അതിര്‍ത്തി കാക്കും സൈന്യത്തിന് ഇവരുടെ കൈത്താങ്ങ്

Posted on: November 30, 2014 11:05 am | Last updated: November 30, 2014 at 11:05 am

തിരൂര്‍: അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ പട്ടാളത്തിന് പിന്തുണ നല്‍കാനും അപകടത്തില്‍ കൈകള്‍ നഷ്ടമായവര്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൈത്താങ്ങ് നല്‍കാനും കൃത്രിമ ഇലക്‌ട്രോ കൈ നിര്‍മിച്ചാണ് തിരുവനന്തപുരം തേമ്പാമൂട് ജനത എച്ച് എസ് എസിലെ വിദ്യാര്‍ഥികളായ അജയ് ശങ്കറും വിഷ്ണു വിജയനും സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കൈയടി നേടിയത്.
ജപ്പാന്‍, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ 20 ലക്ഷം രൂപ വരെ ചെലവ് വരുന്ന ഇലക്ട്രിക് കൈ വെറും 850 രൂപ ചെലവിലാണിവര്‍ വികസിപ്പിച്ചെടുത്തത്. പ്രൊഫഷണലായി ഇവ ഉപയോഗപ്പെടുത്താന്‍ 5000 രൂപയോളമേ വില വരൂ. സ്വന്തമായി സെന്‍സ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ഇലക്ട്രോണിക് കൈ റോഡിയോ വേവ്‌സ് ഉപയോഗിച്ച് സാറ്റലൈറ്റ് മോഡലിലാണ് നിര്‍മിച്ചിരിക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് നാനോ സെക്കന്‍ഡ് വേഗതയില്‍ ഇതിലെ വിരലുകളെ വരെ പ്രവര്‍ത്തിപ്പിക്കാനാവും. ഇരുട്ടുളള പ്രദേശങ്ങളില്‍ ഓട്ടോമാറ്റിക്കായി പ്രകാശിക്കുന്ന ലൈറ്റ് മുതല്‍ മൊബൈല്‍ ചാര്‍ജ്ജര്‍ വരെ ഈ കൃത്രിമ കൈയിലുണ്ട്. കൂടാതെ 24 വോള്‍ട്ട് എര്‍ത്ത് പ്രസരിപ്പിച്ച് ഉപദ്രവിക്കുന്നവരെ പ്രതിരോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. രണ്ടര കിലോവരെയുളള ഭാരവും നിലവില്‍ ഈ കൈകള്‍ കൊണ്ട് ഉയര്‍ത്താനാവും. വിദേശ രാജ്യങ്ങളില്‍ സ്‌പൈനല്‍ കോഡ് വഴി ബന്ധപ്പെടുത്തുന്ന ഇത്തരം ഇലക്ട്രിക് കൈ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സെന്‍സര്‍ വഴി ഉപയോഗിക്കുന്ന ഈ സംവിധാനമായിരിക്കും കൂടുതല്‍ പ്രയോജന പ്രദമാകുക എന്നിവര്‍ പറയുന്നു.