വൊക്കേഷനല്‍ എക്‌സ്‌പോയില്‍ പ്രതിഭകളെ റാഞ്ചാന്‍ കമ്പനികളുടെ വന്‍തിരക്ക്

Posted on: November 30, 2014 4:28 am | Last updated: November 29, 2014 at 11:29 pm

തിരൂര്‍: ഭാവി ശാസ്ത്രജ്ഞരുടെയും നൂതന കണ്ടുപിടുത്തങ്ങളുടെയും ശേഖരമായിരുന്നു വൊക്കേഷനല്‍ വിഭാഗം കരിയര്‍ എക്‌സ്‌പോ. വൊക്കേഷനല്‍ എക്‌സ്‌പോയില്‍ മികവ് തെളിയിക്കുന്ന പ്രതിഭകളെ തട്ടിയെടുക്കാനായി വന്‍കിട കമ്പനികളുടെ തിരക്കും മേളയില്‍ ശ്രദ്ധേയമായി.
കമ്പനി പ്രതിനിധികള്‍ ഓരോ സ്റ്റാളുകളിലും എത്തി മികവുള്ള പ്രതിഭകളെ കണ്ടെത്തി നേരിട്ട് ഇന്റര്‍വ്യൂ നടത്തിയും അഡ്രസുകള്‍ ശേഖരിച്ചുമാണ് കുട്ടിശാസ്ത്രജ്ഞര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിച്ചത്.
89 സ്റ്റാളുകളിലായാണ് കരിയര്‍ ഫെസ്റ്റ് ഒരിക്കിയത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്ക്, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലൊരുക്കിയത്.
പാരമ്പര്യ വസ്ത്ര നിര്‍മാണം, ടൂവിലര്‍ ഫ്രീ സര്‍വീസ്, കമ്പ്യൂട്ടര്‍ ജാതകം, മൈലേജ് സൈക്കിള്‍, മള്‍ട്ടി സൈക്കിള്‍, ആളില്ലാത്ത ലെവല്‍ ക്രോസ് തുടങ്ങിയ കണ്ടുപിടുത്തങ്ങളും പ്രദര്‍ശനത്തെ വ്യത്യസ്ത്തമാക്കി. 1500ല്‍ പരം തൊഴിലന്വേഷകരും ഇരുപതിലധികം തൊഴില്‍ ദാതാക്കളും മേളയില്‍ എത്തിയിരുന്നു. വിവിധ മേഖലയിലുള്ള തൊഴില്‍ ദാതാക്കളും കമ്പനികളും നേരിട്ടെത്തി മികവ് തെളിയിക്കുന്നവരെ കണ്ടെത്തിയിരുന്നു.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഏറെ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു എക്‌സ്‌പോ.