ഗതാഗത നിയന്ത്രണ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കണം

Posted on: November 30, 2014 11:27 am | Last updated: November 30, 2014 at 11:27 am

പാലക്കാട്: പട്ടണ പ്രദേശങ്ങളിലെ ഗതാഗത നിയന്ത്രണത്തിന് ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പോലീസും മോട്ടോര്‍ വാഹന വകുപ്പും പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ നടത്തരുതെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു.
പാലക്കാട് നഗരസഭയില്‍ റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് മുമ്പ് ഉദേ്യാഗസ്ഥര്‍ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത് ഗൗരവമായി കാണണം. വടക്കഞ്ചേരിയില്‍ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായ ഗതാഗത പരിഷ്‌ക്കാരങ്ങളാണ് ഏര്‍പ്പെടുത്തിയതെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുളള കുടിശിക ഒരാഴ്ചക്കകം കൊടുത്തു തീര്‍ക്കുമെന്ന് സപ്ലൈകോ റീജണല്‍ മാനേജര്‍ യോഗത്തില്‍ അറിയിച്ചു. 15 കോടി രൂപയാണ് കുടിശികയുളളത്. 81,972 മെട്രിക് ടണ്‍ നെല്‍ സംഭരിച്ചു. സംഭരണ വില 155 കോടി രൂപയാണ്. ഇതില്‍ 140 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുത്തു. പട്ടികജാതി-പട്ടികവര്‍ഗ മേഖലയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഉത്സവകാലത്ത് ജില്ലയില്‍ ആന എഴുന്നെളളിപ്പ്, കാളപൂട്ട് മത്സരങ്ങള്‍ എന്നിവയില്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അട്ടപ്പാടിയില്‍ കാര്‍ഷിക മേഖലയുടെ വികസനത്തിന് ഭവാനിപ്പുഴയില്‍ നിന്ന് ജലം ലഭ്യമാക്കി ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തുടര്‍ച്ചയായി വികസന സമിതി യോഗത്തില്‍ സംബന്ധിക്കാത്ത അട്ടപ്പാടി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ക്കെതിരെ ഗവണ്‍മെന്റില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എം എല്‍ എ മാരായ എ കെ ബാലന്‍, കെ അച്ചുതന്‍, ഷാഫി പറമ്പില്‍, സി പി മുഹമ്മദ്, അഡ്വ. എന്‍ ഷംസുദ്ദീന്‍, വി ടി ബല്‍റാം, വി ചെന്താമരാക്ഷന്‍, കെ വി വിജയദാസ്, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ് എന്നിവര്‍ വികസന സമിതി യോഗത്തില്‍ സംബന്ധിച്ചു.