Connect with us

Business

സൂചിക റെക്കോര്‍ഡ് പുതുക്കി; ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു

Published

|

Last Updated

ഓഹരി സൂചിക വീണ്ടും റെക്കോര്‍ഡ് പുതുക്കിയ ആവേശത്തിലാണ്. തുടര്‍ച്ചയായ അഞ്ചാം വാരമാണ് ഇന്ത്യന്‍ മാര്‍ക്കറ്റ് നേട്ടം നിലനിര്‍ത്തുന്നത്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞ വാരം 3,083 കോടി രൂപ നിക്ഷേപിച്ചു. വെള്ളിയാഴ്ച മാത്രം അവര്‍ 935 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. പ്രദേശിക ഓപ്പറേറ്റര്‍മാരും ഈ അവസരത്തില്‍ പുതിയ നിക്ഷേപത്തിനു മത്സരിച്ചു. ബി എസ് ഇ യുടെ വിപണി മൂല്യം ആദ്യമായി 100 ലക്ഷം കോടി രൂപ മറികടന്നു.
റിയാലിറ്റി, ടെക്‌നോളജി, ബേങ്കിംഗ്, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികള്‍ തിളങ്ങി. ബി എച്ച് ഇ എല്‍, ഹിന്‍ഡാല്‍ക്കോ, എം ആന്‍ഡ് എം, ടാറ്റാ സ്റ്റീല്‍, എസ് ബി ഐ, ഡോ. റെഡീസ്, ടാറ്റാ പവര്‍, ഇന്‍ഫോസീസ്, വിപ്രോ, കോള്‍ ഇന്ത്യന്‍ തുടങ്ങിയവയുടെ നിരക്ക് കയറി.
നിഫ്റ്റി സൂചിക 111 പോയിന്റെ് വര്‍ധിച്ചു. നിഫ്റ്റി വെളളിയാഴ്ച റെക്കോര്‍ഡായ 8,614 വരെ നീങ്ങിയ ശേഷം 8,588 ലാണ്. ഈ വാരം നിഫ്റ്റിക്ക് 8,659-8,731 ല്‍ പ്രതിരോധവും 8,473-8,359 ല്‍ താങ്ങും പ്രതീക്ഷിക്കാം.
ബോംബെ സൂചിക പോയ വാരം 359 പോയിന്റ് ഉയര്‍ന്നു. റെക്കോര്‍ഡായ 29,822 വരെ കയറിയ ശേഷം വെള്ളിയാഴ്ച 28,693 ല്‍ ക്ലോസിംഗ് നടന്നു.
നിക്ഷേപ മേഖല ആര്‍ ബി ഐ യുടെ പ്രഖ്യാപനങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന റിസര്‍വ് ബേങ്ക് വായ്പ അവലോകനത്തില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഭേദഗതികള്‍ വരുത്തുമെന്ന് കണക്ക് കൂട്ടുന്നവര്‍ രംഗത്തുണ്ട്. അതേ സമയം പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിര്‍ത്താനാണ് സാധ്യത.
ചൈനീസ് കേന്ദ്ര ബേങ്കായ പീപിള്‍ ബേങ്ക് കഴിഞ്ഞ വാരം പലിശ നിരക്ക് കുറച്ചത് ഷാങ്ഹായ് ഓഹരി സൂചികയെ എട്ട് ശതമാനം ഉയര്‍ത്തി.
സൂചികയുടെ കുതിപ്പിനിടയില്‍ മുന്‍ നിരയിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 47,365 കോടി രൂപയുടെ വര്‍ധന. എസ് ബി ഐ, ഇന്‍ഫോസീസ്, എച്ച് ഡി എഫ് സി, കോള്‍ ഇന്ത്യ, ഐ സി ഐ സി ഐ ബേങ്ക്, എച്ച് ഡി എഫ് സി ബേങ്ക് എന്നിവക്ക് നേട്ടം.
ഒപെക്കിന്റെ നീക്കങ്ങള്‍ ആഗോള ഓഹരി വിപണികള്‍ േനട്ടമാക്കി. എണ്ണ ഉല്‍പാദനത്തില്‍ തല്‍ക്കാലം കുറക്കില്ലെന്ന അവരുടെ നിലപാടിനിടയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിലേക്ക് ഇടിഞ്ഞു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലാണ്. യൂറോപ്യന്‍ മാര്‍ക്കറ്റുകളും മികവിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക വീണ്ടും റെക്കോര്‍ഡ് ഭേദിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,168 ഡോളറിലേക്ക് ഇടിഞ്ഞു.

Latest