പക്ഷിപ്പനി: ദേശാടനക്കിളികളെ നിരീക്ഷിക്കും

Posted on: November 30, 2014 10:59 am | Last updated: November 30, 2014 at 10:59 am

മലപ്പുറം: സംസ്ഥാനത്ത് ചില ജില്ലകളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത തുടരും. ദേശാടനക്കിളികള്‍ ധാരാളമെത്തുന്ന കടലുണ്ടി നഗരം, തിരുനാവായ, മാറഞ്ചേരി എന്നിവിടങ്ങളില്‍ നിരീക്ഷണം ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഹനീഫ പുതുപറമ്പാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോഴികളെയും മറ്റ് പക്ഷികളെയും പരിശോധനക്ക് വിധേയമാക്കുകയും പൗള്‍ട്രി ഫാമുകള്‍ നീരീക്ഷിക്കുകയും ചെയ്യും. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദിവസേന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നും ഡി എം ഒ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. നിലവില്‍ ജില്ലയില്‍ നിന്നും കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.