്‍കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് നം അന്വേഷണം നടത്താറില്ല. ഒളിച്ചോട്ട സംഭവം ഉണ്ടായി എന്നു പറയുന്നുവെന്നല്ലാതെ കൃത്യമായ മേല്‍ വിലാസങ്ങളില്ല. സ്ഥലം കൃത്യം തന്നെ ആണെങ്കിലും അവിടെ അന്വേഷിച്ചാല്‍ അത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ സമൂഹം പ്രയാസപ്പെടുന്നു. തട്ടമിട്ട പെണ്‍കുട്ടികളെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവരെല്ലാം മുസ്‌ലിം ആകണമെന്നില്ല. ആ ഫോട്ടോക്ക് ശബ്ദം നല്‍കാന്‍ ഏത് അജ്ഞാതനും കഴിയും. സന്ദേശങ്ങള്‍ സമൂഹത്തിന് ഗുണമുള്ളതാവട്ടെ . മസ്തിഷ്‌കത്തിന് ചിന്താ വൈകല്യം ഉണ്ടാക്കുന്ന നെഗറ്റിവ് സജഷന്‍ നല്‍കുന്ന തെറ്റായ വാര്‍ത്തകളെ അവഗണിക്കുക. നല്ലതു തന്നെ ധാരളമുണ്ടല്ലോ.