ഇന്ധന വില വീണ്ടും കുറഞ്ഞു

Posted on: November 30, 2014 5:52 pm | Last updated: December 1, 2014 at 12:22 am

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില നേരിയ തോതില്‍ കുറച്ചു. പെട്രോള്‍ വിലയില്‍ 91 പൈസയും ഡീസല്‍ വിലയില്‍ 84 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇത് ഏഴാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡീസല്‍ വിലയില്‍ കുറവുണ്ടാകുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കാരണം.
കഴിഞ്ഞ മാസം ആദ്യം പെട്രോളിന് 2.41 രൂപയും ഡീസലിന് 2.25 രൂപയും കുറച്ചിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വിലയില്‍ തുടര്‍ച്ചയായി ഇടിവുണ്ടാകുന്ന സാഹചര്യമാണുള്ളത്. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നതും ഇന്ധന വില കുറയ്ക്കുന്നതിന് കാരണമായി. ഈ വര്‍ഷം ആഗസ്റ്റിന് ശേഷം തുടര്‍ച്ചയായി ഏഴാം തവണയാണ് പെട്രോള്‍ വില കുറയുന്നത്. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം മൂന്നാം തവണയാണ് ഡീസലിന് വില കുറയുന്നത്. ഒക്‌ടോബര്‍ 19ന് ഡീസലിന് 3.37 രൂപ കുറച്ചിരുന്നു.
എണ്ണ വില കുറയുന്ന സാഹചര്യത്തില്‍ ഉത്പാദനം കുറയ്‌ക്കേണ്ടെന്ന് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെ എണ്ണ വില ബാരലിന് എഴുപത്തഞ്ച് ഡോളറിനും താഴെയായിട്ടുണ്ട്.