ഗ്രേസ് മാര്‍ക്കില്ല; വി എച്ച് എസ് ഇ വിഭാഗക്കാരെന്താ വിദ്യാര്‍ഥികളല്ലേ?

Posted on: November 30, 2014 4:29 am | Last updated: November 29, 2014 at 11:30 pm

shasthrolsaveതിരൂര്‍: വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളോട് ശാസ്‌ത്രോത്സവത്തിലും വിദ്യാഭ്യാസ വകുപ്പിന് അവഗണന. ശാസ്‌ത്രോത്സവത്തില്‍ മറ്റുള്ളവരേക്കാള്‍ മികച്ച ഇനങ്ങള്‍ അവതരിപ്പിച്ചാലും ഇവര്‍ക്ക് ഗ്രേസ്മാര്‍ക്കോ അംഗീകാരമോ ലഭിക്കില്ല. യു പി, ഹൈസ്‌ക്കൂള്‍ , ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡുകള്‍ വാരിക്കോരി നല്‍കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് ഇവരെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചാലും ഇവരുടെ മുഖത്ത് സന്തോഷമുണ്ടാകാറില്ല. മറ്റുള്ളവര്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചതിന്റെ ആഹ്ലാദവുമായി മടങ്ങുമ്പോള്‍ നിരാശരായിട്ടാണ് വി എച്ച് എസ് ഇ വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകുന്നത്. വിദ്യാര്‍ഥികള്‍ക്ക് പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി വിദ്യാഭ്യാസ വകുപ്പ് ഇവരുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. തൊഴിലധിഷ്ഠിത കോഴ്‌സ് പഠിക്കുന്ന ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവഗണന മാത്രമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്നതെന്ന് വി എച്ച് എസ് ഇ അധ്യാപകനായ സിദ്ദീഖുല്‍ കബീര്‍ പറഞ്ഞു. മറ്റുള്ളവരുടേത് പോലെ മികച്ച പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രമേളയില്‍ ഇവര്‍ അവതരിപ്പിക്കുന്നത്.
ഇന്നലെ നടന്ന വി എച്ച് എസ് ഇ വിഭാഗത്തിന്റെ എക്‌സ്‌പോയില്‍ ആയിരക്കണക്കിന് പേരെയാണ് ഇവരുടെ സ്റ്റാളുകള്‍ ആകര്‍ഷിച്ചത്. ഇത്തരത്തില്‍ മറ്റുവിഷയങ്ങളിലും വിദ്യാഭ്യാസ വകുപ്പ് ഇവരോട് അയിത്തംകല്‍പ്പിച്ചിരിക്കുകയാണ്.
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് സമയം അഞ്ച് ദിവസമായി കുറച്ചപ്പോള്‍ ഇവര്‍ക്ക് സ്‌പെഷ്യല്‍ സബ്ജക്ടിന് പുറമെ മറ്റ് ഓപ്ഷനല്‍ വിഷയങ്ങളും പഠിക്കേണ്ടി വരുന്നുണ്ട്.കൂടാതെ താങ്ങാവുന്നതിലധികം അസൈന്‍മെന്റുകളും ശനിയാഴ്ചകളില്‍ ക്ലാസില്‍ പോകേണ്ട സ്ഥിതിയുമുണ്ട്. തങ്ങളോട് കാണിക്കുന്ന വിവേചം അവസാനിപ്പിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ കണ്ണ് തുറന്നിട്ടില്ല.